| Monday, 31st July 2023, 4:32 pm

അവനെപ്പോലൊരു താരത്തെ കിട്ടിയാല്‍ സന്തോഷത്തോടെ പരിശിലനം നല്‍കും: സിനദിന്‍ സിദാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു സിനദിന്‍ സിദാന്‍. പ്ലെയറായും കോച്ചായും തന്റെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സിദാന്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്ലെയിങ് കരിയറില്‍ ഇതിഹാസമായ സിദാന്‍ കോച്ചിങ് കരിയറിലേക്ക് വന്നപ്പോള്‍ മറ്റാര്‍ക്കും സാധിക്കാത്ത ഉയരമാണ് കീഴടക്കിയത്.

സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായി ചുമതലയേല്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. സിദാന്‍ എംബാപ്പെയെ കുറിച്ച് പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. എംബാപ്പെയെ പോലൊരു താരത്തെ പരിശീലിപ്പിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തതെന്നാണ് അദ്ദേഹം പറഞ്ഞത്. ദ ഡിഫന്‍സ് സെന്റര്‍ സൈറ്റിനെ ഉദ്ധരിച്ച് എല്‍ ഫുട്ബോളെറോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒരു കോച്ചെന്ന നിലയില്‍ ഒരിക്കലെങ്കിലും പരിശീലിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന താരമാണ് എംബാപ്പെയെന്നും ഏത് കാര്യത്തിലാണെങ്കിലും എംബാപ്പെയോട് തനിക്ക് മതിപ്പുണ്ടെന്നും സിദാന്‍ പറഞ്ഞിരുന്നു. ഫ്രഞ്ച് മാധ്യമമായ എല്‍ എക്വിപ്പയോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘നിങ്ങളൊരു പരിശീലകനാണെങ്കില്‍ അവിടെ എംബാപ്പെയെ പോലൊരു കളിക്കാരനുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളവനെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കും. എന്നെങ്കിലുമൊരിക്കല്‍ അത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നു. ഫ്രാന്‍സിന്റെ ജേഴ്‌സി നന്നായി അണിയുന്ന താരമാണവന്‍. അവന്റെ എല്ലാ കാര്യത്തിലും എനിക്ക് മതിപ്പുണ്ട്. അവന്‍ സുന്ദരനും ശക്തനുമാണ്,’ സിദാന്‍ പറഞ്ഞു.

വരുന്ന സീസണില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി ബ്രസീല്‍ ദേശീയ ടീമിലേക്ക് നീങ്ങുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ പടിയിറക്കത്തോടെയാകും സിദാന്‍ തന്റെ പഴയ തട്ടകത്തിലേക്ക് ചേക്കേറുക. റയല്‍ മാഡ്രിഡിന്റെ കോച്ചായിരുന്ന മുന്‍ താരം കഴിഞ്ഞ സീസണിലാണ് പരിശീലക സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് പല വന്‍ ക്ലബ്ബുകളിലേക്കും പരിശീലകനായി ക്ഷണം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പോകാന്‍ തയ്യാറായിരുന്നില്ല.

ഫ്രാന്‍സ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന ദീര്‍ഘ നാളത്തെ ആഗ്രഹമാണ് താരത്തെ ക്ലബ്ബ് ഫുട്ബോളിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കിയത്. എന്നാല്‍ ലോകകപ്പിന് ശേഷം നിലവില്‍ ഫ്രഞ്ച് ടീമിന്റെ പരിശീലകനായ ദിദിയര്‍ ദെഷാംപ്സിന്റെ കരാര്‍ പുതുക്കിയതോടെയാണ് സിദാന്‍ ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: Zinadine Zidane about Kylian Mbappe

We use cookies to give you the best possible experience. Learn more