| Sunday, 7th August 2022, 3:36 pm

പൈലറ്റാവാന്‍ രാജ്യം വിട്ടു, ഒടുവില്‍ മറ്റൊരു രാജ്യത്തിന്റെ സൂപ്പര്‍ താരമായി; ബംഗ്ലാ കടുവകളുടെ പല്ലടിച്ചുകൊഴിച്ച ഇവനാണ് സിംബാബ്‌വേയുടെ ഹീറോ

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന് ഇപ്പോഴിത് ഒട്ടും നല്ല കാലമല്ല. എല്ലാ ടീമുകളും എടുത്തിട്ട് കൊട്ടുന്ന ചെണ്ടയാണ് ബംഗ്ലാ കടുവകള്‍ ഇപ്പോള്‍. അവസാനം ബംഗ്ലാദേശിന്റെ മേല്‍ പാണ്ടിയും പഞ്ചാരിയും മാറി മാറി കൊട്ടിയത് സിംബാബ്‌വേയാണ്.

ഇത്തിക്കുഞ്ഞന്‍മാരെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ സിംബാബ്‌വേ ഇങ്ങനെ പണി തരുമെന്ന് ബംഗ്ലാദേശ് സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല.

ബംഗ്ലാദേശിനെതിരായ ടി-20 പരമ്പര വിജയിച്ചാണ് സിംബാബ്‌വേ ഏകദിന പരമ്പരയ്ക്കിറങ്ങിപ്പുറപ്പെട്ടത്. എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 300+ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും സിംബാബ്‌വേയുടെ പോരാട്ട വീര്യത്തിന് മുമ്പില്‍ അടിയറവ് പറയാനായിരുന്നു ബംഗ്ലാദേശിന്റെ വിധി.

ബംഗ്ലാദേശ് ഉയര്‍ത്തിയ 304 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം സിംബാബ്‌വേ മറികടന്നു. സൂപ്പര്‍ താരങ്ങളായ സിക്കന്ദര്‍ റാസയുടെയും ഇന്നസെന്റ് കയിയയുടെയും സെഞ്ച്വറിയുടെ ബലത്തിലാണ് സിംബാബ്‌വേ വിജയം പിടിച്ചടക്കിയത്.

ജന്മം കൊണ്ട് പാകിസ്ഥാനിയാണെങ്കിലും കര്‍മം കൊണ്ട് സിംബാബ്‌വേയുടെ വിശ്വസ്ത ബാറ്ററായ സിക്കന്ദര്‍ റാസയായിരുന്നു കളിയിലെ താരം.

തനിക്ക് ഒരിക്കല്‍ പോലും പാകിസ്ഥാന്‍ ടീമിന് വേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ടായിട്ടില്ല എന്ന് പറയുകയാണ് റാസയിപ്പോള്‍. തന്റെ ലക്ഷ്യം ക്രിക്കറ്റായിരുന്നില്ല മറിച്ച് മറ്റൊന്നായിരുന്നുവെന്നും റാസ പറയുന്നു.

‘അവിടെ ജീവിച്ചിരുന്നപ്പോള്‍ ഒരിക്കല്‍ പോലും പാകിസ്ഥാന് വേണ്ടി കളിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിട്ടില്ല. ഞാന്‍ സിംബാബ്‌വേക്ക് വേണ്ടിയാണ് കളിക്കുന്നത്. അതില്‍ ഒരു പുനര്‍വിചിന്തനവും വേണ്ട.

ഞാന്‍ പാകിസ്ഥാന്‍ വിട്ടത് ഒരു ഫൈറ്റര്‍ പൈലറ്റ് ആവണമെന്ന മോഹവുമായിട്ടായിരുന്നു. പക്ഷേ അതെനിക്ക് ആവാന്‍ സാധിച്ചില്ല,’ താരം പറയുന്നു.

‘ഞാന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ്ങായിരുന്നു പഠിച്ചത്. എന്റെ കുടുംബം സിംബാബ്‌വേയിലേക്ക് കുടിയേറി പാര്‍ക്കുകയായിരുന്നു. എനിക്ക് എന്റെ മാസ്റ്റേഴ്‌സ് ചെയ്യണമെന്നാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റ് കളിക്കാനായിരുന്നു എന്റെ യോഗം. ഇവിടെ ഞാനെന്റെ യാത്ര തുടങ്ങുകയായിരുന്നു,’ സിക്കന്ദര്‍ റാസ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു റാസയുടെ ജനനം. 2002ലായിരുന്നു റാസയും കുടുംബവും സിംബാബ്‌വേയിലേക്ക് കുടിയേറിയത്. 2007ല്‍ സിംബാബ്‌വേക്കായി അരങ്ങേറ്റം കുറിച്ച താരത്തിന് 2011ല്‍ സിംബാബ്‌വേ പൗരത്വലും ലഭിച്ചു.

Content highlight: Zimbabwe Superstar Zikander Raza about his dreams and cricket

We use cookies to give you the best possible experience. Learn more