ഏതാണ്ട് 800 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദല്‍ഹിയിലെ മുസ്ലിം ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ റസിയ ചരിത്രത്തിന്റെ ചുവരുകളില്‍ സ്വയം അടയാളപ്പെടുത്തിയത്. ഒന്നല്ല രണ്ടു തവണ. ഒന്നാമതായി റസിയയുടെ സ്ഥാനാരോഹണം തന്നെ. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസ്ലിം സ്ത്രീ ദല്‍ഹിയുടെ സിംഹാസനത്തിലിരിക്കുക എന്നത് തന്നെ ശ്രദ്ധേയമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇല്‍തു മിഷിന്റെ ഇഷ്ടപുത്രിയായിരുന്ന റസിയ തന്റെ അര്‍ദ്ധ സഹോദരന്‍ മുഈസുദീന്‍ ബെര്‍ഹാമിനു മുന്‍പേ അധികാരമുറപ്പിച്ചു. റസിയ സിംഹാസനത്തിലേറുന്നതിനോട് അക്കാലത്തെ പൗരോഹിത്യവൃന്ദം എതിരായിരുന്നു. നിഷ്‌കപടമായ ആത്മാര്‍ത്ഥതയും, കൂര്‍മ്മ ബുദ്ധിയും, ഭരണ നിര്‍വഹണത്തില്‍ കയ്യടക്കവും സാമര്‍ഥ്യവും കൈമുതലായുണ്ടായിരുന്ന റസിയ ദല്‍ഹി സുല്‍ത്താനേറ്റിന്റെ പടനയിക്കാന്‍ പോലും പ്രാപ്തയായിരുന്നു എന്നതായിരുന്നു വാസ്തവം.
എന്നാല്‍ പെണ്ണൊരുത്തി അധികാരക്കസേരയിലിരിക്കുക എന്നത് മാത്രമായിരുന്നു അവരുടെ പ്രശ്‌നം. പക്ഷെ പിതാവായിരുന്ന ഇല്‍ത്തുമിഷിന്റെ വിശ്വസ്തയായിരുന്ന റസിയ, സിംഹാസനത്തിലേക്കുള്ള പാതയിലെ സര്‍വ പ്രതിബന്ധങ്ങളെയും സധൈര്യം നേരിട്ടും മറുവാക്കുകളെ പുല്ലുപോലെ നിരാകരിച്ചുമാണ് തന്റെ ഇടമുറപ്പിച്ചത്.
റസിയയുടെ സ്ഥാനാരോഹണം തന്നെ ഇത്തരത്തില്‍ ചെറുതല്ലാത്ത ചരിത്രമെഴുതിക്കൊണ്ടായിരുന്നു. സുല്‍ത്താനേറ്റിന്റെ അധികാരം സ്വന്തം കൈവെള്ളയില്‍ ഭദ്രമാകുന്നതിനുള്ള പടപ്പുറപ്പാടുകള്‍ക്കിടയില്‍ സുല്‍ത്താന ഒരു വെള്ളിയാഴ്ച മെഹ്റോളിയിലെ ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദിലെത്തിയിരുന്നു. പ്രാര്‍ത്ഥനക്കായി അവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തോട് സിംഹാസനത്തിലേക്കുള്ള തന്റെ യാത്രയില്‍ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടാണ് റസിയ മടങ്ങിയത്.
റസിയ ഒരിക്കലും സ്വയം ‘സുല്‍ത്താന’ എന്ന് വിശേഷിപ്പിരുന്നില്ല (സുല്‍ത്താന്‍ എന്നതിന്റെ സ്ത്രീലിംഗപദം). മറിച്ച്, ‘സുല്‍ത്താന്‍’ എന്നുതന്നെയാണ് അവര്‍ സ്വന്തം സ്ഥാനപ്പേര് നിശ്ചയിച്ചിരുന്നത്. റസിയയുടെ ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദിലെ പ്രസംഗം യഥാര്‍ത്ഥത്തില്‍ ഹേതുവായത് മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതിനു മാത്രമല്ല, പള്ളികള്‍ പണിതുയര്‍ത്തുന്നതിനു കൂടിയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ജുമുഅഃ ഖുതുബ ഒരു സ്ത്രീയുടെ പേരില്‍ അങ്ങനെ വായിക്കപ്പെട്ടു.
