ചരിത്രം കുറിച്ചതിന്റെ ആനന്ദത്തിലായിരുന്നു ഇന്നലെ സിംബാബ്‌വേ. ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയയെ ആദ്യമായി പരാജയപ്പെടുത്തിയതിന്റെ ആവേശമായിരുന്നു അത്.
ഓസ്ട്രേലിയ – സിംബാബ്‌വേ പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു കങ്കാരുക്കളെ സിംബാബ്‌വേ തോല്‍പിച്ചത്. 2-1ന് ഓസ്‌ട്രേലിയ പരമ്പര പിടിച്ചെങ്കിലും ഷെവ്‌റോണ്‍സിന്റെ വിജയമായാണ് ഈ പരമ്പരയെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
കിരീടമില്ലാത്ത രാജക്കന്മാരായിട്ടായിരുന്നു പരമ്പരക്ക് ശേഷമുള്ള സിംബാബ്‌വേയുടെ മടക്കം. എന്നാല്‍ ഇതിനിടയില്‍ കല്ലുകടിയുണ്ടാക്കുന്ന ഒരു സംഭവമുണ്ടായതാണ് ഇപ്പോഴത്തെ ചര്‍ച്ച. എല്ലാത്തിനും കാരണം ഒരു കമന്റേറ്ററുടെ കുറച്ച് കൈവിട്ട വാക്കുകളും.
ഓസ്‌ട്രേലിയക്കെതിരായ സിംബാബ്‌വേയുടെ പോരാട്ടത്തില്‍ ബൗളിങ് നിരയിലെ കുന്തമുനയായിരുന്നു സ്പിന്നര്‍ റയാന്‍ ബേള്‍. സിംബാബ്‌വേക്ക് വേണ്ടി അഞ്ച് വിക്കറ്റുകളാണ് റയാന്‍ ബേള്‍ സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയുടെ ബാറ്റിങ്ങ് നിരയില്‍ രണ്ടക്കം കണ്ട രണ്ടു പേരിലൊരാളായ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വിക്കറ്റായിരുന്നു ഇതിലൊന്ന്. കളിയില്‍ ഏറെ നിര്‍ണായകമായിരുന്നു ഈ വിക്കറ്റ്.
27ാം ഓവറില്‍ ബേള്‍ എറിഞ്ഞ നാലാം പന്തിലാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്താകുന്നത്. ക്യാച്ച് എടുത്തതും ബേള്‍ തന്നെയായിരുന്നു. ബേളിന്റെ കരിയറിലെ ഒരു അഭിമാന നിമിഷമായിരുന്നു അത്. പക്ഷെ ഇതുകണ്ട ഫോക്‌സ് ക്രിക്കറ്റിലെ കമന്റേറ്റര്‍ക്ക് മാത്രം ‘ഭാഗ്യം…വെറും ഭാഗ്യം’ എന്നാണ് തോന്നിയത്. അദ്ദേഹം അത് വിളിച്ചുപറയുകയും ചെയ്തു.
‘ദേ ഇത് നോക്കൂ… എന്താ ആ ഒരു ഭാഗ്യമെന്ന് നോക്കൂ. ബേളിന് വരെയറിയാം ഇത് ഭാഗ്യത്തിന്റെ കളിയാണെന്ന്’ കമന്റേറ്റര്‍ പറഞ്ഞു. എന്തുകൊണ്ടാണ് കമന്റേറ്റര്‍ അങ്ങനെ പറഞ്ഞതെന്ന് വ്യക്തമായിട്ടില്ലെങ്കിലും സിംബാബ്‌വേക്ക് സംഗതി അത്ര പിടിച്ചിട്ടില്ലെന്ന് എന്തായാലും വ്യക്തമായിട്ടുണ്ട്.
സിംബാബ്‌വേയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ സിക്കന്ദര്‍ റാസ ആ ഭാഗ്യക്കളി പരാമര്‍ശത്തിലെ അമര്‍ഷം ട്വിറ്ററിലൂടെ അങ്ങ് പറഞ്ഞുവെക്കുകയും ചെയ്തു. ഫോക്‌സ് ക്രിക്കറ്റിന്റെ ചാനലിലെ കമന്റ് വരുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു സിക്കന്ദറുടെ പ്രതികരണം.
‘എങ്ങനെയാണ് ഇതൊരു ‘ലക്കി വണ്‍’ മാത്രമാകുന്നത്? ആരെങ്കിലും ദയവ് ചെയ്ത് എനിക്കൊന്ന് പറഞ്ഞുതരണം,’ സിക്കന്ദറുടെ ട്വീറ്റില്‍ പറയുന്നു.
ആ ട്വീറ്റിന് താഴെ ഇപ്പോള്‍ കമന്റുകളുടെ പൊടിപൂരമാണ്. സിംബാബ്‌വേ തങ്ങളെ പരാജയപ്പെടുത്തി എന്ന് വിശ്വസിക്കാനുള്ള ