ലയണല്‍ മെസി-ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്റെ വാക്കുകള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം അഡിഡാസ് ഒരുക്കിയ ടോക്ക് ഷോയില്‍ മെസിയും സിദാനും സംഭാഷണം നടത്തിയിരുന്നു. സംഭാഷണത്തിനിടെ സിദാന്‍ ‘മാജിക്’ എന്നാണ് മെസിയുടെ പ്രകടനകത്തെ വിശേഷിപ്പിച്ചത്.
മുന്‍ ബാഴ്‌സലോണ താരത്തെ കുറിച്ച് വര്‍ണിക്കാന്‍ പറഞ്ഞപ്പോള്‍ ‘അത് ഒറ്റ വാക്കാണ്: ‘മാജിക്’ എന്നായിരുന്നു സിദാന്റെ പ്രതികരണം. മാജിക് എന്ന് പറയുമ്പോള്‍ പന്ത് കിട്ടുന്നതിന് മുമ്പ് തന്നെ എന്താണ് ചെയ്യേണ്ടതെന്ന് അവനറിയാം എന്നും സിദാന്‍ പറഞ്ഞു.
‘കരിയറിന്റെ അവസാനഘട്ടത്തില്‍ ഞാനും ലിയോയും ഒരുമിച്ചായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ ദിവസം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, ഞാന്‍ അവനെ എത്രത്തോളം ആരാധിക്കുന്നുണ്ട് എന്ന് എനിക്ക് തുറന്നുപറയാന്‍ സാധിച്ചു.
എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ പ്രകടനം മാജിക് ആണെന്നാണ്. കാരണം, പന്ത് കിട്ടുന്നതിന് മുമ്പ് തന്നെ എന്താണ് ചെയ്യേണ്ടതെന്ന് അവന് ധാരണയുണ്ടാകും,’ സിദാന്‍ പറഞ്ഞു.
എന്നാല്‍ മെസിയെ സിദാന്‍ പ്രശംസിക്കുന്ന ഈ അഭിമുഖത്തിന് പിന്നാലെ മെസി-റോണോ ഫാന്‍ ഡിബേറ്റിലെ സിദാന്റെ വാചകങ്ങള്‍ തരംഗമാവുകയാണിപ്പോള്‍. 2020ല്‍ നടന്ന ഒരു അഭിമുഖത്തില്‍ മെസിയാണോ ക്രിസ്റ്റിയാനോയാണോ മികച്ചതെന്ന് ചോദിക്കുമ്പോള്‍ സിദാന്‍ പോര്‍ച്ചുഗല്‍ വിങ്ങറിന്റെ പേര് പറയുകയായിരുന്നു.
‘ക്രിസ്റ്റ്യാനോയാണ് മികച്ചത്. മെസി അവന്റെ എതിരാളി മാത്രമാണ്. റോണോയെ കുറിച്ച് വര്‍ണിക്കാന്‍ വാക്കുകളില്ല. അവന്‍ എന്നെക്കാളും മികച്ചതാണ്. ക്രിസ്റ്റ്യാനോയാണ് എക്കാലത്തെയും മികച്ച താരം,’ എന്നായിരുന്നു സിദാന്‍ മുമ്പ് പറഞ്ഞിരുന്നത്.
ഫുട്ബോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ചരിത്രം കുറിച്ച നിരവധി താരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും റോണോയോളം വരില്ല അവരെന്നും സിദാന്‍ പറഞ്ഞിരുന്നു. റോണോ വിരമിക്കുന്നത് വരെ ഇപ്പോഴുള്ള ഫോമില്‍ തുടരാന്‍ സാധിക്കുമെന്നും സിദാന്‍ പറഞ്ഞു.
‘ഫുട്ബോളില്‍ ചരിത്രം സൃഷ്ടിച്ച ഒരുപാട് താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരും റോണോയോളം വരില്ല. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അത് വ്യക്തമാകും. അവന്‍ ഫുട്ബോളില്‍ ചെയ്തതെല്ലാം ആകര്‍ഷണീയമാണ്.
റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. അവനെ കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല. റയല്‍ മാഡ്രിഡില്‍ അവന്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. അവന്‍ വിരമിക്കുന്നത് വരെ ഇതുപോലെ തുടരുമെന്ന് എനിക്കുറപ്പുണ്ട്,’ സിദാന്‍ പറഞ്ഞു.
Content Highlights: Zinadine Zidane praises Lionel Messi