സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഒരു പിടി നേട്ടങ്ങള്‍ സമ്മാനിച്ച ഇതിഹാസമാണ് സിനദീന്‍ സിദാന്‍. ഇപ്പോള്‍ റയല്‍ മാഡ്രിഡിനൊപ്പമുള്ള ഏറ്റവും മികച്ച നിമിഷത്തെക്കുറിച്ച് സംസാരിച്ചിക്കുകയാണ് ഫ്രഞ്ച് ഇതിഹാസം. 2002ലെ ലോസ് ബ്ലാങ്കോസിന്റെ യുവേഫ ചാമ്പ്യന്‍സ് ലീഗ് വിജയത്തെ കുറിച്ചാണ് സിദാന്‍ പറഞ്ഞത്.
‘റയല്‍ മാഡ്രിഡിനൊപ്പമുള്ള മികച്ചതും മനോഹരവും പ്രധാനപ്പെട്ടതുമായ നിമിഷം എന്നത് ബയര്‍ ലെവര്‍കൂസനെതിരെയുള്ള ഗോള്‍ ആണെന്ന് ഞാന്‍ കരുതുന്നു. ഈ ഗോളിലൂടെയാണ് അന്ന് ഞങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് നേടിയത്. റയലിന്റെ വെള്ള ജേഴ്സി ധരിച്ചുകൊണ്ട് ചാമ്പ്യന്‍സ് ലീഗ് നേടുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല,’ സിദാന്‍ മാഡ്രിഡ് ഏക്‌സ്ട്രായിലൂടെ പറഞ്ഞു.
2002 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജര്‍മന്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു റയല്‍ കിരീടം നേടിയത്. മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ റൗളിന്റെ ഗോളിലൂടെ റയല്‍ ആയിരുന്നു ആദ്യം ലീഡ് നേടിയത്. എന്നാല്‍ പിന്നീട് ആറ് മിനിട്ടുകള്‍ക്ക് ശേഷം ലൂസിയോയിലൂടെ ജര്‍മന്‍ ടീം സമനില ഗോള്‍ നേടി. ഒടുവില്‍ ഫ്രഞ്ച് ഇതിഹാസത്തിന്റെ തകര്‍പ്പന്‍ ഗോളിലൂടെ റയല്‍ മാഡ്രിഡ് മത്സരം വിജയിക്കുകയായിരുന്നു.
പിന്നീട് റയലിന്റെ പരിശീലകനായും സിദാന്‍ പ്രവര്‍ത്തിച്ചിരുന്നു. ഫ്രഞ്ച് ഇതിഹാസത്തിന്റെ നേതൃത്വത്തിലാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് തുടര്‍ച്ചയായ മൂന്ന് തവണയും വിജയിച്ചത്. 2021ലായിരുന്നു ലോസ് ബ്ലാങ്കോസിന്റെ പരിശീലക സ്ഥാനത്തുനിന്നും സിദാന്‍ പടിയിറങ്ങിയത്.
ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ ടീമാണ് ലോസ് ബ്ലാങ്കോസ്. 15 തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ നിലവിലെ ചാമ്പ്യന്മാരും റയല്‍ മാഡ്രിഡ് തന്നെയാണ്. കഴിഞ്ഞ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് വീണ്ടും യൂറോപ്പിലെ രാജാക്കന്മാരായി മാറിയത്.
നിലവില്‍ ലാ ലീഗയിൽ ഈ സീസണിൽ നാലു മത്സരങ്ങളില്‍ നിന്നും രണ്ട് വീതം വിജയവും സമനിലയുമായി എട്ടു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ലോസ് ബ്ലാങ്കോസ്. നാലു മത്സരങ്ങളും വിജയിച്ചു കൊണ്ട് 12 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ബാഴ്സയുമാണ് ഉള്ളത്.
Content Highlight: Zinedine Zidane Talks Real Madrid UCL Win