ഫുട്ബോൾ പ്രേമികളെ എപ്പോഴും കുഴയ്ക്കുന്ന, വീറോടെയുള്ള സംവാദത്തിന് അവരെ പ്രേരിപ്പിക്കുന്ന, ഉച്ചത്തിലുള്ള ഫാൻ ഫൈറ്റുകൾക്ക് കാരണമാകുന്ന ഒരു ചോദ്യമുണ്ട്. മെസിയോ? റൊണാൾഡോയോ? ആരാണ് മികച്ചവൻ? ആരാണ് GOAT? (Greatest Of All Time).
ആധുനിക ഫുട്‌ബോൾ ഇതിഹാസങ്ങളായ ലയണൽ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചതെന്ന ചോദ്യത്തിന് തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഫുട്‍ബോൾ ഇതിഹാസം സിനദിൻ സിദാൻ.
റൊണാൾഡോയും മെസിയും തമ്മിലുള്ള മത്സരം ആകർഷകമാണെന്നും എന്നാൽ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എക്കാലത്തെയും മികച്ച താരമെന്നുമാണ് താൻ വിശ്വസിക്കുന്നതെന്നും സിദാൻ വ്യക്തമാക്കി.
“ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഏറ്റവും മികച്ചത്. മെസി അവന്റെ എതിരാളിയാണ്. എല്ലാവരും ആവേശത്തോടെ കാണാൻ ആഗ്രഹിക്കുന്ന മത്സരമാണിത്. എന്നാൽ റൊണാൾഡോ അസാധാരണനാണ്. അവനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. അവൻ എക്കാലത്തെയും മികച്ച താരമാണ്,’ സിദാൻ പറഞ്ഞു.
അതേസമയം, 2003ൽ 16വയസ്സ് പ്രായമുള്ളപ്പോൾ പോർട്ടോക്കെതിരെയാണ് ബാഴ്സക്കായി മെസി തന്റെ അരങ്ങേറ്റമത്സരം കളിച്ചത്. റൊണാൾഡോ 2002ൽ പതിനെട്ടാം വയസ്സിൽ സ്പോർട്ടിങ് ലിസ്ബണിലൂടെ മുഖ്യധാരാ ഫുട്ബോളിലേക്കെത്തി.
ക്ലബ്ബ് ഫുട്ബോൾ കരിയറിൽ നിന്നും ഇതുവരെ 701 ഗോളുകൾ റോണോ സ്വന്തമാക്കിയപ്പോൾ, മെസിയുടെ സമ്പാദ്യം 695 ഗോളുകളാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാൾഡോ തന്റെ 700ാം ഗോൾ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്ബോളിൽ 700 ഗോൾ തികയ്ക്കുന്ന ആദ്യ ഫുട്ബോൾ താരമായി റൊണാൾഡോ മാറിയിരുന്നു.
ക്ലബ്ബ് ഫുട്ബോൾ ഗോൾ കണക്കിൽ മെസിയെക്കാൾ മുന്നിലാണ് റൊണാൾഡോ. പക്ഷെ റൊണാൾഡോ കളി ആരംഭിച്ച് രണ്ട് സീസണുകൾ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളിൽ സജീവമായത്.
2011-2012 സീസണിൽ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയർന്ന ഗോൾ നേട്ടം. 2014-2015 സീസണിൽ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയർന്ന ഗോൾ നേട്ടം.
എന്നാൽ അസിസ്റ്റുകളുടെ കണക്കിൽ മെസി റൊണാൾഡൊയെക്കാൾ ഏറെ മുന്നിലാണ്. സഹതാരങ്ങൾക്ക് ക്ലബ്ബ് ഫുട്ബോളിൽ മൊത്തം 296 തവണ മെസി ഗോളടിക്കാൻ അവസരമൊരുക്കിയപ്പോൾ, 201 തവണയാണ് റൊണാൾഡോയുടെ അസിസ്റ്റുകളിൽ നിന്ന് സഹതാരങ്ങൾ ഗോളുകൾ സ്വന്തമാക്കിയത്.
ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂർണമെന്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യൻസ് ലീഗിലെ ഗോളടിക്കണക്കിൽ റൊണാൾഡോ മെസിയെക്കാൾ മുന്നിലാണ്. 183 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും റോണോ 140 ഗോളടിച്ചപ്പോൾ, 161 മത്സരങ്ങളിൽ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.
എന്നാൽ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മെസിക്ക് റോണോയേക്കാൾ മുൻതൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകൾ സ്വന്തമാക്കിയപ്പോൾ. 25 മത്സരങ്ങളിൽ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത താരവും മെസിയാണ്.
Content Highlights: Zinadine Zidane talking about Lionel Messi and Cristiano Ronaldo