| Saturday, 25th March 2023, 6:55 pm

ഈ കുന്ത്രാണ്ടം ഉണ്ടാക്കുന്നത് ചില്ലറ തൊന്തരവല്ലല്ലോ! ഭാഗ്യം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞ് പോകും

സ്പോര്‍ട്സ് ഡെസ്‌ക്

സിങ് ബെയ്ല്‍സ് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ക്രിക്കറ്റ് ലോകത്ത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ബെയ്ല്‍സിനുള്ളിലെ എല്‍.ഇ.ഡി ബള്‍ബുകളും ബാറ്ററികളും കാരണം ബെയ്ല്‍സിന്റെ ഭാരം കൂടുന്നതിനാല്‍ പന്ത് വിക്കറ്റില്‍ കൊണ്ടിട്ടും ഔട്ടാകാത്ത സംഭവങ്ങള്‍ നിരവധിയാണ്.

എന്നാല്‍ അതിനെ കവച്ചുവെക്കുന്ന ഒരു സിങ് ബെയ്ല്‍സ് ഫെയ്‌ലിയറാണ് ശ്രീലങ്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ സംഭവിച്ചത്. റണ്‍ ഔട്ടിനിടെ ബെയ്ല്‍സ് വീഴ്ത്തിയിട്ടും സിങ് ബെയ്ല്‍സിലെ എല്‍.ഇ.ഡി ബള്‍ബുകള്‍ കത്തിയില്ല എന്ന കാരണത്താല്‍ നോട്ട് ഔട്ട് വിളിച്ച സംഭവമാണിത്.

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 18ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. ബ്ലയര്‍ ടിക്‌നര്‍ എറിഞ്ഞ ഓവറില്‍ ലങ്കന്‍ താരം ചമീക കരുണരത്‌നെ ഒരു ക്വിക് സിംഗിളിന് ശ്രമിച്ചിരുന്നു. എന്നാല്‍ കരുണരത്‌നെ ഓടിയെത്തും മുമ്പ് തന്നെ പന്ത് സ്വീകരിച്ച ടിക്‌നര്‍ ബെയ്ല്‍ തെറിപ്പിച്ചിരുന്നു.

എന്നാല്‍ ബെയ്ല്‍സ് താഴെ വീണെങ്കിലും ബാറ്ററി പ്രശ്‌നങ്ങളാല്‍ എല്‍.ഇ.ഡി കത്തിയില്ല എന്ന കാരണത്താല്‍ താരത്തിന് ലൈഫ് ലഭിക്കുകയും സിംഗിള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.

എന്നാല്‍ ആ സിംഗിള്‍ കൊണ്ടൊന്നും തിരുത്തിയെഴുതാന്‍ സാധിക്കാത്ത വിധത്തില്‍ സിംഹളപ്പടയുടെ വിധി കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

നേരത്തെ, ടോസ് നേടി ശ്രീലങ്ക എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ ഫിന്‍ അലന്റെ അര്‍ധ സെഞ്ച്വറിയുടെയും സൂപ്പര്‍ താരങ്ങളായ ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര എന്നിവരുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ 49.3 ഓവറില്‍ 274 റണ്‍സായിരുന്നു കിവികള്‍ സ്വന്തമാക്കിയത്.

ഫിന്‍ അലന്‍ 51 റണ്‍സ് നേടി പുറത്തായപ്പോള്‍ ഡാരില്‍ മിച്ചല്‍ 47 റണ്‍സും രചിന്‍ രവിചന്ദ്ര 49 റണ്‍സും നേടി. 39 റണ്‍സാണ് ഗ്ലെന്‍ ഫിലിപ്‌സ് ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ വിക്കറ്റ് വീണപ്പോള്‍ സിംഹളര്‍ നിന്ന് വിയര്‍ത്തു. 25 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.

ഒടുവില്‍ 19.5 ഓവറില്‍ 76 റണ്‍സിന് ലങ്ക ഓള്‍ ഔട്ടായി. ഇതോടെ 198 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് കിവീസ് നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് ന്യൂസിലാന്‍ഡ് മുമ്പിലാണ്.

മാര്‍ച്ച് 28നാണ് പരമ്പരയിലെ അടുത്ത മത്സരം. ഹെയ്ഗ്‌ലി ഓവലാണ് വേദി.

Content Highlight: Zing Bails failure during New Zealand vs Sri Lanka 1st ODI

We use cookies to give you the best possible experience. Learn more