സൂപ്പർ താരങ്ങളെ കൈകാര്യം ചെയ്യാൻ അറിയാത്ത കോച്ച്; വിമർശനവുമായി ഇബ്രാഹിമോവിച്ച്
Football
സൂപ്പർ താരങ്ങളെ കൈകാര്യം ചെയ്യാൻ അറിയാത്ത കോച്ച്; വിമർശനവുമായി ഇബ്രാഹിമോവിച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd October 2023, 3:53 pm

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ടെൻ ഹാഗിന്റെ കീഴിൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. സൂപ്പർ താരങ്ങളുണ്ടായിട്ടും അവരെയൊന്നും കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിക്കാത്തതിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മിലാൻ ലെജൻഡായ ഇബ്രാഹിമോവിച്ച്.

 നേരത്തേ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉള്ളപ്പോഴും ഇപ്പോൾ ഇംഗ്ലണ്ട് യുവതാരം ജെഡൻ സാഞ്ചോയും ഉണ്ടായിട്ടും അവരെയൊന്നും കൈകാര്യം ചെയ്യാനുള്ള കഴിവ് ടെൻ ഹാഗിന് ഇല്ലെന്നാണ് ഇബ്ര പറഞ്ഞത്.

‘ഇംഗ്ലണ്ട് യുവതാരം സാഞ്ചോക്കെതിരെ ടെൻ ഹാഗ് എതിർപ്പ് പ്രകടിപ്പിച്ചു. ഒരു താരത്തിന് പരിശീലകനെതിരെ എത്രത്തോളം ചെറുത്തുനിൽക്കാൻ സാധിക്കുമെന്ന് എനിക്ക് നന്നായി അറിയാം. സ്ഥിരതയുള്ളൊരു വിന്നിങ് ഇലവൻ കണ്ടെത്താൻ നിങ്ങൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നിങ്ങൾക്ക് ഒരു പ്ലാൻ ആവശ്യമാണ്. ഇപ്പോൾ നിങ്ങൾ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലേക്കാണ് നീങ്ങുന്നത്. റൊണാൾഡോക്കും സാഞ്ചോക്കും എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല. എന്നാൽ ടീമിൽ ഇപ്പോഴും പിഴവുകളുണ്ട് അത് തിരുത്താൻ നിങ്ങൾ തയ്യാറാവണം,’ ഇബ്രഹാമോവിച്ച് പിയേഴ്‌സ് മോർഗൻ സെൻസറിനോട്‌ പറഞ്ഞു.

‘ടെൻ ഹാഗ് അയാക്സിൽ നിന്നുമാണ് യുണൈറ്റഡിലേക്ക് എത്തിയത്. ഈ രണ്ട് ക്ലബ്ബുകളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. അയാക്സ് മികച്ച ടീമാണ് അവർക്ക് ഒരുപിടി യുവപ്രതിഭകളുണ്ട്. എന്നാൽ ടെൻ ഹാഗ് യുണൈറ്റഡിനൊപ്പം ചേർന്നപ്പോൾ അവിടെയുള്ളതെല്ലാം വലിയ സൂപ്പർ താരങ്ങളായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് മികച്ച പരിശീലനം ലഭിക്കണമായിരുന്നു. ഓൾഡ് ട്രഫൊഡിലെ ആരാധകർ എപ്പോഴും ടീമിന്റെ വിജയം കാണാൻ ആഗ്രഹിക്കുന്നു,’ ഇബ്രാഹിമോവിച്ച്കൂട്ടിചേർത്തു.

2022ലാണ് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നത്. ആദ്യ സീസണിൽ ബേദപ്പെട്ട പ്രകടനം നടത്താൻ ടീമിന് സാധിച്ചിരുന്നു. നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് കാർബാവോ കപ്പ് ടെൻ ഹാഗിന്റെ കീഴിൽ സ്വന്തമാക്കിയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തെത്താനും അതുവഴി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനും സാധിച്ചു. എന്നാൽ ഈ സീസണിൽ അത്ര മികച്ച തുടക്കമല്ല റെഡ് ഡെവിൾസിന് ലഭിച്ചത്. അതുകൊണ്ട് തന്നെ ആരാധകർ വലിയ നിരാശയിലാണ്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏഴ് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും നാല് തോൽവിയും അടക്കം ഒൻപത് പോയിന്റുമായി പത്താം സ്ഥാനത്താണ് യുണൈറ്റഡ്.

Content Highlight: Zlatan ibrahamovic criticize Eric ten hag.