അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ എം.എൽ.എസിലേക്കുള്ള വരവിനെ കുറിച്ച് രസകരമായ കാര്യങ്ങൾ പങ്കുവെച്ച് സ്വീഡിഷ് ഇതിഹാസം സ്ലാട്ടൺ ഇബ്രാഹിമോവിച്ച്.
മെസി ഇന്റർ മയാമിയിൽ ചേർന്നതോടെ അമേരിക്കയിലെ ഫുട്ബോൾ ആരാധകർ മേജർ ലീഗ് സോക്കർ കാണാൻ തിരികെയെത്തുമെന്നാണ് ഇബ്രാഹിമോവിച്ച് പറഞ്ഞത്.
ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ ജിയാൻലൂക്ക ഡി മാർസിയോ എം.എൽ.എസിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇബ്രയുടെ പ്രതികരണം.
‘മെസി ഇപ്പോൾ ഇവിടെയുണ്ട്, ആരാധകർക്ക് എം.എൽ.എസ് കാണാൻ തിരികെ പോകാം,’ അദ്ദേഹം പറഞ്ഞു.
സ്വീഡിഷ് ഇതിഹാസം 2018 മുതൽ 2020 വരെ എൽ.എ ഗാലക്സിക്ക് വേണ്ടി എം.എൽ.എസിൽ കളിച്ചിട്ടുണ്ട്. ഗാലക്സിക്കായി 58 മത്സരങ്ങളിൽ നിന്നും 53 ഗോളുകളും 15 അസിസ്റ്റുകളും ഇബ്രാഹിമോവിച്ച് നേടി.
ജനുവരിയിലെ സമ്മർ ട്രാൻസ്ഫറിലാണ് മെസി ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജർമെനിൽ നിന്നും ഇന്റർ മയാമിയിലേക്ക് ചേക്കേറിയത്. സൂപ്പർ താരത്തിന്റ വരവോടെ മികച്ച മുന്നേറ്റമാണ് മയാമി നടത്തിയത്. ഇതുവരെ ഇല്ലാതിരുന്ന കിരീടവും മെസിയുടെ കീഴിൽ മയാമി നേടി. നാഷ് വില്ലയെ വീഴ്ത്തിയായിരുന്നു മയാമി ലീഗ്‌സ് കപ്പ് നേടിയത്.
ഈ ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകൾ നേടികൊണ്ട് ടോപ് സ്‌കോറർ ആവാനും സൂപ്പർ താരത്തിന് സാധിച്ചു.
ഇന്റർ മയാമിക്ക് വേണ്ടി 13 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്.
Content Highlight: Zlatan Ibrahimović talks about the arriving of Lionel Messi in Major league soccer.