ഒരു കോച്ചെന്ന നിലയില്‍ അവനെ പരിശീലിപ്പിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? സൂപ്പര്‍താരത്തെ കുറിച്ച് സിനദിന്‍ സിദാന്‍
Football
ഒരു കോച്ചെന്ന നിലയില്‍ അവനെ പരിശീലിപ്പിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? സൂപ്പര്‍താരത്തെ കുറിച്ച് സിനദിന്‍ സിദാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd July 2023, 10:01 pm

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു സിനദിന്‍ സിദാന്‍. പ്ലെയറായും കോച്ചായും തന്റെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സിദാന്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്ലെയിങ് കരിയറില്‍ ഇതിഹാസമായ സിദാന്‍ കോച്ചിങ് കരിയറിലേക്ക് വന്നപ്പോള്‍ മറ്റാര്‍ക്കും സാധിക്കാത്ത ഉയരമാണ് കീഴടക്കിയത്.

കരിയറില്‍ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്ന താരത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ പരിശീലിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു കോച്ചെന്ന നിലയില്‍ ഒരിക്കലെങ്കിലും പരിശീലിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന താരമാണ് എംബാപ്പെയെന്നും ഏത് കാര്യത്തിലാണെങ്കിലും എംബാപ്പെയോട് തനിക്ക് മതിപ്പുണ്ടെന്നും സിദാന്‍ പറഞ്ഞു. ഫ്രഞ്ച് മാധ്യമമായ എല്‍ എക്വിപ്പയോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘നിങ്ങളൊരു പരിശീലകനാണെങ്കില്‍ അവിടെ എംബാപ്പെയെ പോലൊരു കളിക്കാരനുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളവനെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കും. എന്നെങ്കിലുമൊരിക്കല്‍ അത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നു. ഫ്രാന്‍സിന്റെ ജേഴ്‌സി നന്നായി അണിയുന്ന താരമാണവന്‍. അവന്റെ എല്ലാ കാര്യത്തിലും എനിക്ക് മതിപ്പുണ്ട്. അവന്‍ സുന്ദരനും ശക്തനുമാണ്,’ സിദാന്‍ പറഞ്ഞു.

അതേസമയം, റയല്‍ മാഡ്രിഡിന്റെ കോച്ചായിരുന്ന സിദാന്‍ കഴിഞ്ഞ സീസണിലാണ് പരിശീലക സ്ഥാനമൊഴിയുന്നത്. അദ്ദേഹത്തെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഈ സീസണില്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ പടിയറങ്ങിയതോടെ സിദാനെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Zinadine Zidane praises Kylian Mbappe