| Monday, 16th January 2023, 2:58 pm

'പി.എസ്.ജിയുടെ കോച്ചാകണമെങ്കില്‍ ഞാന്‍ പറയുന്നത് പോലെ ചെയ്യണം'; നിബന്ധനയുമായി സിനദിന്‍ സിദാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍. പ്ലെയറായും കോച്ചായും തന്റെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സിദാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

പ്ലെയിങ് കരിയറില്‍ ഇതിഹാസമായ സിദാന്‍ കോച്ചിങ് കരിയറിലേക്ക് വന്നപ്പോള്‍ മറ്റാര്‍ക്കും സാധിക്കാത്ത ഉയരമാണ് കീഴടക്കിയത്.

റയല്‍ മാഡ്രിഡിന്റെ കോച്ചായിരുന്ന മുന്‍ താരം കഴിഞ്ഞ സീസണിലാണ് പരിശീലക സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് പല വന്‍ ക്ലബ്ബുകളിലേക്കും പരിശീലകനായി ക്ഷണം ഉണ്ടായിരുന്നുണ്ടെങ്കിലും അദ്ദേഹം പോകാന്‍ തയ്യാറായിരുന്നില്ല.

ഫ്രാന്‍സ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന ദീര്‍ഘ നാളത്തെ ആഗ്രഹമാണ് താരത്തെ ക്ലബ്ബ് ഫുട്‌ബോളിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കിയത്.

എന്നാല്‍ ലോകകപ്പിന് ശേഷം നിലവില്‍ ഫ്രഞ്ച് ടീമിന്റെ പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സിന്റെ കരാര്‍ പുതുക്കിയതോടെ സിദാന്‍ പി.എസ്.ജിയുടെ കോച്ചാകാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിദാനെ പരിശീലകനാക്കാന്‍ പി.എസ്.ജി നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.

താന്‍ പി.എസ്.ജിയുടെ കോച്ചാകണമെങ്കില്‍ തന്റെ ഡിമാന്‍ഡ് പരിഗണിക്കമെന്ന് സിദാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. എഫ്.സി.ബാഴ്‌സലോണയുടെ ഫ്രഞ്ച് സൂപ്പര്‍താരം ഉസ്മാന്‍ ഡെംബലെയെ ക്ലബ്ബിലെത്തിക്കണമെന്ന നിബന്ധനയാണ് സിദാന്‍ പി.എസ്.ജിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

എന്നാല്‍ ഡെംബെലെയെ സൈന്‍ ചെയ്യിക്കണമെങ്കില്‍ പി.എസ്.ജിക്ക് നെയ്മറെ നഷ്ടപ്പെടുത്തേണ്ടി വരും. ഇതിനിടെ ഫ്രഞ്ച് ക്ലബ്ബ് നെയമറെ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പി.എസ്.ജി വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. പ്രമുഖ സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പി.എസ്.ജിക്ക് വമ്പന്‍ തിരിച്ചടിയാണ് ലീഗ് വണ്ണില്‍ റെന്നെസുമായുള്ള മത്സരത്തില്‍ ഉണ്ടായത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള റെന്നെസ് നിലവിലെ ടേബിള്‍ ടോപ്പര്‍മാരായ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്.

മെസിയും, നെയ്മറും, എംബാപ്പെയും മത്സരിക്കാനിറങ്ങിയ കളിയില്‍ ഏറ്റുവാങ്ങേണ്ടി വന്ന ഈ പരാജയം വലിയ നിരാശയാണ് പി.എസ്.ജി ക്യാമ്പില്‍ ഉണ്ടാക്കിയത്. മത്സരം 65 പിന്നിട്ടപ്പോള്‍ റെന്നെസ് താരം ഹമരി ട്രോറെ നേടിയ ഗോളിലാണ് പാരിസ് ക്ലബ്ബ് മത്സരത്തില്‍ പരാജയപ്പെട്ടത്.

മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായിട്ടും ഒരു ഘട്ടത്തിലും തിരിച്ചു വരുമെന്ന തോന്നല്‍ ആരാധകരിലെത്തിക്കാന്‍ പ്രശസ്തമായ പി.എസ്.ജിയുടെ മുന്നേറ്റ നിരക്ക് സാധിച്ചില്ല. മത്സരത്തില്‍ ആകെ ഒരു ഓണ്‍ ഗോള്‍ ടാര്‍ഗറ്റ് മാത്രമേ എടുക്കാന്‍ പി. എസ്.ജിക്കായുള്ളൂ.

Content Highlights: Zinadine Zidane revealed his demand to sign with PSG

We use cookies to give you the best possible experience. Learn more