ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ടാലെന്റട് കളിക്കാരില്‍ ഒരാളായിരുന്നു ഫ്രാന്‍സിന്റെ ഇതിഹാസം സിനദിന്‍ സിദാന്‍. പ്ലെയറായും കോച്ചായും തന്റെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സിദാന്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഒരുപാട് നേട്ടങ്ങളുള്ള സിദാന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലാക്ക്മാര്‍ക്കാണ് 2006 ലോകകപ്പ് ഫൈനലിലെ ചുവപ്പ് കാര്‍ഡ്. മത്സരത്തിലെ എക്‌സ്ട്രാ ടൈമില്‍ ഇറ്റലിയുടെ മാര്‍ക്കൊ മറ്റെരാസിയെ തല വെച്ച് നെഞ്ചില്‍ അടിച്ചതിനാണ് സിദാന് റെഡ് കാര്‍ഡ് ലഭിച്ചത്.
പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ടുനിന്ന മത്സരത്തില്‍ ഇറ്റലി ജയിക്കുകയായിരുന്നു. സിദാന്റെ പക്വതയില്ലാത്ത ആ പെരുമാറ്റത്തിന് ഇന്നും അദ്ദേഹം വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ സിദാനെ സപ്പോര്‍ട്ട് ചെയ്യുന്നവരുമുണ്ടായിരുന്നു.
എന്നാല്‍ തന്റെ പ്രവര്‍ത്തിയില്‍ അഭിമാനമൊന്നുമില്ലെന്നും അന്ന് സംഭവിച്ചത് മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സിദാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കരിയറില്‍ ഏറ്റവും മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷവും അതുതന്നെയാണ്.
‘ലിസാറാസുവിന് മാത്രമേ ആ നിമിഷം എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നുള്ളൂ. അവന്‍ എന്നോടൊപ്പം, എന്റെ അരികില്‍ ഉണ്ടായിരുന്നത് എനിക്ക് പ്രധാനമായിരുന്നു. പക്ഷേ നിങ്ങള്‍ക്ക് സമയത്തിലേക്ക് മടങ്ങാന്‍ കഴിയില്ല. ഞാന്‍ ചെയ്തതില്‍ എനിക്ക് അഭിമാനമില്ല, പക്ഷേ ഇത് എന്റെ കരിയറിന്റെ ഭാഗമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇനി അത് മാറ്റാന്‍ എനിക്ക് പറ്റില്ല. എല്ലായ്‌പ്പോഴും ബുദ്ധിമുട്ടുള്ള നിമിഷങ്ങളുണ്ട്, അതിലൊന്നാണ് ലോകകപ്പില്‍ പറ്റിയ ആ നിമിഷം,’ സിദാന്‍ പറഞ്ഞു.
1998 ലോകകപ്പ് ഫ്രാന്‍സിന് ലഭിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് സിദാനായിരുന്നു. ആ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2006 ലോകകപ്പ് ഫൈനലിലും സിദാന്‍ ഗോള്‍ നേടിയിരുന്നു. എന്നാല്‍ അസൂറിപ്പട തിരിച്ചടിച്ചപ്പോള്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു.
മറ്റരാസിയെ തല വെച്ചടിച്ച സംഭവത്തിന് ശേഷം താരം ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയായിരുന്നു. പിന്നീട് 2013ല്‍ തന്റെ കോച്ചിങ് കരിയര്‍ ആരംഭിച്ചു.
Content Highlights: Zinedine Zidane speaks about famious incident in 2006 worldcup