| Sunday, 6th October 2024, 6:07 pm

ഇതുപോലൊരു താരത്തെ ഇനി കാണുമോ എന്ന് സംശയമാണ്; മെസിയും റൊണാള്‍ഡോയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് സ്ലാട്ടന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മെസിയും റൊണാള്‍ഡോയും തമ്മിലുള്ള പ്രധാന വ്യത്യാസത്തെ കുറിച്ച് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹമോവിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും തങ്ങളുടെ റെഡ് ഹോട്ട് ഫോമില്‍ ലാ ലിഗയില്‍ തുടരുന്ന 2016ലാണ് ഇബ്രാഹമോവിച്ച് ഇരുവരും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയത്.

ഗിവ് മി സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് എ.സി മിലാന്‍ ലെജന്‍ഡ് ഇരുവര്‍ക്കുമിടയിലെ പ്രധാന വ്യത്യാസത്തെ കുറിച്ച് സംസാരിച്ചത്.

മെസിയുടേത് നാച്ചുറല്‍ ടാലന്റാണെന്നും റൊണാള്‍ഡോ അത് കഠിനമായ പരിശ്രമത്തിലൂടെ നേടിയെടുത്തതാണെന്നും പറഞ്ഞ സ്ലാട്ടന്‍, മെസിയെ പോലെ ഒരു താരത്തെ ഇനി കാണുമോ എന്നത് സംശയമാണെന്നും പറഞ്ഞു.

‘മെസിയെ പോലെ മറ്റൊരാള്‍ ഉണ്ടാകുമോ എന്നെനിക്ക് അറിയില്ല. കളിക്കളത്തിലെ അവന്റെ പ്രകടനങ്ങള്‍ കാണുമ്പോള്‍ ഇതുപോലെ ഒരു താരത്തെ ഇനി നമുക്ക് കാണാന്‍ കിട്ടുമോ എന്നെനിക്ക് തോന്നാറുണ്ട്.

ഇത് റൊണാള്‍ഡോയില്‍ നിന്നും വ്യത്യസ്തമാണ്, കാരണം കഠിനമായ പരിശ്രമത്തിന്റെ റിസള്‍ട്ടാണ് റൊണാള്‍ഡോ. അത് നാച്ചുറലല്ല,’ ഇബ്രഹാമോവിച്ച് പറഞ്ഞു.

ബാഴ്‌സലോണയിലായിരിക്കവെ മെസിയും സ്ലാട്ടനും ഒരുമിച്ച് കളത്തിലിറങ്ങിയിട്ടുണ്ട്.

തൊട്ടതെല്ലാം പൊന്നാക്കി മെസി

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട മെസി നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് പന്തുതട്ടുന്നത്. മയാമിയെ അവരുടെ ചരിത്രത്തിലെ രണ്ടാം കിരീടത്തിലേക്ക് നയിക്കാനും ഈ ചുരുങ്ങിയ കാലയളവില്‍ മെസിക്ക് സാധിച്ചു.

ഹെറോണ്‍സിനെ സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് ചൂടിച്ചാണ് മെസി ചരിത്രമെഴുതിയത്. താരത്തിന്റെ കരിയറിലെ 46ാം കിരീട നേട്ടമാണിത്.

കൊളംബസിനെ മൂന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ മയാമി കിരീടം ചൂടിയത്. മത്സരത്തില്‍ മെസി രണ്ട് ഗോള്‍ നേടി. സുവാരസാണ് മൂന്നാം ഗോള്‍ കണ്ടെത്തിയത്.

നേരത്തെ ലീഗ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് മെസിപ്പട കിരീടം നേടിയത്. ഗോള്‍ കീപ്പര്‍മാര്‍ അടക്കം 11 പേരും കിക്കെടുത്ത മത്സരത്തില്‍ ഗോള്‍ കീപ്പര്‍ ഡ്രേക് കലണ്ടറിന്റെ കരുത്തിലാണ് മയാമി കിരീടമണിഞ്ഞത്.

Content highlight: Zlatan Ibrahimović on Messi vs Ronaldo GOAT debate

We use cookies to give you the best possible experience. Learn more