| Saturday, 28th January 2023, 12:54 pm

ഒടുവില്‍ മടക്കം തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ; സിദാന്‍ വീണ്ടും പരിശീലക സ്ഥാനത്തേക്ക്; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍. പ്ലെയറായും കോച്ചായും തന്റെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സിദാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

പ്ലെയിങ് കരിയറില്‍ ഇതിഹാസമായ സിദാന്‍ കോച്ചിങ് കരിയറിലേക്ക് വന്നപ്പോള്‍ മറ്റാര്‍ക്കും സാധിക്കാത്ത ഉയരമാണ് കീഴടക്കിയത്.

റയല്‍ മാഡ്രിഡിന്റെ കോച്ചായിരുന്ന മുന്‍ താരം കഴിഞ്ഞ സീസണിലാണ് പരിശീലക സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് പല വന്‍ ക്ലബ്ബുകളിലേക്കും പരിശീലകനായി ക്ഷണം ഉണ്ടായിരുന്നുണ്ടെങ്കിലും അദ്ദേഹം പോകാന്‍ തയ്യാറായിരുന്നില്ല.

ഫ്രാന്‍സ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന ദീര്‍ഘ നാളത്തെ ആഗ്രഹമാണ് താരത്തെ ക്ലബ്ബ് ഫുട്ബോളിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കിയത്.

എന്നാല്‍ ലോകകപ്പിന് ശേഷം നിലവില്‍ ഫ്രഞ്ച് ടീമിന്റെ പരിശീലകനായ ദിദിയര്‍ ദെഷാംപ്സിന്റെ കരാര്‍ പുതുക്കിയതോടെ സിദാന്‍ ക്ലബ് ഫുട്‌ബോളിലേക്ക് മടങ്ങുന്നു എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.

ദി അത്‌ലെറ്റിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം സിദാന്‍ മുമ്പ് പരിശീലിപ്പിച്ച റയല്‍ മാഡ്രിഡിലേക്ക് തന്നെയാണ് മടങ്ങുന്നത്. നിലവില്‍ റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ട് ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീകനായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ആ സ്ഥാനത്തേക്കാണ് റയലില്‍ സിദാന്‍ പരിശീലകനായി എത്തുക എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സിദാന്‍ മുമ്പ് കളിച്ചിരുന്ന ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്ക് പോകാന്‍ സാധ്യതയുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി സിദാനും യുവന്റസ് നേതൃത്വവും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിദാന്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫ്രാന്‍സില്‍ കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ കരാര്‍ പുതുക്കിയതിനാല്‍ സിദാന്‍ ക്ലബ്ബുകളിലൊന്നില്‍ പരിശീകലനായി കേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlights: Zinadine Zidane will sign as the coach in Real Madrid

We use cookies to give you the best possible experience. Learn more