റസിയ മുഖപടം ധരിക്കാതെ യാത്ര ചെയ്തു. കുതിര സവാരി നടത്തി. ആനപ്പുറത്തേറി. പള്ളികളിലും മദ്രസകളിലും നിത്യ സന്ദര്‍ശകയായിരുന്നു റസിയ. ആത്മീയ സദസുകള്‍ക്കും മദ്രസകള്‍ക്കും റസിയയുടെ ഭരണത്തിന്‍ കീഴില്‍ പ്രത്യേക പരിഗണന ലഭിച്ചിരുന്നതായി കാണാം. തബഖാത്-ഏ-നസ്രിയുടെ രചയിതാവായ മിന്‍ഹജ് സിറാജ് ജുസ്ജാനി റസിയയുടെ പണ്ഡിത സദസ്സുകളിലെ പ്രധാനിയായിരുന്നു. ‘ഷെയ്ഖ്-ഉല്‍-ഇസ്ലാം’ എന്നായിരുന്നു ജുസ്ജാനി അക്കാലത്ത് അറിയപ്പെട്ടിരുന്നത്.
മധ്യകാല ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതങ്ങള്‍ വിവിധ തലങ്ങളില്‍ മെച്ചപ്പെട്ടവയായിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. ഉദാഹരണത്തിന് രാഷ്ട്രീയമായി, എല്ലാ ഘട്ടത്തിലും അവരെ വിശ്വാസത്തിലെടുത്തിരുന്ന ചക്രവര്‍ത്തിമാര്‍ രാജ്ഞിമാരോട് ആലോചിച്ചായിരുന്നു തീരുമാനങ്ങളെടുത്തിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുഗള്‍ രാജാവായ ജഹാംഗീറിന്റെ മേല്‍ വലിയ സ്വാധീനമുണ്ടായിരുന്ന നൂര്‍ജഹാന്റെ കഥകള്‍ ആവര്‍ത്തന വിരസതയുണ്ടാക്കുംവിധം കേട്ടുപഴകിയതാണ്. മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ സഹീറുദ്ദീന്‍ ബാബര്‍ യുദ്ധത്തിനു പുറപ്പെടും മുന്‍പ് കൊട്ടാരത്തിലെ സ്ത്രീകളോടും അമ്മയോടും ഭാര്യമാരോടും പുത്രിമാരോടും കൂടിയാലോചിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണാം.
മുഗള്‍ ഭരണാധികാരി ജലാലുദ്ദീന്‍ അക്ബറിന്റെ വളര്‍ത്തമ്മയായിരുന്ന മഹാം അംഗയാണ് പതിനാറാം നൂറ്റാണ്ടില്‍ ദല്‍ഹിയിലെ ഖൈറുല്‍ മന്‍സില്‍ മസ്ജിദ് നിര്‍മിച്ചത്. 1561 ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഈ മസ്ജിദ്, ഒരു സ്ത്രീ നിര്‍മ്മിച്ച ആദ്യത്തെ പള്ളിയാണെന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. മുഗള്‍ ഭരണംപോലെ ഉത്തരവാദിത്വമേറിയ ചുമതലയേറ്റെടുക്കാന്‍ അക്ബര്‍ നന്നെ ചെറുപ്പമായിരുന്ന ആദ്യ നാളുകളില്‍ സാമ്രാജ്യത്തിന്റെ ഭരണചക്രം തിരിച്ചിരുന്നത് തന്നെ ഫലത്തില്‍ അംഗയായിരുന്നു.
ഖൈറുല്‍ മന്‍സിലിലെ പ്രാര്‍ത്ഥനാ സദസ്സുകളില്‍ അംഗ പങ്കെടുത്തിരുന്നോ എന്ന് തെളിയിക്കാന്‍ ചരിത്രപരമായ തെളിവുകള്‍ വളരെ കുറവാണെങ്കിലും, പള്ളിയുടെ നിര്‍മ്മാണത്തില്‍ അവര്‍ പ്രധാന പങ്കുവഹിച്ചുവെന്നതില്‍ സംശയമില്ല. ദൈനംദിന പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും, അംഗക്കു ശേഷം നിരവധി മുഗള്‍ രാജകുമാരിമാര്‍ പള്ളികളുടെ നിര്‍മ്മാണം ഒരു ആത്മീയ പ്രവര്‍ത്തിയെന്നോണം ഏറ്റെടുത്തിരുന്നതായി കാണാം.
