എംബാപ്പെയല്ല, ഫ്രാന്‍സിലെ മികച്ച താരത്തെ കുറിച്ച് സിനദിന്‍ സിദാന്‍
Football
എംബാപ്പെയല്ല, ഫ്രാന്‍സിലെ മികച്ച താരത്തെ കുറിച്ച് സിനദിന്‍ സിദാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th June 2023, 10:09 pm

ആധുനിക ഫുട്ബോളില്‍ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കുമൊപ്പം പ്രകടനമികവുകൊണ്ട് എത്തി നില്‍ക്കുന്ന താരമാണ് ഫ്രഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ. നിലവില്‍ ബൂട്ടുകെട്ടുന്ന പി.എസ്.ജിയില്‍ മാത്രമല്ല ഫ്രാന്‍സ് ദേശീയ ടീമിലും താരം തന്റെ കഴിവ് തെളിയിച്ചതാണ്.

എന്നാല്‍ ഫ്രഞ്ച് ഫുട്ബോളിലെ ദ ബെസ്റ്റ് പ്ലെയര്‍ എന്ന് ഇതിഹാസതാരം സിനദിന്‍ സിദാന്‍ വിശേഷിപ്പിച്ചത് എംബാപ്പെയെ അല്ല. 35ാം വയസിലും സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന ബെന്‍സിമയെ പ്രശംസിച്ചാണ് സിദാന്‍ സംസാരിച്ചത്.

കഴിഞ്ഞ സീസണില്‍ ബെന്‍സിമ ബാലണ്‍ ഡി ഓര്‍ നേടിയതിന് പിന്നാലെ താരത്തെ പ്രശംസിച്ച് സിദാന്‍ പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍. തന്നെ സംബന്ധിച്ച് ബെന്‍സിമയാണ് മികച്ച ഫ്രഞ്ച് ഫുട്ബോളര്‍ എന്നും അതാണിവിടെ അദ്ദേഹം തെളിയിച്ച് കൊണ്ടിരിക്കുന്നതെന്നുമാണ് ബെന്‍സിമ പറഞ്ഞത്. സി.എന്‍.എന്നിനോടാണ് സിദാന്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘കുറെ കാലമായി റയല്‍ മാഡ്രിഡില്‍ കളിക്കുന്ന താരമാണ് ബെന്‍സിമ. 500ല്‍ കൂടുതല്‍ മത്സരങ്ങള്‍ അവന്‍ റയലിനായി കളിച്ചു. അവന്റെ ഗോള്‍ നേട്ടങ്ങള്‍ ഓരോ റെക്കോഡുകളായി നമ്മോട് സംസാരിക്കുന്നു. എന്നെ സംബന്ധിച്ച് അതെ, ബെന്‍സിമയാണ് മികച്ച താരം,’ സിദാന്‍ പറഞ്ഞു.

അതേസമയം, 2022ലെ ബാലണ്‍ ഡി ഓര്‍ ജേതാവായ ബെന്‍സിമ റയല്‍ മാഡ്രിഡിനായി കളിച്ച 647 മത്സരങ്ങളില്‍ നിന്ന് 353 ഗോളുകള്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിലും ക്ലബ്ബ് തല മത്സരങ്ങളിലുമായി 10 തവണ സൈമണ്‍ ബെന്‍സിമക്കെതിരെ കളിച്ചിട്ടുണ്ട്. അതില്‍ ഏഴ് തവണ സൈമണെ വെട്ടിച്ച് വലകുലുക്കാന്‍ ബെന്‍സിമക്ക് സാധിച്ചിരുന്നു.

2009ല്‍ ലിയോണില്‍ നിന്നുമാണ് ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ലോസ് ബ്ലാങ്കോസിന്റെ ഭാഗമാകുന്നത്. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലുകള്‍ സ്വന്തമാക്കിയ ബെന്‍സെമ നാല് തവണ റയലിനെ സ്പാനിഷ് ചാമ്പ്യന്‍മാരാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

റയലിനായി കളിച്ച 647 മത്സരങ്ങളില്‍ നിന്നും 353 ഗോളുകളാണ് ബെന്‍സെമ അടിച്ചുകൂട്ടിയത്. 2022-23 സീസണില്‍ മാത്രം 42 മത്സരങ്ങളില്‍ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാന്‍ ബെന്‍സെമക്ക് സാധിച്ചു.

അതേസമയം, സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി പിരിഞ്ഞ കരിം ബെന്‍സിമ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ റയലുമായുള്ള കരാര്‍ അവസാനിച്ച ബെന്‍സിമയെ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അറേബ്യന്‍ മണ്ണിലേക്ക് നീങ്ങാനായിരുന്നു താരത്തിന്റെ തീരുമാനം.

Content Highlights: Zinadine Zidane praises Karim Benzema