| Wednesday, 2nd March 2022, 11:47 pm

'ബ്ലാസ്‌റ്റേഴ്‌സ് ആറാടുകയാണ്'; 'സിപ്പോരാജിന്റെ' വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.എസ്.എല്ലില്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന് ജീവന്‍ മരണ പോരാട്ടമായിരുന്നു. പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനലിലെത്തണമെങ്കില്‍ ജയം അനിവാര്യമായിരുന്നു.

സെമിസാധ്യതകള്‍ സജീവമാക്കി ബ്ലാസ്റ്റേഴ്‌സ് നേടിയ ജയത്തില്‍ ആവേശത്തിലായിരിക്കുകയാണ് ആരാധകര്‍. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം.

ഇപ്പോഴിതാ ജയം ആഘോഷിച്ചുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ സിപ്പോയുടെയും പ്രശാന്തിന്റെ വീഡിയോ വൈറലാവുകയാണ്. കളിക്ക് ശേഷം ബസിലേക്ക് കയറവേ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ ‘പുഷ്പരാജ് ദെഗ്ഗതലയേ’ എന്ന് ഡയലോഗാണ് സിപ്പോ പറഞ്ഞത്. ഇതിന് പിന്നാലെ പ്രശാന്ത് ‘ബ്ലാസ്റ്റേഴ്‌സ് ആറാടുകയാണ് ഗയ്‌സ്’ എന്ന് പറഞ്ഞു. ഇതെന്താണെന്ന് ചോദിച്ച് പഠിച്ച സിപ്പോയും ‘ആറാടുകയാണ്’ എന്ന് പറയുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

‘സിപോരാജ് പൊളിച്ചു’, ‘ഇങ്ങേരെക്കൊണ്ട് ഒരു രക്ഷേം ഇല്ലലോ’, ‘പ്രശാന്തിനെക്കാളും നന്നായി സിപ്പോ മലയാളം പറയുന്നുണ്ടെന്നുമൊക്കെയാണ് കമന്റ് വരുന്നത്.

മലയാളി താരം സഹല്‍ അബ്ദുല്‍ സമദും, ആല്‍വാരോ വാസ്‌കസുമാണ്, ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ഡിയാഗോ മൗരീഷ്യോയിലൂടെയാണ് മുംബൈയുടെ ആശ്വാസ ഗോള്‍.

ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ നാലാമതെത്തി. 19 മത്സരങ്ങളില്‍നിന്നായി 33 പോയിന്റാണ് ടീമിനുള്ളത്. 37പോയിന്റുമായി ജാംഷഡ്പുര്‍ സെമി ഇതിനകം ഉറപ്പാക്കി. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന് 35 പോയിന്റും എ.ടി.കെ മോഹന്‍ ബഗാന് 34 പോയിന്റുമാണ്.

ബ്ലാസ്റ്റേഴ്സിനു സെമി ഉറപ്പിക്കാന്‍ ഹൈദരാബാദ്-മുംബൈ മത്സരം ഫലത്തിനായി കാത്തിരിക്കണം. ഹൈദരാബാദിനെതിരെ മുംബൈ പരാജയപ്പെടുകയോ, സമനില വഴങ്ങുകയോ ചെയ്താല്‍ ഗോവക്കെതിരെ ലീഗിലെ അവസാന മത്സരത്തിനു ഇറങ്ങും മുമ്പേ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം. മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയാല്‍ ഗോവക്കെതിരെ സമനില നേടിയാല്‍പോലും ബ്ലാസ്റ്റേഴ്സിനു മുന്നേറാം.

എ.ടി.കെ മോഹന്‍ബഗാനും തങ്ങളുടെ സെമി സാധ്യതകള്‍ ഉറപ്പിക്കാന്‍ അടുത്ത മത്സരം വിജയിക്കാനുള്ള പുറപ്പാടിലാണ്.


Content Highlight: zippo and  prasanth viral video after kerala blaster’s victory

We use cookies to give you the best possible experience. Learn more