ഗോത്ര താളത്തില്‍ വിജയാഘോഷം; വമ്പന്‍മാരെ ഞെട്ടിക്കാന്‍ അവരെത്തുന്നു, ഇനി അവരും ജയിക്കട്ടെ
Sports News
ഗോത്ര താളത്തില്‍ വിജയാഘോഷം; വമ്പന്‍മാരെ ഞെട്ടിക്കാന്‍ അവരെത്തുന്നു, ഇനി അവരും ജയിക്കട്ടെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th July 2022, 8:34 am

ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിന് യോഗ്യത നേടിയിരിക്കുകയാണ് സിംബാബ്‌വേ. ആന്‍ഡി ഫ്‌ളവറിന്റെയും എല്‍ട്ടണ്‍ ചിഗുംബുറയുടെയും ഹെന്റി ഒലാങ്കയുടെയും പിന്‍മുറക്കാര്‍ ഒരിക്കല്‍ക്കൂടി ലോകകപ്പ് സ്വപ്‌നം കണ്ടിറങ്ങുകയാണ്.

ക്വാളിഫയറിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ പപ്പുവാ ന്യൂ ഗിനിയയെ പരാജയപ്പെടുത്തിയതോടെയാണ് സിംബാബ്‌വേ ഓസ്‌ട്രേലിയയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. ഫൈനല്‍ മത്സരത്തിലെ വിധി എന്തുതന്നെയായാലും സിംബാബ്‌വേ ലോകകപ്പ് കളിക്കുമെന്നുറപ്പാണ്.

ലോകകപ്പില്‍ വമ്പന്‍മാരെ അടിയറവ് പറയിച്ച ശീലം സിംബാബ്‌വേക്ക് പണ്ടേയുള്ളതാണ്. 1999 ലോകകപ്പില്‍ കരുത്തരായ ഇന്ത്യയെ തോല്‍പിച്ച ഇവരുടെ പോരാട്ട വീര്യം ഒരു ക്രിക്കറ്റ് പ്രേമിയും മറക്കാനിടയില്ല.

മൂന്ന് ഓവറില്‍ കേവലം എട്ട് റണ്‍സ് മാത്രം വിജയിക്കാന്‍ വേണ്ടിയിരിക്കെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ നാല് റണ്‍സിന് തോല്‍പിച്ച ഹെന്റി ഒലാങ്കയുടെ പിന്‍മുറക്കാര്‍ പലതും തെളിയിക്കാന്‍ തന്നെയാണ് കങ്കാരുക്കളുടെ നാട്ടിലേക്ക് വണ്ടി കയറുന്നത്.

ഇപ്പോഴിതാ, സിംബാബ്‌വേ സെമി ഫൈനല്‍ മത്സരം വിജയിച്ചതിന്റെയും ലോകകപ്പിന് യോഗ്യത നേടിയതിന്റെയും ആഹ്ലാദപ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. ഡ്രസ്സിങ് റൂമില്‍ തങ്ങളുടെ എക്‌സ്‌പ്ലോസീവ് ട്രൈബല്‍ കള്‍ച്ചറിന്റെ പ്രതിരൂപമായായിട്ടായിരുന്നു അവര്‍ വിജയം ആഘോഷിച്ചത്.

ബാറ്റ് തറയില്‍ തട്ടിയും ആര്‍പ്പുവിളിച്ചുമാണ് അവര്‍ വിജയം ആഘോഷിച്ചത്. സിംബാബ്‌വേ ക്രിക്കറ്റ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ടീമിന്റെ വിജയാഘോഷം ചര്‍ച്ചയാവുന്നത്.

സെമി ഫൈനല്‍ മത്സരത്തില്‍ പപ്പുവാ ന്യൂ ഗിനിയയെ 27 റണ്‍സിന് തോല്‍പിച്ചായിരുന്നു സിംബാബ്‌വേ ഫൈനലിന് യോഗ്യത നേടിയത്.

ടോസ് നേടിയ സിംബാബ്‌വേ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിചയസമ്പന്നരായ റെഗിസ് ചകാബ്വ-ക്രെയിഗ് എവര്‍ട്ടണ്‍ സഖ്യം മികച്ച രീതിയില്‍ തന്നെ തുടങ്ങിയപ്പോള്‍ മിഡില്‍ ഓര്‍ഡര്‍ താരങ്ങളും ആഞ്ഞടിച്ചു. ഒടുവില്‍ 20 ഓവര്‍ പിന്നിട്ടപ്പോള്‍ 199 റണ്‍സാണ് സിംബാബ്‌വേ അടിച്ചുകൂട്ടിയത്.

ഒരു ഓവറില്‍ പത്ത് റണ്‍സ് എന്ന റിക്വയര്‍ഡ് റണ്‍റേറ്റുമായി കളി തുടങ്ങിയ പപ്പുവാ ന്യൂ ഗിനിയയും വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ടീം പതറി.

കരുത്തനായ ടോണി ഉരയ്ക്കും കാലിടറിയതോടെ ന്യൂ ഗിനിയന്‍ ഇന്നിങ്സ് 27 റണ്‍സകലെ അവസാനിക്കുകയായിരുന്നു.

ജൂലൈ 17, ഞായറാഴ്ചയാണ് ക്വാളിഫയര്‍ ബിയിലെ ഫൈനല്‍ മത്സരം. അമേരിക്കയെ തോല്‍പിച്ചെത്തിയ നെതര്‍ലന്‍ഡ്‌സാണ് ഫൈനലില്‍ സിംബാബ്‌വേയുടെ എതിരാളികള്‍. ഫൈനലില്‍ പ്രവേശിച്ച നെതര്‍ലന്‍ഡ്‌സും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

 

Content Highlight: Zimbabwe’s victory celebration after qualified for T20 World Cup goes viral