'പൊളിറ്റിക്കല്‍ അവാര്‍ഡ്'; എന്തുകൊണ്ട് മെസിയെയും റൊണാള്‍ഡോയെയും പോലെ ബാലണ്‍ ഡി ഓര്‍ ലഭിച്ചില്ല; തുറന്നടിച്ച് സ്ലാട്ടണ്‍
Sports News
'പൊളിറ്റിക്കല്‍ അവാര്‍ഡ്'; എന്തുകൊണ്ട് മെസിയെയും റൊണാള്‍ഡോയെയും പോലെ ബാലണ്‍ ഡി ഓര്‍ ലഭിച്ചില്ല; തുറന്നടിച്ച് സ്ലാട്ടണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th October 2024, 6:15 pm

ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളില്‍ ഒരാളാണ് എ.സി മിലാന്‍ ഇതിഹാസ താരം സ്ലാട്ടണ്‍ ഇബ്രാഹമോവിച്ച്. ഇന്റര്‍ മിലാനും എ.സി മിലാനുമൊപ്പം അഞ്ച് വിവിധ സീസണുകളില്‍ ഇറ്റാലിയന്‍ ചാമ്പ്യനായ താരം ബാഴ്‌സലോണക്കൊപ്പം ഒരു തവണ ലാ ലിഗ കിരീടവും ക്ലബ്ബ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിരുന്നു.

നാല് തവണ പി.എസ്.ജി ജേഴ്‌സിയില്‍ ലീഗ് വണ്‍ കിരീടവും നേടിയ സ്ലാട്ടണ് തന്റെ കരിയറില്‍ ഒരിക്കല്‍പ്പോലും ചാമ്പ്യന്‍സ് ലീഗ് കിരീടമോ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമോ നേടാന്‍ സാധിച്ചിരുന്നില്ല.

തനിക്ക് എന്തുകൊണ്ട് ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധിച്ചിരുന്നില്ല എന്ന് ഇബ്രഹാമോവിച്ച് നേരത്തെ പറഞ്ഞിരുന്നു. ബാലണ്‍ ഡി ഓര്‍ എന്നത് കേവലം പൊളിറ്റിക്കല്‍ അവാര്‍ഡ് മാത്രമാണെന്നും ഇത് ലഭിച്ചതുകൊണ്ട് താന്‍ മികച്ചവനോ ലഭിക്കാതിരുന്നതുകൊണ്ട് മോശം താരമോ ആകുന്നില്ലെന്നുമായിരുന്നു ഇബ്ര പറഞ്ഞത്.

2022ല്‍ ബില്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് സ്വീഡിഷ് ലെജന്‍ഡ് തുറന്നടിച്ചത്.

‘ഇതെല്ലാം പൊളിറ്റിക്കല്‍ അവാര്‍ഡുകള്‍ മാത്രമാണ്. അവര്‍ക്ക് വേണ്ടത് മിസ്റ്റര്‍ പെര്‍ഫെക്ടായ ആളുകളെയാണ്. നിങ്ങള്‍ സംസാരിക്കുകയോ നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പറയുകയോ ചെയ്താല്‍ ഈ പുരസ്‌കാരങ്ങളൊന്നും ലഭിക്കില്ല.

മിസ്റ്റര്‍ പെര്‍ഫെക്ടായ ആളുകള്‍ക്ക് ഇത് കൊടുക്കാന്‍ വളരെ എളുപ്പമാണ്. ഇത് എന്നെ സംബന്ധിച്ച് ഒരു മാറ്റവും ഉണ്ടാക്കുന്നതല്ല. ഇത് (ബാലണ്‍ ഡി ഓര്‍) എന്നെ മികച്ച താരമോ മോശം താരമോ ആക്കി മാറ്റുന്നില്ല,’ ഇബ്രാഹമോവിച്ച് പറഞ്ഞു.

ബാലണ്‍ ഡി ഓറിലെ മികച്ച നേട്ടം

കരിയറില്‍ ഒരിക്കല്‍ പോലും ബാലണ്‍ ഡി ഓറിന്റെ ടോപ് ത്രീയിലെത്താന്‍ ഇബ്രാഹമോവിച്ചിന് സാധിച്ചിരുന്നില്ല. 2013ല്‍ നാലാം സ്ഥാനം നേടിയതായിരുന്നു ബാലണ്‍ ഡി ഓറിലെ താരത്തിന്റെ മികച്ച പ്രകടനം.

അന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. തന്റെ രണ്ടാം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമായിരുന്നു പോര്‍ച്ചുഗല്‍ ഇതിഹാസം കയ്യിലേറ്റുവാങ്ങിയത്. മെസിയും ഫ്രാങ്ക് റിബറിയുമായിരുന്നു രണ്ടും മൂന്നും സ്ഥാനക്കാര്‍.

27.99 ശതമാനം വോട്ടോടെയാണ് (7365 വോട്ടുകള്‍) റോണോ പുരസ്‌കാരം സ്വന്തമാക്കിയത്. മെസിക്ക് 24.72 ശതമാനം വോട്ടും (1205 വോട്ടുകള്‍) റിബറിക്ക് 23.36 ശതമാനം വോട്ടും (1127 വോട്ടുകള്‍) ലഭിച്ചപ്പോള്‍ നാലാമതുള്ള സ്ലാട്ടണ് 5.29 ശതമാനം വോട്ടാണ് (257 വോട്ടുകള്‍) ലഭിച്ചത്.

2013ല്‍ മറ്റൊരു പുരസ്‌കാരം

2013ല്‍ ബാലണ്‍ ഡി ഓര്‍ ലഭിച്ചില്ലെങ്കിലും ആ വര്‍ഷത്തെ പുസ്‌കാസ് അവാര്‍ഡ് ഇബ്രഹാമോവിച്ചിന് ലഭിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ നേടിയ അവിശ്വസനീയ ബൈസിക്കിള്‍ കിക്കാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 48.7 ശതമാനം ആളുകളും ഇബ്രക്ക് അനുകൂലമായാണ് ആ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.

ബെന്‍ഫിക്കയുടെ ക്രൊയേഷ്യന്‍ സൂപ്പര്‍ താരം നെമെഞ്ജ മാറ്റിച്ചിനെയും ജപ്പാനെതിരെ ബ്രസീല്‍ താരം നെയ്മര്‍ ജൂനിയര്‍ നേടിയ ഗോളിനെയും മറികടന്നാണ് താരം പുരസ്‌കാരം സ്വന്തമാക്കിയത്. 30.8 ശതമാനം വോട്ടുകള്‍ മാറ്റിച്ചിന് ലഭിച്ചപ്പോള്‍ 20.5 ശതമാനമാണ് നെയ്മറിന് ലഭിച്ചത്.

 

 

Content highlight:  Zlatan Ibrahimovic about not winning Ballon d’Or