റയല്‍ മാഡ്രിഡ് ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തെത്തണമെങ്കില്‍ മൂന്ന് താരങ്ങളെ സൈന്‍ ചെയ്യിക്കണമെന്ന് സിനദിന്‍ സിദാന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. നിലവില്‍ ലോസ് ബ്ലാങ്കോസിന്റെ കോച്ചായ കാര്‍ലോ ആന്‍സലോട്ടി ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബ് വിടുമെന്നും തുടര്‍ന്ന് അദ്ദേഹം ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനാകുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആന്‍സലോട്ടിക്ക് പകരക്കാരനായാണ് മുന്‍ റയല്‍ മാഡ്രിഡ് ഇതിഹാസം സിനദിന്‍ സിദാനെ ക്ലബ്ബിലെത്തിക്കാന്‍ റയല്‍ പദ്ധതിയിട്ടത്. സിദാന്‍ ക്ലബ്ബിലെത്തണമെങ്കില്‍ സ്‌ക്വാഡിന്റെ ഡെപ്ത്തും നിലവാരവും വര്‍ധിക്കണമെന്നും അതിന് അദ്ദേഹം നിര്‍ദേശിക്കുന്ന മൂന്ന് താരങ്ങളെ സൈന്‍ ചെയ്യിക്കാന്‍ റയല്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ, എ.സി മിലാനിന്റെ തിയോ ഹെര്‍ണാണ്ടസ്, റയോ വല്ലെക്കാനോയുടെ ഫ്രാന്‍ ഗാര്‍ഷ്യ എന്നീ താരങ്ങളെ റയലിലെത്തിക്കാനാണ് സിദാന്‍ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍. പ്ലെയറായും കോച്ചായും തന്റെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സിദാന്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്ലെയിങ് കരിയറില്‍ ഇതിഹാസമായ സിദാന്‍ കോച്ചിങ് കരിയറിലേക്ക് വന്നപ്പോള്‍ മറ്റാര്‍ക്കും സാധിക്കാത്ത ഉയരമാണ് കീഴടക്കിയത്.
റയല്‍ മാഡ്രിഡിന്റെ കോച്ചായിരുന്ന മുന്‍ താരം കഴിഞ്ഞ സീസണിലാണ് പരിശീലക സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് പല വന്‍ ക്ലബ്ബുകളിലേക്കും പരിശീലകനായി ക്ഷണം ഉണ്ടായിരുന്നുണ്ടെങ്കിലും അദ്ദേഹം പോകാന്‍ തയ്യാറായിരുന്നില്ല.
ഫ്രാന്‍സ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന ദീര്‍ഘ നാളത്തെ ആഗ്രഹമാണ് താരത്തെ ക്ലബ്ബ് ഫുട്‌ബോളിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കിയത്. എന്നാല്‍ ലോകകപ്പിന് ശേഷം നിലവില്‍ ഫ്രഞ്ച് ടീമിന്റെ പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സിന്റെ കരാര്‍ പുതുക്കിയതോടെയാണ് സിദാന്‍ ക്ലബ്ബ് ഫുട്‌ബോളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം ലാ ലിഗയില്‍ ജിറോണക്കെതിരെ നടന്ന മത്സരത്തില്‍ റയല്‍ തോല്‍വി വഴങ്ങിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജിറോണ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചത്. ഈ സീസണില്‍ ഇതുവരെ നടന്ന 31 മത്സരങ്ങളില്‍ നിന്ന് 20 ജയവും ആറ് തോല്‍വിയുമായി 65 പോയിന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. ബാഴ്സലോണ എഫ്.സിയാണ് 11 പോയിന്റെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഏപ്രില്‍ 29ന് അല്‍മെയ്റക്കെതിരെയാണ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.