ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയുടെ പരിശീലകനായി ഫ്രാന്‍സിന്റെ എക്കാലത്തേയും സൂപ്പര്‍ താരം സിനദിന്‍ സിദാന്‍ ചുമതലയേല്‍ക്കാന്‍ തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ശക്തമാകുന്നു.
പി.എസ്.ജിയുമായി ചര്‍ച്ചകള്‍ നടത്താനും കരാറൊപ്പിടാനും സിദാന്‍ ഖത്തറിലേക്ക് യാത്രചെയ്തതായും പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത സീസണില്‍ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കാന്‍ സിദാന്‍ സമ്മതമറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിലവിലെ പരിശീലകനായ മൗറീസിയോ പോച്ചറ്റിനോക്ക് പകരമാണ് സിദാന്‍ എത്തുന്നത്. മെസിയെയും എംബാപെയെയും പി.എസ്.ജിയിലേക്കെത്തിച്ച കോച്ചാണ് പോച്ചെറ്റിനോ.
എന്നാല്‍ താരസമ്പന്നമായ ഒരു ടീമിനെ നയിക്കാന്‍ ശക്തമായ ഒരു പരിശീലകന്‍ വരണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫുട്‌ബോള്‍ ലെജന്‍ഡിനെ തന്നെ ടീമിലെത്തിക്കാന്‍ പി.എസ്.ജി ഒരുങ്ങുന്നത്.
സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോര്‍ടീവോയാണ് സിദാന്‍ പി.എസ്.ജിയുടെ ചുമതലയേല്‍ക്കാനായി ഖത്തറിലേക്ക് യാത്ര തിരിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ ആഴ്ചയോടെ തന്നെ പോച്ചെറ്റിനോയോട് ടീം ഗുഡ് ബൈ പറയുമെന്നും സിദാന്റെ കാര്യത്തില്‍ തീരുമാനമാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
2020-21 സീസണു ശേഷം റയല്‍ മാഡ്രിഡ് വിട്ടതോടെ ഒരു ടീമിന്റെയും ചുമതല അദ്ദേഹം ഏറ്റെടുത്തിട്ടില്ല. റയല്‍ മാഡ്രിഡിനൊപ്പം രണ്ടു ലീഗ് കിരീടങ്ങളും മൂന്നു ചാമ്പ്യന്‍സ് ലീഗും നേടിയിട്ടുള്ള സിദാന്‍ പി.എസ്.ജിയില്‍ എത്തുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പി.എസ്.ജി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സിദാന്‍ പി.എസ്.ജിയില്‍ എത്തിയാല്‍ ലോകഫുട്‌ബോളിന്റെ രണ്ട് ധ്രുവങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ലയണല്‍ മെസിയെയും ആദ്യത്തെ പരിശീലകന്‍ എന്ന റെക്കോഡും അദ്ദേഹത്തിന് സ്വന്തമാവും.
നേരത്തെ, അര്‍ജന്റീനക്കാരനായ മാര്‍സെല്ലോ ഗല്ലാര്‍ഡോയെ പോച്ചെറ്റിനോക്ക് പകരക്കാരനായി സൂപ്പര്‍ താരം ലയണല്‍ മെസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മെസി പറയുന്ന ആരെയും വേണ്ട എന്നും യൂറോപ്പില്‍ നിന്നുള്ള ആരെങ്കിലും മതി എന്നായിരുന്നു എംബാപെയുടെ അഭിപ്രായം.
അര്‍ജന്റീന പ്രൈമറി ഡിവിഷനില്‍ റിവര്‍ പ്ലേറ്റിനെ ലീഗ് കിരീടത്തിലേക്ക് നയിച്ച മികച്ച കോച്ചാണ് അദ്ദേഹം. ഭാവിയില്‍ അദ്ദേഹത്തിന്റെ യൂറോപ്പിലേക്കുള്ള ഒരു നീക്കത്തിനായി എല്ലാവരും ഉറ്റുനോക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഗല്ലാര്‍ഡോയെ പി.എസ്.ജിയില്‍ പ്രതിഷ്ഠിക്കണ്ട എന്നായിരുന്നു എംബാപെയുടെ വാദം.
Content Highlight: Zinedine Zidane to coach PSG – Reports