അക്കാലത്ത് മന്ത്രി കൂടിയായിരുന്ന തന്റെ വിശ്വസ്ത ബന്ധു ഷഹാബുദ്ദീന്‍ അഹമ്മദ് ഖാന്റെ സഹായത്തോടെയായിരുന്നു അംഗ ഖൈറുല്‍ മന്‍സിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. പള്ളി പണിതത് മഹാം അംഗയാണെന്ന് വ്യക്തമാക്കുന്ന ശിലാഫലകം പള്ളിയുടെ മുഖ്യ ആര്‍ച്ചില്‍തന്നെ സ്ഥാപിച്ചു. പള്ളിയോടുചേര്‍ന്ന് മദ്രസയും നിര്‍മ്മിച്ചു. കുട്ടികള്‍ക്ക് ഇസ്ലാമിക് വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ തന്നെ ധനസഹായവും നല്‍കിയിരുന്നു.
ഇക്കാലഘട്ടത്തിലും, പിന്നീട് ജഹാംഗീറിന്റെയും ഷാജഹാന്റെയും ഭരണ സമയത്തും കുതിര സവാരി നടത്തുന്നതും മുഖപടമിടാതെ യാത്ര ചെയ്യുന്നതുമായ മുഗള്‍ സ്ത്രീകളുടെ വിവരണങ്ങള്‍ ചരിത്രതാളുകളില്‍ നിരവധി കാണാം. കൂടാതെ, വിവാഹ കരാറുകളില്‍ പോലും ഏകഭാര്യത്വവും, സ്വയം വിവാഹമോചനം അവസാനിപ്പിക്കാനാകുന്ന തലാഖ്-എ-തഫ്വീസ് പോലുള്ള നിബന്ധനകളും മധ്യകാല മുസ്ലിം സ്ത്രീകള്‍ നേടിയെടുത്തിരുന്നു.
അവര്‍ പള്ളികളും മദ്രസകളും പേര്‍ഷ്യന്‍ മാതൃകയിലുള്ള വിശ്രമ കേന്ദ്രങ്ങളും പടുത്തുയര്‍ത്തുന്നത് തുടര്‍ന്നു. ഈദ് പോലുള്ള വിശേഷാവസരങ്ങളില്‍ രാജാക്കന്മാര്‍ പള്ളി സന്ദര്‍ശിക്കുന്ന വേളയില്‍ സ്ത്രീകള്‍ പള്ളി ആകര്‍ഷകമാക്കുകയും ചെയ്തുപോന്നിരുന്നു. പുറമെ, ഖുതുബയില്‍ അവരുടെ പേരുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
ലിഖിതങ്ങളാക്കിയിട്ടുള്ള തെളിവുകള്‍ തുലോം തുച്ഛമാണെങ്കിലും, സുല്‍ത്താന്‍-മുഗള്‍ കാലഘട്ടങ്ങളിലെ വാസ്തുവിദ്യയെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവര്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തിയെന്ന് വിശ്വസിക്കാവുന്ന തെളിവുകള്‍ ലഭിക്കും.
ഉദാഹരണത്തിന്, ദല്‍ഹിയിലെ വസിറാബാദില്‍ തുഗ്ലക്ക് കാലഘട്ടത്തിലെ ഒരു പള്ളിയില്‍ ജാളികള്‍ കൊണ്ട് അലംകൃതമായ ഉയര്‍ന്ന ഒരു അറ കാണാം. രാജാക്കന്മാര്‍ക്ക് വേണ്ടിയുള്ളതാണ് അതെന്ന് ചരിത്രകാരന്മാരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പള്ളിയില്‍ പ്രാര്‍ത്ഥന നടത്താനെത്തിയിരുന്ന രാജ കുടുംബത്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ് ഈ ഭാഗമെന്നാണ് പൊതുവായി വിശ്വസിക്കപ്പെടുന്നത്.
കാരണം രാജാക്കന്‍മാര്‍ പൊതുവെ ഷാഹി ദര്‍വാസാ എന്നറിയപ്പെടുന്ന വാതിലിലൂടെയാണ് പ്രവേശിയ്ക്കാറുള്ളത്. അതുവഴി സാധാരണ നിലക്ക് മേല്പറഞ്ഞ അറകളിലേക്കു പോകലും സാധ്യമല്ല.
