ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ. പ്ലെയറായും കോച്ചായും തന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ സിദാൻ സ്വന്തമാക്കിയിട്ടുണ്ട്.
പ്ലെയിങ് കരിയറിൽ ഇതിഹാസമായ സിദാൻ കോച്ചിങ് കരിയറിലേക്ക് വന്നപ്പോൾ മറ്റാർക്കും സാധിക്കാത്ത ഉയരമാണ് കീഴടക്കിയത്.
റയൽ മാഡ്രിഡിന്റെ കോച്ചായിരുന്ന മുൻ താരം കഴിഞ്ഞ സീസണിലാണ് പരിശീലക സ്ഥാനമൊഴിയുന്നത്. തുടർന്ന് പല വൻ ക്ലബ്ബുകളിലേക്കും പരിശീലകനായി ക്ഷണം ഉണ്ടായിരുന്നുണ്ടെങ്കിലും അദ്ദേഹം പോകാൻ തയ്യാറായിരുന്നില്ല.
ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന ദീർഘ നാളത്തെ ആഗ്രഹമാണ് താരത്തെ ക്ലബ്ബ് ഫുട്‌ബോളിലേക്ക് പോകുന്നതിൽ നിന്ന് വിലക്കിയത്.
എന്നാൽ ലോകകപ്പിന് ശേഷം നിലവിൽ ഫ്രഞ്ച് ടീമിന്റെ പരിശീലകനായ ദിദിയർ ദെഷാംപ്‌സിന്റെ കരാർ പുതുക്കിയതോടെ സിദാൻ ക്ലബ് ഫുട്ബോളിലേക്ക് മടങ്ങുന്നു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.
മുമ്പ് കളിച്ചിരുന്ന ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്കാണ് സിദാൻ ചേക്കേറുന്നതെന്നാണ് റിപ്പോർട്ട്. പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി സിദാനും യുവന്റസ് നേതൃത്വവും തമ്മിൽ ചർച്ചകൾ നടന്നതായും റിപ്പോർട്ടുണ്ട്.
ഈ സീസണിൽ യുവന്റസ് അത്ര മികച്ച ഫോമിലല്ല കളിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്ന മത്സരത്തിൽ നാപ്പോളിയോട് ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തോൽവി വഴങ്ങിയ യുവന്റസ് നാപ്പോളിക്ക് പത്ത് പോയിന്റ് പിന്നിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ അല്ലെഗ്രിക്ക് സ്ഥാനം നഷ്‌ടമായേക്കാം. ഈ സീസണിലെ യുവന്റസിന്റെ പ്രകടനം വിലയിരുത്തിയതിന് ശേഷമാകും സിദാന് അവസരം നൽകുക.
ഇതിനിടെ സിദാൻ പി.എസ്.ജിയുടെ കോച്ചാകാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സിദാനെ പരിശീലകനാക്കാൻ പി.എസ്.ജി നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.
Content Highlights: Zinadine Zidane is going to sign with Juventus