| Saturday, 28th December 2024, 7:46 am

ഒറ്റ മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ചൂറിയന്‍സ്, ബോക്‌സിങ് ഡേ ടെസ്റ്റില്‍ ചരിത്രം കുറിച്ച് സിംബാബ്‌വേ

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്റെ സിംബാബ്‌വേ പര്യടനത്തിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വമ്പന്‍ സ്‌കോറുമായി ആതിഥേയര്‍. ബുലവായോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് 586 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറാണ് ഷെവ്‌റോണ്‍സ് പടുത്തുയര്‍ത്തിയത്.

സൂപ്പര്‍ താരങ്ങളായ ഷോണ്‍ വില്യംസ്, ബ്രയന്‍ ബെന്നറ്റ്, ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ എന്നിവരുടെ കരുത്തിലാണ് സിംബാബ്‌വേ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മൂന്ന് പേരും സെഞ്ച്വറി നേടിയാണ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ തിളങ്ങിയത്.

ഷോണ്‍ വില്യംസ് 174 പന്തില്‍ 154 റണ്‍സ് നേടി. പത്ത് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അഞ്ച് ഫോറും നാല് സിക്‌സറുമായി 124 പന്തില്‍ പുറത്താകാതെ 110 റണ്‍സാണ് ബ്രയന്‍ ബെന്നറ്റ് സ്വന്തമാക്കിയത്.

176 പന്തുകള്‍ ക്രീസില്‍ തുടര്‍ന്ന് 104 റണ്‍സാണ് ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ സ്വന്തമാക്കിയത്. പത്ത് ഫോറടിച്ച താരം ഒറ്റ സിക്‌സര്‍ പോലും നേടിയിരുന്നില്ല.

കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിനിറങ്ങിയ ബെന്‍ കറനും നിരാശപ്പെടുത്തിയില്ല. കരിയറിലെ ആദ്യ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറിയുമായാണ് താരം തിളങ്ങിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 74 പന്തില്‍ 68 റണ്‍സ് നേടി. 11 ഫോറുകളാണ് താരം സ്വന്തമാക്കിയത്.

115 പന്തില്‍ 46 റണ്‍സ് നേടിയ തകുട്‌സ്വനാഷേ കൈറ്റാനോയും തന്റെതായ സംഭാവനകള്‍ നല്‍കി.

ഒടുവില്‍ 136ാം ഓവറിലെ രണ്ടാം പന്തില്‍ അവസാന വിക്കറ്റും വീഴുമ്പോള്‍ 586 റണ്‍സാണ് ടീം ടോട്ടലില്‍ കുറിക്കപ്പെട്ടത്. അഫ്ഗാന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്നിങ്‌സ് സ്‌കോറാണിത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ സിംബാബ്‌വേയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

(റണ്‍സ് – എതിരാളികള്‍ – വര്‍ഷം – വേദി എന്നീ ക്രമത്തില്‍)

586 (ഒന്നാം ഇന്നിങ്‌സ്) – അഫ്ഗാനിസ്ഥാന്‍ – 2024 – ബുലവായോ

563/9d (മൂന്നാം ഇന്നിങ്‌സ്) – വെസ്റ്റ് ഇന്‍ഡീസ് – ഹരാരെ – 2001

544/4d (ഒന്നാം ഇന്നിങ്‌സ്) – പാകിസ്ഥാന്‍ – ഹരാരെ – 1995

അഫ്ഗാനിസ്ഥാനായി അള്ളാ ഘന്‍സഫര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ സിയ-ഉര്‍-റഹ്‌മാന്‍, സാഹിര്‍ ഖാന്‍, നവീദ് സദ്രാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. അസ്മത്തുള്ള ഒമര്‍സായ് ആണ് ശേഷിച്ച വിക്കറ്റിനുടമ.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് സെദിഖുള്ള അടലിന്റെ വിക്കറ്റ് നേരത്തെ നഷ്ടപ്പെട്ടിരുന്നു. രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് മൂന്ന് റണ്‍സുമായി അടല്‍ പുറത്തായത്. ട്രെവര്‍ ഗ്വാന്‍ഡുവിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടാണ് താരം മടങ്ങിയത്.

രണ്ടാം വിക്കറ്റില്‍ അബ്ദുള്‍ മാലിക്കും റഹ്‌മത് ഷായും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 64ല്‍ നില്‍ക്കവെ അബ്ദുള്‍ മാലിക്കിനെ ബെന്‍ കറന്റെ കൈകളിലെത്തിച്ച് ബ്ലെസിങ് മുസരബാനി കൂട്ടുകെട്ട് പൊളിച്ചു. 55 പന്തില്‍ 23 റണ്‍സ് നേടി നില്‍ക്കവെയാണ് മാലിക്കിന്റെ മടക്കം.

നിലവില്‍ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 95 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍. 95 പന്തില്‍ 49 റണ്‍സുമായി റഹ്‌മത് ഷായും 24 പന്തില്‍ 16 റണ്‍സുമായി ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയുമാണ് ക്രീസില്‍.

Content Highlight: Zimbabwe vs Afghanistan: 1st test Updates

We use cookies to give you the best possible experience. Learn more