അവര്‍ രണ്ട് പേര്‍ക്കും സൂപ്പര്‍ ടീമുണ്ട്; പക്ഷെ യൂറോപ്പിനെ തോല്‍പിക്കാന്‍ ലാറ്റിന്‍ അമേരിക്ക പെടാപ്പാട് പെടും: ഇതിഹാസ താരം
Sports
അവര്‍ രണ്ട് പേര്‍ക്കും സൂപ്പര്‍ ടീമുണ്ട്; പക്ഷെ യൂറോപ്പിനെ തോല്‍പിക്കാന്‍ ലാറ്റിന്‍ അമേരിക്ക പെടാപ്പാട് പെടും: ഇതിഹാസ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th November 2022, 8:02 pm

കാല്‍പന്തുകളിയുടെ മജീഷ്യന്മാരാണെന്ന പേരും പെരുമയും ഉണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകകപ്പ് വിജയം നേടാനാകാതെ കുഴങ്ങുകയാണ് ലാറ്റിന്‍ അമേരിക്ക. കഴിഞ്ഞ 16 വര്‍ഷമായി യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെയാണ് കപ്പും കൊണ്ടുപോകുന്നത്.

2002ല്‍ ജര്‍മനിയെ തോല്‍പ്പിച്ച് ബ്രസീലാണ് ഒടുവില്‍ ലോകകപ്പില്‍ മുത്തമിട്ട ലാറ്റിനമേരിക്കന്‍ ടീം. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇറ്റലിയും സ്‌പെയിനും ജര്‍മനിയും ഫ്രാന്‍സുമാണ് കിരീടം ചൂടിയത്.

ഇതില്‍ തന്നെ മൂന്ന് ഫൈനലുകളിലും പരസ്പരം ഏറ്റുമുട്ടിയതും യൂറോപ്യന്‍ ടീമുകളായിരുന്നു. 2014ല്‍ അര്‍ജന്റീന മാത്രമാണ് ഇക്കഴിഞ്ഞ 16 വര്‍ഷങ്ങള്‍ക്കിടയില്‍ ഫൈനലിലെത്തിയ ഒരേയൊരു ലാറ്റിനമേരിക്കന്‍ ടീം. അന്ന് ജര്‍മനിയോട് തോല്‍വിയേറ്റ് വാങ്ങാനായിരുന്നു അര്‍ജന്റീനയുടെ വിധി.

ഇപ്രാവശ്യം ലോകകപ്പ് ഫേവറിറ്റുകളായി ബ്രസീലും അര്‍ജന്റീനയും മുന്‍പന്തിയിലുണ്ടെങ്കിലും ഫ്രാന്‍സും ഇംഗ്ലണ്ടും ജര്‍മനിയുമെല്ലാം കരുത്തുറ്റ സ്‌ക്വാഡുമായാണ് ഖത്തറിലെത്തിയിരിക്കുന്നത്.

അതുകൊണ്ട് തന്നെ നീണ്ടനാള്‍ കയ്യിലൊതുങ്ങാതിരുന്ന ലോകകപ്പ് നേടുക എന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ മോഹം അത്ര വേഗം നടപ്പിലാകില്ലെന്ന് കരുതുന്നവരും കുറവല്ല.

ഈ അഭിപ്രായത്തെ കൂടുതല്‍ ശരിവെക്കുകയാണ് ഫ്രാന്‍സിന്റെ ഇതിഹാസതാരമായ സിനദീന്‍ സിദാന്റെ വാക്കുകള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പിലെ യൂറോപ്യന്‍ ഫുട്‌ബോളും ലാറ്റിനമേരിക്കന്‍ ഫുട്‌ബോളും തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് സിദാന്‍ സംസാരിച്ചത്.

‘അര്‍ജന്റീനയും ബ്രസീലും എപ്പോഴും വലിയ ഭീഷണിയാണ്. അവര്‍ക്ക് പതിവുപോലെ മികച്ച സ്‌ക്വാഡുണ്ട്. സമീപകാലത്ത് ഇരു ടീമുകള്‍ക്കും കൂടുതലൊന്നും ചെയ്യാനായില്ല. എന്നാല്‍ ഖത്തറില്‍ അവര്‍ മികച്ച പ്രകടനം നടത്തിയേക്കും. അടുത്ത കാലത്തായി മികച്ച ഫോമിലാണ് രണ്ട് ടീമുകളും.

എങ്കിലും യൂറോപ്യന്‍ ടീമുകള്‍ തങ്ങളുടെ ആധിപത്യം അത്രവേഗം കൈവിടില്ല. യൂറോ ടീമുകളെ തോല്‍പിക്കാന്‍ ലാറ്റിനമേരിക്കന്‍ ടീമുകള്‍ വിയര്‍ക്കേണ്ടി വരും,’ സിദാന്‍ പറയുന്നു.

അതേസമയം നവംബര്‍ 20നാണ് ആദ്യ മത്സരത്തിലൂടെ ലോകകപ്പിന് തുടക്കമാകുന്നത്. ആതിഥേയ രാജ്യമായ ഖത്തറും ഇക്വഡോറും തമ്മിലാണ് മാച്ച്.

Content Highlight: Zinedine Zidane says it won’t be easy for the LatinAamerican teams to win over European teams in Qatar World Cup