| Thursday, 5th December 2024, 9:10 pm

അവശേഷിക്കുന്നത് രണ്ട് ബോളും രണ്ട് വിക്കറ്റും, വേണ്ടത് ഒരു റണ്‍സും; പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയവുമായി സിംബാബ്‌വേ

സ്പോര്‍ട്സ് ഡെസ്‌ക്

ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ പാിസ്ഥാനെ പരാജയപ്പെടുത്തി സിംബാബ്‌വേ. മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഒരു ബോള്‍ അവശേഷിക്കെ രണ്ട് വിക്കറ്റിന്റെ അഭിമാനവിജയം സ്വന്തമാക്കിയാണ് സിംബാബ്‌വേ മടങ്ങിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു സിംബാബ്‌വേ.

സിംബാബ്‌വേക്ക് വേണ്ടി ഓപ്പണാര്‍ ബ്രയാന്‍ ബെന്നറ്റ് 35 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് നേടി മികച്ച സ്‌കോര്‍ നേടിക്കൊടുത്തു. പിന്നീട് ഇറങ്ങിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 19 റണ്‍സും നേടിയാണ് പുറത്തായത്.

മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. പാകിസ്ഥാന് വേണ്ടി അബ്ബാസ് അഫ്രീദി മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ജഹാന്‍ദാദ് ഖാന്‍ രണ്ട് വിക്കറ്റും ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ, സുഫിയാന്‍ മുഖീം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ക്യാപ്റ്റന്‍ സല്‍മാന്‍ അലി തന്നെയായിരുന്നു. 32 പന്തില്‍ 32 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമേ കാസിം അക്രം 20 റണ്‍സ് നേടിയപ്പോള്‍ അര്‍ഫാത് മിന്‍ഹാസ് 22 റണ്‍സ് നേടി പുറത്താകാതെ നിന്നു ടീമിനുവേണ്ടി മറ്റാര്‍ക്കും കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരെ കീഴ്‌പ്പെടുത്തി സിംബാബ് വേ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ബ്ലെസ്സിങ് മുസാരബാനി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വെല്ലിങ്ടണ്‍ മസാകാഡ്‌സ, റിച്ചാര്‍ഡ് എന്‍ഖരാവ, മപോസ, റിയാന്‍ ബ്യൂള്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Content Highlight: Zimbabwe Won Against Pakistan In Last T-20 Match

We use cookies to give you the best possible experience. Learn more