| Friday, 19th January 2024, 9:39 am

ചരിത്രത്തിലെ മോശം സ്‌കോര്‍; ഹസരങ്ക മാജിക്കില്‍ ഇല്ലാതായി സിംബാബ്‌വേ

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാബ് വേയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പരയും പരാജയപ്പെട്ട് ഷെവ്‌റോണ്‍സ്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് സന്ദര്‍ശകര്‍ക്ക് പരമ്പര നഷ്ടമായത്.

മൂന്നാം മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ടോസ് നേടിയ ലങ്കന്‍ നായകന്‍ വാനിന്ദു ഹസരങ്ക എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ ക്രെയ്ഗ് ഇര്‍വിനെ ഗോള്‍ഡന്‍ ഡക്കായി നഷ്ടപ്പെട്ടാണ് സിംബാബ്‌വേ തുടങ്ങിയത്. ഏയ്ഞ്ചലോ മാത്യൂസിന്റെ പന്തില്‍ സധീര സമരവിക്രമക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

മൂന്നാം നമ്പറിലിറങ്ങിയ ബ്രയന്‍ ബെന്നറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഏയ്ഞ്ചലോ മാത്യൂസ് വീണ്ടും ആതിഥേയര്‍ക്ക് ബ്രേക് ത്രൂ നല്‍കി. 12 പന്തില്‍ ഏഴ് ബൗണ്ടറിയുടെ സഹായത്തില്‍ 29 റണ്‍സ് നേടിയാണ് ബെന്നറ്റ് പുറത്തായത്.

പിന്നാലെയെത്തിയ വെറ്ററന്‍ താരം ഷോണ്‍ വില്യംസിനും ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി. വില്യംസ് 17 പന്തില്‍ 15 റണ്‍സ് നേടിയപ്പോള്‍ റാസ 12 പന്തില്‍ പത്ത് റണ്‍സും നേടി മടങ്ങി.

പിന്നീടെല്ലാം ചടങ്ങ് മാത്രമായപ്പോള്‍ സിംബാബ്‌വേ വെറും 82 റണ്‍സിന് ഓള്‍ ഔട്ടായി. നാല് താരങ്ങള്‍ മാത്രമാണ് ഷെവ്‌റോണ്‍സ് നിരയില്‍ ഇരട്ടയക്കം കണ്ടത്.

ശ്രീലങ്കക്കായി ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മഹീഷ് തീക്ഷണയും ഏയ്ഞ്ചലോ മാത്യൂസും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ധനഞ്ജയ ഡി സില്‍വയും ദില്‍ഷന്‍ മധുശങ്കയുമാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

83 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ഒമ്പത് വിക്കറ്റും 55 പന്തും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ തോല്‍വിക്ക് പിന്നാലെ ഒരു മോശം റെക്കോഡും സിംബാബ്‌വേയെ തേടിയെത്തിയിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ തങ്ങളുടെ ഏറ്റവും മോശം ടോട്ടലാണ് സിംബാബ്‌വേ കൊളംബോയില്‍ കുറിച്ചത്.

ടി-20യില്‍ സിംബാബ്‌വേയുടെ മോശം ടോട്ടലുകള്‍

(റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

82 – ശ്രീലങ്ക – 2024

84 – ന്യൂസിലാന്‍ഡ് – 2010

90 – അഫ്ഗാനിസ്ഥാന്‍ – 2022

നേരത്തെ നടന്ന ഏകദിന പരമ്പരയിലും സിംബാബ്‌വേ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0നായിരുന്നു ഷെവ്‌റോണ്‍സ് പരാജയപ്പെട്ടത്.

Content highlight: Zimbabwe register their lowest total in T20Is

Latest Stories

We use cookies to give you the best possible experience. Learn more