| Thursday, 25th May 2023, 12:39 pm

ഫുട്‌ബോളില്‍ ചരിത്രം സൃഷ്ടിച്ച പലരുമുണ്ട്, എന്നാല്‍ ആരും അവനോളം വരില്ല; ഇതിഹാസ താരത്തെ കുറിച്ച് സിനദിന്‍ സിദാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച പരിശീലകരില്‍ ഒരാളാണ് സിനദിന്‍ സിദാന്‍. ഒരു കളിക്കാരനെന്ന നിലയില്‍ പ്രതിഭ തെളിയിച്ച സിദാന്‍ പരിശീലകന്റെ കുപ്പായത്തിലും അതാവര്‍ത്തിച്ചിട്ടുണ്ട്. താന്‍ പരിശീലിപ്പിച്ചവരില്‍ ഏറ്റവും പ്രിയപ്പെട്ട കളിക്കാരന്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. റോണോ റയല്‍ മാഡ്രിഡിനായി ബൂട്ടുകെട്ടുമ്പോള്‍ അദ്ദേഹത്തെ കുറിച്ച് സിദാന്‍ പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.

ഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ചരിത്രം കുറിച്ച നിരവധി താരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും റോണോയോളം വരില്ല അവരെന്നാണ് സിദാന്‍ പറഞ്ഞത്. റോണോ വിരമിക്കുന്നത് വരെ ഇപ്പോഴുള്ള ഫോമില്‍ തുടരാന്‍ സാധിക്കുമെന്നും സിദാന്‍ മുമ്പ് പറഞ്ഞിരുന്നു. സ്‌പെയ്‌നിലെ ഒരു ലോക്കല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദാന്‍ റൊണാള്‍ഡോയെ പ്രശംസിച്ച് സംസാരിച്ചത്.

‘ഫുട്‌ബോളില്‍ ചരിത്രം സൃഷ്ടിച്ച ഒരുപാട് താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരും റോണോയോളം വരില്ല. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അത് വ്യക്തമാകും. അവന്‍ ഫുട്‌ബോളില്‍ ചെയ്തതെല്ലാം ആകര്‍ഷണീയമാണ്. റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. അവനെ അവനെ കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല. റയല്‍ മാഡ്രിഡില്‍ അവന്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. അവന്‍ വിരമിക്കുന്നത് വരെ ഇതുപോലെ തുടരുമെന്ന് എനിക്കുറപ്പുണ്ട്,’ സിദാന്‍ പറഞ്ഞു.

2009ലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. ലോസ് ബ്ലാങ്കോസിനായി കളിച്ച 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകള്‍ താരം അക്കൗണ്ടിലാക്കിയിട്ടുണ്ട്. നീണ്ട ഒമ്പത് വര്‍ഷത്തെ റയല്‍ ജീവിതത്തിന് ശേഷം 2018ല്‍ താരം സാന്ത്യാഗോ ബെര്‍ണബ്യൂവിന്റെ പടിയിറങ്ങി യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. എന്നാല്‍ യുവന്റസില്‍ റോണോക്ക് തന്റെ പ്രതിഭ തെളിയിക്കാന്‍ സാധിച്ചിരുന്നില്ല.

2021ല്‍ റോണോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയെങ്കിലും ക്ലബ്ബില്‍ താരം അര്‍ഹിച്ച സ്ഥാനമാനങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2022ന്റെ അവസാനത്തോടെ താരം യുണൈറ്റഡ് വിട്ടു.

നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് റൊണാള്‍ഡോ ബൂട്ടുകെട്ടുന്നത്. അറേബ്യന്‍ മണ്ണില്‍ മികവ് പുലര്‍ത്തുന്ന റോണോ തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നതാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. റോണോയുടെ മികവില്‍ സൗദി ലീഗില്‍ മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തി നില്‍ക്കുകയാണ് അല്‍ നസര്‍. അല്‍ ഇത്തിഹാദാണ് പട്ടികയില്‍ ഒന്നാമത്. ശേഷിക്കുന്ന മത്സരങ്ങളില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത് റൊണാള്‍ഡോക്ക് ടൈറ്റില്‍ പേരിലാക്കി കൊടുക്കാന്‍ സാധിക്കുമെന്നാണ് അല്‍ നസറിന്റെ പ്രതീക്ഷ.

Content Highlights: Zinedine Zidane praises Cristiano Ronaldo

We use cookies to give you the best possible experience. Learn more