റൊണാൾഡൊയില്ല, റയലിൽ പരിശീലകനായപ്പോൾ കളികൊണ്ട് ആകർഷിച്ച മൂന്ന് താരങ്ങളെ വെളിപ്പെടുത്തി സിദാൻ
Football
റൊണാൾഡൊയില്ല, റയലിൽ പരിശീലകനായപ്പോൾ കളികൊണ്ട് ആകർഷിച്ച മൂന്ന് താരങ്ങളെ വെളിപ്പെടുത്തി സിദാൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th June 2024, 2:27 pm

റയല്‍ മാഡ്രിഡില്‍ പരിശീലകനായിരിക്കുന്ന സമയത്ത് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍.

കരിം ബെന്‍സിമ, ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച് എന്നീ താരണങ്ങളെയാണ് ഫ്രഞ്ച് ഇതിഹാസം തെരഞ്ഞെടുത്തത്. മാഡ്രിഡ് എക്‌സ്ട്രാസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു സിദാൻ.

‘ഒരു പരിശീലകന്‍ എന്ന നിലയില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കളിക്കാര്‍ ക്രൂസും മോഡ്രിച്ചും ബെന്‍സിമയുമാണ്. കളിക്കളത്തില്‍ അവര്‍ ഒരു പന്തുപോലും നഷ്ടപ്പെടുത്താതെ ഒരു മണിക്കൂറോളം കളിക്കും. അതാണ് അവര്‍ കളിക്കുന്ന ഫുട്‌ബോള്‍,’ സിദാന്‍ പറഞ്ഞു.

2016 മുതല്‍ 2018 വരെയാണ് സിദ്ധാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക കുപ്പായമണിഞ്ഞത്. തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ സിദാന്റെ കീഴില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ റയല്‍ മാഡ്രിഡിന് സാധിച്ചിരുന്നു. റയലിനായി ഒരു ലാ ലിഗയും സൂപ്പര്‍ കോപ്പ ഡി എസ്പാനയും സിദാന്‍ നേടികൊടുത്തു.

സിദാന്‍ തെരഞ്ഞെടുത്ത മൂന്നു താരങ്ങളും റയല്‍ മാഡ് ചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തിയവരാണ്. ലോസ് ബ്ലാങ്കോസിനൊപ്പം 648 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ബെന്‍സിമ 354 ഗോളുകളും 165 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്.

450 ഗോളുകള്‍ റയലിനു വേണ്ടി നേടിയ പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നില്‍ റയലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ടോപ് സ്‌കോറര്‍ കൂടിയാണ് ബെന്‍സിമ. 2023 ലാണ് ഫ്രഞ്ച് സൂപ്പര്‍താരം റയല്‍ മാഡ്രിഡില്‍ നിന്നും പടിയിറങ്ങിയത്. ബെന്‍സിമ നിലവില്‍ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഇത്തിഹാദിന്റെ താരമാണ്.

ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചും റയല്‍ മാഡ്രിനൊപ്പം അവിസ്മരണീയമായ ഒരു കരിയറാണ് കെട്ടിപ്പടുത്തുയര്‍ത്തിയത്. 234 മത്സരങ്ങളില്‍ റയലിനായി പന്തുതട്ടിയ 39 ഗോളുകളും 86 അസിസ്റ്റുകളും ആണ് നേടിയത്. റയലിനൊപ്പം 26 കിരീട നേട്ടത്തിലാണ് ക്രൊയേഷ്യന്‍ സൂപ്പര്‍ താരം പങ്കാളിയായിട്ടുള്ളത്.

ജര്‍മന്‍ സൂപ്പര്‍ താരം ടോണി ക്രൂസും റയല്‍ മാഡ് ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ പേരെഴുതി ചേര്‍ത്ത താരമാണ്. ഈ സീസണോട് കൂടി ടോണി ക്രൂസ് റയല്‍ മാഡ്രിനൊപ്പം ഉള്ള തന്റെ നീണ്ട ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചിരുന്നു.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ട് റയലിന്റെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തില്‍ പങ്കാളിയായി കൊണ്ടാണ് ക്രൂസ് ക്ലബ്ബിനോട് വിട പറഞ്ഞത്. റയല്‍ മാഡ്രിഡിന്റെ മധ്യനിരയില്‍ 465 മത്സരങ്ങളില്‍ കളിച്ച ക്രൂസ് 28 ഗോളുകളും 99 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്.

 

Content Highlight: Zinedine Zidan Talks the most attractive person as a coach in Real Madrid