ഞാന്‍ വീണ്ടും എത്തും, കുറച്ചുകൂടെ കാത്തിരുന്നാല്‍ മതി; പലതും പറയാതെ പറഞ്ഞ് സിദാന്‍
Sports News
ഞാന്‍ വീണ്ടും എത്തും, കുറച്ചുകൂടെ കാത്തിരുന്നാല്‍ മതി; പലതും പറയാതെ പറഞ്ഞ് സിദാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th October 2022, 6:48 pm

ഈ വര്‍ഷം ആദ്യം റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞ ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ വിശ്രമജീവിതത്തിലാണ്. പി.എസ്.ജിയുടെയും യുണൈറ്റഡിന്റെയും പരിശീലകനാകാന്‍ സിദാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റൂമറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.

എന്നാലിപ്പോള്‍ കോച്ചായി തിരികെ ഫുട്‌ബോളിലേക്ക് വൈകാതെ വരുമെന്ന് പറയുകയാണ് സിദാന്‍. മാനേജറായി തിരിച്ചുവരുന്നതില്‍ നിന്ന് താന്‍ വിദൂരനല്ലെന്നും കുറച്ചുകാത്തിരിക്കണമെന്നുമാണ് സിദാന്‍ പറയുന്നത്. പാരീസിലെ ഗ്രെവിന്‍ ആര്‍.എം.സി സ്പോര്‍ട്ടിനോടായിരുന്നു സിദാന്റെ പ്രതികരണം.

‘ഞാന്‍ ഉടന്‍ മടങ്ങിവരും. കാത്തിരിക്കൂ, അല്‍പ്പം കാത്തിരിക്കൂ. ഞാന്‍ വീണ്ടുമെത്തും
കോച്ചിങ്ങില്‍ നിന്ന് അകലെയല്ല ഞാന്‍,’ എന്നാണ് സിദാന്‍ പറഞ്ഞത്.

രണ്ടുവട്ടം സിദാന്‍ റയലിന്റെ പരിശീലകനായിട്ടുണ്ട്. റയലില്‍ 2016 ജനുവരി മുതല്‍ 2018 മെയ് വരെയായിരുന്നു പരിശീലകനായി സിദാന്റെ ആദ്യ ഊഴം. ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന റെക്കോര്‍ഡും ഒരു ലാ ലിഗ കിരീടവും നേടി സിദാന്‍ റയലിലേക്ക് പരിശീലകനായുള്ള ഒന്നാം വരവ് ആവേശമാക്കി.

 

സാന്റിയാഗോ സ്‌കൊളാരിക്ക് പകരക്കാരനായി 2019 മാര്‍ച്ചില്‍ സിദാന്‍ റയലില്‍ തിരിച്ചെത്തി. 2019-20 സീസണില്‍ ലാ ലിഗ കിരീടവും സ്പാനിഷ് സൂപ്പര്‍ കപ്പും നേടിയെങ്കിലും ഈ സീസണില്‍ പൂര്‍ണ നിരാശയായിരുന്നു ഫലം.

റയലിന്റെ മുന്‍താരം കൂടിയായ സിദാന് പരിശീലകനായി 2022 വരെയാണ് ക്ലബില്‍ കരാറുണ്ടായിരുന്നത്. എന്നാല്‍ ഈ സീസണില്‍ കിരീടങ്ങളൊന്നും നേടാനാവാഞ്ഞത് കരാര്‍ തീരും മുമ്പെ ക്ലബ്ബ് വിടാന്‍ സിദാനെ പ്രേരിപ്പിക്കുകയായിരുന്നു.