കഴിഞ്ഞ ദിവസമായിരുന്നു ക്രിക്കറ്റിലെ ഏറ്റവും വലിയ അട്ടമറി വിജയത്തിനാണ് കായികലോകം സാക്ഷ്യം വഹിച്ചത്. അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ ഒറ്റ റണ്‍സിന് മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനെ തകര്‍ത്ത് സിംബാബ്‌വേ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയൊന്നാകെ തങ്ങളിലേക്കാവാഹിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ കേവലം 130 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. പാകിസ്ഥാനെ പോലെ ഒരു ടീമിന് അനായാസം മറികടക്കാന്‍ സാധിക്കും എന്ന് എല്ലാവരും കരുതിയിടത്ത് നിന്നുമാണ് എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചുകൊണ്ട് പാകിസ്ഥാന്‍ തോല്‍വിയേറ്റുവാങ്ങിയത്.
ടീം എഫേര്‍ട്ടായിരുന്നു സിംബാബ്‌വേയെ വിജയത്തില്‍ കൊണ്ടുചെന്നെത്തിച്ചത്. അതിനെ മുന്നില്‍ നിന്നും നയിച്ചത് ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസയും.
ബാറ്റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും പന്തെറിഞ്ഞ് പാക് പടയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടാന്‍ റാസക്കായി. നാല് ഓവര്‍ പന്തെറിഞ്ഞ് 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. മത്സരത്തിലെ കേമനും റാസ തന്നെയാണ്.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ സിംബാബ്‌വേയുടെ വിജയത്തിന്റെ ക്രെഡിറ്റ് മറ്റൊരാള്‍ക്ക് നല്‍കാനാണ് സിക്കന്ദര്‍ റാസ ആഗ്രഹിക്കുന്നത്. തന്റെ സഹൃത്ത് അയച്ച മുന്‍ ഓസീസ് നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്ങിന്റെ വാക്കുകളടങ്ങിയ ഒരു ക്ലിപ്പാണ് തനിക്ക് പ്രചോദനമായതെന്നും അതാണ് തന്നെ വിജയിക്കാന്‍ പ്രേരിപ്പിച്ചതെന്നും റാസ പറയുന്നു.
സിക്കന്ദര്‍ റാസയുടെ പ്രകടനത്തെ കുറിച്ചായിരുന്നു പോണ്ടിങ് ആ ക്ലിപ്പില്‍ പറഞ്ഞിരുന്നത്.
‘ഇന്ന് രാവിലെ ഒരു ക്ലിപ്പ് എനിക്ക് അയച്ചിരുന്നു. റിക്കി പോണ്ടിങ്ങിന്റെ വാക്കുകളായിരുന്നു ആ ക്ലിപ്പില്‍ ഉണ്ടായിരുന്നത്. ഒരേസമയം ഞാന്‍ ആവേശഭരിതനും നെര്‍വസുമായിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിന്റെ ത്രില്ലിലായിരുന്നു ഞാന്‍.
എനിക്കാവശ്യമായ മോട്ടിവേഷന്‍ എന്നില്‍ തന്നെ ഉണ്ടായിരുന്നു. എന്നിരുന്നാലും ചെറിയ ഒരു പുഷ് ആവശ്യമായി വന്നു. ആ ക്ലിപ്പ് ഇന്ന് ഒരു അത്ഭുതം സൃഷ്ടിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. റിക്കി പോണ്ടിങ്ങിന് ഒരുപാട് നന്ദി.
മത്സരശേഷം എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് മെസേജ് അയച്ചിരുന്നു. അവര്‍ സന്തോഷത്താല്‍ കരയുകയാണെന്ന് പറഞ്ഞു. എന്നെ സംബന്ധിച്ച് എനിക്ക് രോമാഞ്ചമാണുണ്ടായത്. ക്രിക്കറ്റിലെ മഹാരഥന്‍മാരില്‍ ഒരാള്‍ സിംബാബ്‌വേയെ കുറിച്ചും പ്രത്യേകിച്ച് എന്നെ കുറിച്ചും പറയുന്നു!
എനിക്കൊരു എക്‌സ്ട്രാ പുഷ് വേണമായിരുന്നു. പോണ്ടിങ്ങിന്റെ ക്ലിപ്പ് ആ ജോലി കൃത്യമായി തന്നെ ചെയ്തു,’ സിക്കന്ദര്‍ റാസ പറയുന്നു.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ രണ്ട് മത്സരത്തില്‍ മൂന്ന് പോയിന്റുമായി സെമി സാധ്യതകള്‍ സജീവമാക്കാനും ഷെവ്‌റോണ്‍സിനായി. അടുത്ത രണ്ട് മത്സരത്തിലും വിജയിക്കാന്‍ സാധിച്ചാല്‍ ടി-20 ലോകകപ്പില്‍ സിംബാബ്‌വേ കറുത്ത കുതിരകളാകുമെന്നുറപ്പാണ്.
കരുത്തും കഴിവും മാത്രമല്ല ഭാഗ്യവും ഇക്കുറി സിംബാബ്‌വേക്കൊപ്പമുണ്ട്. സിംബാബ്‌വേയുടെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനാലാണ് സൗത്ത് ആഫ്രിക്കക്കെതിരായ ആ മത്സരത്തില്‍ നിന്നും ഒരു പോയിന്റ് ലഭിച്ചത്.