| Wednesday, 1st February 2023, 11:02 pm

'അമ്മയെന്ന സ്വപ്‌നം അവന്റെ ഉദരത്തില്‍ ചലിക്കുന്നു'; ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് മെന്‍ പ്രസവം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി വരുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് അഭിനേത്രിയും നര്‍ത്തകിയുമായ സിയ പവല്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു.

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പ്രസവമാണ് ഇവരുടേത്. തന്റെ ജീവിത പങ്കാളിയായ സഹല്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുന്ന വിവരമാണ് മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളോടൊപ്പം സിയ പങ്കുവെച്ചത്.

ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും അമ്മയാകാനുള്ള സ്വപ്‌നങ്ങള്‍ക്ക് ചിറകുവിരിച്ച് എനിക്ക് കൂട്ടായത് തന്റെ ജീവിത പങ്കാളിയാണെന്നും സിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

അമ്മ എന്ന എന്നിലെ സ്വപ്നം പോലെ അച്ഛന്‍ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു. പൂര്‍ണ സമ്മതത്താല്‍ ഇന്ന് എട്ട് മാാസം പ്രായമുള്ള ജീവന്‍ തന്റെ ഉദരത്തില്‍ ചലിക്കുന്നുവെന്നും സിയ പവല്‍ പറഞ്ഞു.

സിയ പവലിന്റെ കുറിപ്പ്:

ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാന്‍ അറിഞ്ഞു വളര്‍ന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം ‘ അമ്മ. ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മമത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം. ഞാന്‍ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങള്‍ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാള്‍ക്ക് പേരും കണ്ടു വച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതീക്ഷ.

എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേള്‍ക്കാന്‍ കാത്തിരിക്കുന്നു. കുറഞ്ഞ ദിനങ്ങള്‍ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നല്‍കണേ നാഥാ.

എന്റെ സ്വപ്നങ്ങള്‍ക്കു ചിറകുവിരിച്ച് എനിക്കു കൂട്ടായത് എന്റെ ഇക്ക. പിറന്ന ശരീരത്താല്‍ ജീവിക്കാന്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ തന്റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ജീവിക്കുമ്പോള്‍ അവന്റെ ശരീരത്തെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മാറ്റുവാന്‍ ആരംഭിച്ചു. ഹോര്‍മോണ്‍ തെറാപ്പികളും ബ്രസ്റ്റ് റിമൂവല്‍ സര്‍ജറിയും. കാലം ഞങ്ങളെ ഒരുമിപ്പിച്ചു. മൂന്ന് വര്‍ഷമാകുന്നു.

അമ്മ എന്ന എന്നിലെ സ്വപ്നം പോലെ അച്ഛന്‍ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു. പൂര്‍ണ്ണ സമ്മതത്താല്‍ ഇന്ന് എട്ട് മാസം പ്രായമുള്ള ജീവന്‍ തന്റെ ഉദരത്തില്‍ ചലിക്കുന്നു. ഞങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്യമാക്കാന്‍ ഞങ്ങളെടുത്ത തീരുമാനങ്ങള്‍ പിന്തുണച്ചു. ഞങ്ങള്‍ അറിഞ്ഞതില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് മാന്‍ പ്രഗ്‌നന്‍സി.

ഒറ്റപ്പെട്ട ജീവിതത്തില്‍ കൊച്ചു കുടുംബമാകുന്ന ഞങ്ങള്‍ക്ക് പൂര്‍ണ പിന്തുണയോടെ കൂടെ നിന്ന എന്റെ ഇത്താക്കും അളിയനും അവന്റെ അമ്മക്കും പെങ്ങള്‍ക്കും ഡോക്ടര്‍ക്കും ഞങ്ങളെ ഇഷ്ടപ്പെട്ട് കൂടെ നിക്കുന്ന എല്ലാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

Content Highlight: Ziya Paval’s Social Media Post about Trans man Pregnancy

Latest Stories

We use cookies to give you the best possible experience. Learn more