ഫ്രഞ്ച് ഇതിഹാസതാരവും റയൽ മാഡ്രിഡിന്റെ സൂപ്പർ പരിശീലകനുമായിരുന്നു സിനദിൻ സിദാൻ.
താരം ഒരു ഇടവേളക്ക് ശേഷം ഫ്രഞ്ച് ദേശീയ ടീമിനെയോ റയൽ മാഡ്രിഡിനെയോ പരിശീലിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും സിദാന്റെ പരിശീലക ഭാവിയെ പറ്റിയുള്ള സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിരുന്നില്ല.
എന്നാൽ പിന്നീട് ക്രിസ്റ്റഫർ ഗാൾട്ടിയർക്ക് ശേഷം താരം പി.എസ്.ജിയെ പരിശീലിപ്പിക്കാനെത്തുമെന്ന വാർത്തകൾക്ക് പിന്നാലെ റയലിൽ നിന്നും രണ്ട് താരങ്ങളെ സൈൻ ചെയ്യാൻ പി.എസ്. ജിയോട് സിദാൻ ആവശ്യപ്പെട്ടു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
സൂപ്പർ താരങ്ങളായ കരീം ബെൻസെമ, ഫെർലാണ്ട് മെൻഡി എന്നിവരെ പി.എസ്.ജി സൈൻ ചെയ്‌താൽ പാരിസ് ക്ലബ്ബിനെ പരിശീലിപ്പിക്കാൻ സിദാൻ തയ്യാറായേക്കുമെന്നാണ് എൽ നാഷണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബെൻസെമയുമായി ഒരു വർഷം കൂടുമ്പോൾ കരാർ പുതുക്കി നൽകുന്ന രീതിയാണ് റയൽ സ്വീകരിക്കുന്നത്. 27 കാരനായ മെൻഡിയുമായി ക്ലബ്ബ് ദീർഘമായ കരാറിൽ ഏർപ്പെട്ടിട്ടുമുണ്ട്.
എന്നാൽ ബെൻസെമയേയും മെൻഡിയേയും പാരിസിലേക്കെത്തിക്കാൻ സാധിച്ചാൽ ക്ലബ്ബിന്റെ പ്രധാന പോരായ്മകൾ പരിഹരിക്കാൻ സാധിക്കുമെന്നും, ആക്രമണ നിരയിൽ ബെൻസെമയും പ്രതിരോധ നിരയിൽ മെൻഡിയും കൂടിച്ചേരുമ്പോൾ ക്ലബ്ബിന് ബാലൻസ് കൈവരുമെന്ന് സിദാൻ കരുതുന്നതായും എൽ നാഷണൽ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ വമ്പൻ സ്‌ക്വാഡ് ഡെപ്ത്ത് ഉണ്ടായിട്ടും പി.എസ്.ജിക്ക് സ്വന്തമാക്കാൻ സാധിക്കാത്തിരുന്ന ചാമ്പ്യൻസ് ലീഗ് ഈ സീസണിൽ നേടാൻ സാധിച്ചാൽ പരിശീലകനെന്ന നിലവിലുള്ള ഗാൾട്ടിയറുടെ സ്ഥാനം സുരക്ഷിതമാവും.
എന്നാൽ ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ പ്രീക്വാർട്ടർ മത്സരത്തിൽ ബയേണിനെതിരെ ഒരു ഗോളിന് പരാജയപ്പെട്ട പി.എസ്.ജിക്ക് രണ്ട് ഗോൾ വ്യത്യാസത്തിനെങ്കിലും വിജയിച്ചാൽ മാത്രമേ രണ്ടാം പാദ മത്സരം സ്വന്തമാക്കാൻ സാധിക്കൂ.