രണ്ടാം തവണയും ഇന്ത്യ ടി-20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ക്രിക്കറ്റ് ആവേശം ലോകകപ്പോടെ അവസാനിച്ചിട്ടില്ല. ജൂണ്‍ ആറിന് ഇന്ത്യ- സിംബാബ്വന്‍ ടി-20 പര്യടനം നടക്കാനിരിക്കുകയാണ്. ഇതോടെ സിംബാബ്‌വെയ്ക്ക് എതിരായ ഇന്ത്യന്‍ സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരായ 15 അംഗ സ്‌ക്വാഡ് പുറത്തുവിട്ടിരിക്കുകയാണ് സിംബാബ്‌വെ.
സിക്കന്ദര്‍ റാസയാണ് സിംബാബ്‌വെ നായകന്‍. 2024 ടി-20 ലോകകപ്പില്‍ ക്വാളിഫൈ ചെയ്യാന്‍ സാധിക്കാത്തത് സിംബാബ്‌വെയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ വമ്പന്‍ തിരിച്ചുവരവ് നടത്താനായിരിക്കും റാസയും സംഘവും ഒരുങ്ങുന്നത്.
മറുഭാഗത്ത് വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവരടക്കമുള്ള വമ്പന്‍ താരങ്ങള്‍ക്ക് പകരം ഐ.പി.എല്ലില്‍ തിളങ്ങിയ ഇന്ത്യയുടെ അടുത്ത തലമുറയിലെ സൂപ്പര്‍ താരങ്ങളെയാണ് ഇന്ത്യ ഹരാരെയിലേക്കയക്കുന്നത്. ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ മലയാളി താരം സഞ്ജു സാംസനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ജൂലൈ ആറ് മുതല്‍ 14 വരെയാണ് ഇന്ത്യ സിംബാബ്‌വെയില്‍ പര്യടനം നടത്തുന്നത്.