| Monday, 5th June 2023, 8:41 am

വിട പറയാന്‍ സമയമായി, നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കാണാം; 41ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇബ്രഹാമോവിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

സിരി.എ സീസണില്‍ എ.സി. മിലാന്റെ അവസാന മത്സരത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് സ്ലാട്ടന്‍ ഇബ്രഹാമോവിച്ച്. 41ാം വയസിലാണ് ഇബ്രഹാമോവിച്ച് തന്റെ ഐതിഹാസിക കരിയറിന് വിരാമമിടുന്നത്.

‘ഇവിടെയെനിക്ക് ധാരാളം ഓര്‍മകളും വൈകാരിക മുഹൂര്‍ത്തങ്ങളുമുണ്ടായിട്ടുണ്ട്. ഞാന്‍ ആദ്യമായി ഇവിടെയെത്തിയപ്പോള്‍ നിങ്ങളെന്നെ സന്തോഷിപ്പിച്ചിരുന്നു. രണ്ടാം തവണ നിറഞ്ഞ സ്‌നേഹവും നിങ്ങള്‍ നല്‍കി. ഞാന്‍ എന്റെ ജീവിതത്തിലുടനീളം മിലാന്‍ ആരാധകനായിരിക്കും.

ഫുട്‌ബോളിനോട് വിടപറയാന്‍ സമയമായി. എന്നാല്‍ നിങ്ങളോട് വിട പറയുന്നില്ല. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ നമ്മള്‍ക്കിനിയും കാണാം. ഫോര്‍സാ മിലാന്‍ ആന്‍ഡ് ഗുഡ് ബൈ,’ സ്ലാട്ടന്‍ പറഞ്ഞു.

ആരാധകരും ഏറെ വൈകാരികമായാണ് സ്ലാട്ടന് വിട നല്‍കിയത്.

സീരി എയിലെ അവസാന മത്സരത്തില്‍ മിന്നും ജയത്തോടെയാണ് മിലാന്‍ തങ്ങളുടെ പ്രിയ താരത്തിന് വിട നല്‍കിയത്. വെറോണക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു മിലാന്റെ വിജയം. ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ ഒലിവര്‍ ജിറൂദിലൂടെ മുമ്പിലെത്തിയ മിലാന്‍ റാഫേല്‍ ലിയാവോയുടെ ഇരട്ട ഗോളില്‍ വിജയം പിടിച്ചടക്കി. ഡേവിഡ് ഫറാവോനിയാണ് വെറോണക്കായി ആശ്വാസ ഗോള്‍ നേടിയത്.

സ്വീഡന്റെ ദേശീയ താരമായിരുന്ന സ്ലാട്ടന്‍ ക്ലബ്ബ് ഫുട്‌ബോളിലൂടെയായിരുന്നു തന്നെ സ്വയം അടയാളപ്പെടുത്തിയത്. ഒരുകാലത്ത് സ്ലാട്ടന്‍ ഇബ്രഹാമോവിച്ച് എന്ന് പേര് തന്നെ എതിരാളികളുടെ ഗോള്‍വലയില്‍ ഗോള്‍ നിറയാന്‍ ധാരാളമായിരുന്നു.

യൂറോപ്പിലെ നാല് വിവിധ ലീഗുകളില്‍ കളിച്ച് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാന്‍ സാധിക്കാതെയാണ് സ്ലാട്ടന്‍ കളമൊഴിയുന്നത്.

സ്വീഡന്‍ ക്ലബ്ബായ മാല്‍മോയിലൂടെ കളിയടവ് പഠിച്ച സ്ലാട്ടന്‍ നെതര്‍ലന്‍ഡ്‌സ് ജയന്റ്‌സ് അയാക്‌സ് ആംസ്റ്റര്‍ഡാമിലേക്ക് ചേക്കേറുകയായിരുന്നു. തുടര്‍ന്നായിരുന്നു ഇറ്റലിയിലേക്ക് കാലെടുത്ത് വെക്കുന്നത്.

കരിയറിലെ വിവിധ ഘട്ടങ്ങളിലായി സീരി എ ക്ലബ്ബുകളായ യുവന്റസ്, ഇന്റര്‍ മിലാന്‍. എ.സി മിലാന്‍ ടീമുകള്‍ക്കായി ബൂട്ടുകെട്ടിയ സ്ലാട്ടന്‍ ക്യാമ്പ് നൗവിലും ഓള്‍ഡ് ട്രാഫോര്‍ഡിലും പാരീസ് സെന്റ് ഷെര്‍മാങ്ങിലും തന്റെ കരുത്തറിയിച്ചിരുന്നു.

Content highlight: Zlatan Ibrahimović announces retirement

We use cookies to give you the best possible experience. Learn more