ബംഗാളിലേക്ക് പോയാല്‍, അവിടെ ഹസ്രത്ത്-എ-പാണ്ഡുവയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ അധീന മസ്ജിദ് ഉണ്ട്. പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദിനേക്കാള്‍ വലിയ പള്ളിയായാണ് ഇത് അറിയപ്പെടുന്നത്. ഇവിടുത്തെയും പ്രാര്‍ത്ഥനാ സദസ് അല്‍പം ഉയരത്തില്‍ ജാളികളുള്ള വേര്‍തിരിക്കപ്പെട്ടതും, അര്‍ദ്ധ വൃത്താകൃതിയില്‍ ഉള്ള മിഹ്‌റാബിനോട് ചേര്‍ന്ന നിലയിലുമാണ്.
രാജകുടുംബത്തിലെ സ്ത്രീകളെക്കൂടി ഉദ്ദേശിച്ച് നിര്‍മ്മിച്ചിട്ടുള്ള ഇത്തരം ധാരാളം പള്ളികള്‍ മധ്യകാലഘട്ടത്തിലെ ഇന്ത്യയിലുണ്ടായിരുന്നു. പള്ളിയിലെത്തുന്നവരില്‍ കൂടുതലും പ്രഭു കുടുംബത്തില്‍നിന്നുള്ള സ്ത്രീകളുമുണ്ടായിരുന്നു. പള്ളികളില്‍ പ്രവേശിക്കുന്നതില്‍നിന്ന് സ്ത്രീകളെ വിലക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ചരിത്രത്തിന്റെ പിന്‍ബലമുള്ള തെളിവുകളൊന്നും കാണാന്‍ സാധ്യമല്ല.
കൂടാതെ, സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിച്ചതിനെതിരെ ഒരു മതപണ്ഡിതനും ഫത്വ പുറത്തിറക്കിയതായും യാതൊരു രേഖകളുമില്ല. പള്ളികളില്‍ മാത്രമല്ല, സൂഫി സദസുകളിലും ദര്‍ഗകളിലും സ്ത്രീകള്‍ പങ്കെടുത്തിരുന്നു. സുഫിയാന കലാമിന്റെ സംഗീത സദസുകളില്‍ പങ്കെടുക്കാന്‍ അവര്‍ അതീവ തല്‍പരരുമായിരുന്നു.
മംലൂക് വാഴ്ചയ്ക്ക് തുടക്കമിട്ട ഖുത്വബ് അല്‍ ദിന്‍ ഐബക്കിന്റെ 13-ാം നൂറ്റാണ്ടുമുതല്‍, 18,19 നൂറ്റാണ്ടുകളിലെ മുഗളരുടെ കാലം വരെ സ്ത്രീകള്‍ സൂഫി സദസുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു.
പള്ളികളോട് ചേര്‍ന്ന് തന്നെയായിരുന്നു ദര്‍ഗകളും സൂഫി സദസുകളും സംഘടിപ്പിച്ചിരുന്നത്. സൂഫികള്‍ കാര്‍ക്കശ്യക്കാരല്ലാതിരുന്നതിനാല്‍ തന്നെ സ്ത്രീക്കള്‍ക്കും യഥേഷ്ടം അവയില്‍ പങ്കെടുക്കാമായിരുന്നു. സംഗീതം ഹറാമാണെന്ന് വിശ്വസിച്ചിരുന്ന ഹനഫി പണ്ഡിതരുടെ കടുത്ത എതിര്‍പ്പിനിടയിലും സംഗീത സദസ്സുകള്‍ ദര്‍ഗകളില്‍ സംഘടിപ്പിക്കുവാനും അതിന് മുഗള്‍ ഭരണാധികാരികളില്‍ നിന്നും അനുമതി നേടിയെടുക്കുവാനും നിസാമുദീന്‍ ഔലിയ പോലുള്ള സൂഫികള്‍ക്ക് കഴിഞ്ഞിരുന്നു.
