| Wednesday, 17th July 2024, 1:31 pm

അവനെപോലെ വ്യത്യസ്ത കഴിവുള്ള താരങ്ങൾ ഫുട്‍ബോളിൽ കുറവാണ്: സിദാൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ഫുട്‌ബോളിലെ ഏറ്റവും മികച്ച ഇതിഹാസതാരങ്ങളില്‍ ഒരാളാണ് സിനദീന്‍ സിദാന്‍. ഫുട്‌ബോളില്‍ ക്ലബ്ബ് തരത്തിലും രാജ്യാന്തരതലത്തിലും ഒരു പിടി അവിസ്മരണീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് സിദാന്‍. ഇപ്പോള്‍ അര്‍ജന്റീന ഇതിഹാസതാരം ലയണല്‍ മെസിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് സിദാന്‍.

‘കളിക്കളത്തില്‍ മറ്റുള്ള താരങ്ങള്‍ കാണുന്ന പല കാര്യങ്ങളും എനിക്ക് നേരത്തെ കാണാന്‍ സാധിക്കും. എന്നാല്‍ ഞാന്‍ കാണുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് തന്നെ മെസി അത് കാണും. ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്ന എല്ലാ ആളുകള്‍ക്കും ഇത്തരത്തിലുള്ള താരങ്ങള്‍ വ്യത്യസ്തമാണ്. അവരെപ്പോലെ കഴിവുകളുള്ള താരങ്ങള്‍ വളരെ കുറച്ചു മാത്രമേ ഉള്ളൂ. കളിക്കളത്തില്‍ ആയിരിക്കുമ്പോള്‍ അവന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളില്‍ അവനും മികച്ച ആത്മവിശ്വാസം ഉണ്ടായിരിക്കും,’ സിദാന്‍ അഡിഡാസിന്റെ വീഡിയോയിലൂടെ പറഞ്ഞു.

അതേസമയം കോപ്പ അമേരിക്കയുടെ ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന കിരീടം നേടിയിരുന്നു. കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.

കിരീടം നേടിയതിന് പിന്നാലെ ഒരു ചരിത്രനേട്ടവും അര്‍ജന്റീന സ്വന്തമാക്കിയിരുന്നു. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനാണ് അര്‍ജന്റീനക്ക് സാധിച്ചത്. 16 കിരീടങ്ങളാണ് അര്‍ജന്റീന കോപ്പയില്‍ നേടിയത്. 15 കിരീടങ്ങള്‍ നേടിയ ഉറുഗ്വായെ മറികടന്നുകൊണ്ടാണ് അര്‍ജന്റീന ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ മെസി പരിക്ക് പറ്റി പുറത്തായിരുന്നു. 65ാം മിനിട്ടില്‍ കാലിന് പരിക്കേറ്റതിന് പിന്നാലെയാണ് താരം മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഇനി മെസിയുടെ മുന്നിലുള്ളത് മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിക്കൊപ്പമുള്ള മത്സരങ്ങളാണ്. പരിക്കിനെ തുടര്‍ന്ന് താരത്തിന് ഈ മത്സരങ്ങളും നഷ്ടമായേക്കും.

Content Highlight: Zinedine Zidane Talks about Lionel Messi

We use cookies to give you the best possible experience. Learn more