മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ ടെൻ ഹാഗിന്റെ പകരക്കാരനായി സിദാൻ എത്തുമോ? സാധ്യതകൾ
Football
മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ ടെൻ ഹാഗിന്റെ പകരക്കാരനായി സിദാൻ എത്തുമോ? സാധ്യതകൾ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st November 2023, 3:27 pm

ടെന്‍ ഹാഗിന്റെ കീഴില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരാശാജനകമായ പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഫ്രഞ്ച് ഇതിഹാസം സിനദീന്‍ സിദാന്‍ ഏറ്റെടുക്കുമെന്ന ശക്തമായ റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു.

ഇപ്പോള്‍ വിഷയത്തില്‍ തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിദാന്‍. പല കാരണങ്ങള്‍ കൊണ്ട് യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് സിദാന്‍ പറഞ്ഞത്.

‘ഞാന്‍ ഒരു കളിക്കാരന്‍ ആയിരുന്ന സമയത്ത് എനിക്ക് എല്ലാ ക്ലബ്ബുകളും തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ ഒരു പരിശീലകന്‍ എന്ന നിലയില്‍ എനിക്ക് ഒരുപാട് ക്ലബ്ബുകളില്‍ പോവാന്‍ സാധിക്കില്ല. എനിക്ക് ഒന്നോ രണ്ടോ ക്ലബ്ബുകളില്‍ ചേരാം. ഞാന്‍ ഒരു ക്ലബ്ബില്‍ എത്തിച്ചേര്‍ന്നാല്‍ അവിടെ വിജയിക്കണം. ഞാന്‍ ഇത് എല്ലാ മാന്യതയോടും കൂടിയാണ് പറയുന്നത്. മറ്റ് ചില കാരണങ്ങളാല്‍ എനിക്ക് പലയിടത്തും പോകാന്‍ സാധിക്കില്ല. ഉദാഹരണത്തിന് ഭാഷകള്‍ ചില വ്യത്യസ്തമായ വ്യവസ്ഥകള്‍ എല്ലാം എന്നെ ബുദ്ധിമുട്ടാക്കുന്നു. ആളുകള്‍ എന്നോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകാന്‍ പറയുമ്പോള്‍ എനിക്ക് ഇംഗ്ലീഷ് പൂര്‍ണമായി അറിയാത്തതുകൊണ്ടാണ്. ഭാഷ അറിയാതെ മറ്റു ക്ലബ്ബുകളില്‍ പോകുന്ന പരിശീലകര്‍ ഒരുപാടുണ്ട്. എന്നാല്‍ ഞാന്‍ ഇതില്‍നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു,’ സിദാന്‍ ലെ എക്വപ്പിനോട് പറഞ്ഞു.

സിദാന്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനൊപ്പം അവിസ്മരണീയമായ കോച്ചിങ് കരിയറാണ് പടുത്തുയര്‍ത്തിയത്. റയല്‍ മാഡ്രിഡിനെ ഹാട്രിക് ചാമ്പ്യന്‍സ് കിരീടത്തിലേക്ക് സിദാന്‍ നയിച്ചത് മറ്റൊരു കോച്ചിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ്.

2021ല്‍ റയലില്‍ നിന്നും പരിശീലകസ്ഥാനത്ത് നിന്നും സിദാന്‍ പടിയിറങ്ങി. തുടര്‍ന്ന് പല വമ്പന്‍ ക്ലബ്ബുകളും സിദാന്റെ പുറകില്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം ഫ്രഞ്ച് ഇതിഹാസം തള്ളികളയുകയായിരുന്നു.

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പത്ത് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവും അഞ്ച് തോല്‍വിയും അടക്കം 15 പോയിന്റുമായി പത്താം സ്ഥാനത്താണ്.

Content Highlight: zinedine zidane talks about to join manchester united as a coach.