പള്ളികള്‍ക്കുള്ളില്‍, ഒരു പ്രത്യേക ഘട്ടത്തിനപ്പുറത്തേക്ക് സ്ത്രീകളുടെ പ്രവേശനം തടയുന്ന വ്യക്തമായ അടയാളങ്ങളൊന്നും ചരിത്രകാരന്മാര്‍ക്ക് കണ്ടെത്താനായിട്ടില്ല. മുഗളരുടെ പതനവും ബ്രിട്ടീഷ് ആധിപത്യവും ഇവയൊക്കെ മാറ്റിമറിക്കാന്‍ തുടങ്ങി. മിതവാദി മതചിന്തകള്‍ സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമാകാന്‍ തുടങ്ങിയതോടെ സ്ത്രീകളെ പള്ളികളില്‍ നിന്നും ഖബര്‍സ്ഥാനുകളില്‍ നിന്നും ഒഴിവാക്കാന്‍ തുടങ്ങി.
ആത്മീയ കാര്യങ്ങള്‍ക്കായി പള്ളികളില്‍ പ്രവേശിക്കുന്നതില്‍നിന്നും അവര്‍ക്ക് വിലക്കുകളുണ്ടായി. അവരുടെ ഉറ്റവരും പ്രിയപ്പെട്ടവരും മരിക്കുമ്പോള്‍ പോലും അവര്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി പള്ളികളിലോ ഖബറിടങ്ങളിലോ പ്രവേശിക്കാന്‍ കഴിയാതെയായി.
അപ്പോഴൊക്കെയും സ്ത്രീകള്‍ ഹജ്ജിനു പോകുന്നുണ്ടായിരുന്നു. മധ്യകാലത്തും ആധുനിക കാലത്തും ഹജ്ജിന് പോകുന്നതില്‍നിന്നുമാത്രം അവരെയാരും വിലക്കിയില്ല. അവിടെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്മാരെയും സ്ത്രീകളെയും പോലെ അവര്‍ മക്കയിലും മദീനയിലും പ്രാര്‍ത്ഥിച്ചു.
അവരുടെ പ്രവാചകന്റെയും ഭാര്യമാരുടെയും കൂട്ടാളികളുടെയും അന്ത്യവിശ്രമ സ്ഥലങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു. എന്നാല്‍ തിരിച്ച് വരുമ്പോഴാകട്ടെ, മറ്റൊരുതരം ഇസ്ലാം അവരുടെ ജീവിതം ഭരിച്ചു.
പ്രാദേശിക സംസ്‌കാരത്തിന്റെ ഭാഗമെന്നാണ് അടയാളപ്പെടുത്തുന്നു എന്നുതന്നെയിരിക്കട്ടെ, ഇന്ത്യന്‍ ഇസ്ലാമിന്റെ രീതി സ്ത്രീകളെ പള്ളി പണിയാനും അതിന് ധനസഹായം നല്‍കാനും അനുവദിക്കുന്നതുമായിരുന്നു. പള്ളിയില്‍ പ്രവേശിച്ചുള്ള പതിവ് പ്രാര്‍ത്ഥനകള്‍ക്കുമാത്രമേ അനുവാദമില്ലാതിരുന്നുള്ളു. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പൂര്‍വിക സ്ത്രീകള്‍ നിര്‍മ്മിച്ച പള്ളികളില്‍ പോകാനോ പ്രാര്‍ത്ഥിക്കാനോ ഇന്ന് സ്ത്രീകള്‍ക്ക് കഴിയുന്നില്ല എന്നത് ചിന്തനീയമാണ്.
ഒള്‍ഡ് ദല്‍ഹിയിലെ പ്രശസ്തമായ ഫതേപുര്‍ സിക്രി മസ്ജിദിന്റെ പരിസരവാസികള്‍ക്ക് സ്ത്രീകള്‍ ആ പള്ളിയില്‍ കയറിയ ഒറ്റ സന്ദര്‍ഭം പോലും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല എന്നിടത്തു തന്നെ കാര്യങ്ങള്‍ സുവ്യക്തമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയായ ഭോപ്പാലിലെ താജുല്‍ മസ്ജിദില്‍ സ്ത്രീകള്‍ക്കായി ഒരു മുറിയോ ഹാളോ ഇന്നുമില്ല. ഇന്ത്യയിലെ ഇസ്ലാമിക ചരിത്രത്തിലെ കാലത്തേക്കാളും വലിയ വിവേചനമാണ് ഇന്ന് കാണുന്നത്.
സ്‌ക്രോള്‍.ഇന്നില്‍ സിയാഉസ്സലാം എഴുതിയ ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷ
പരിഭാഷ- നിമിഷ ടോം
WATCH THIS VIDEO: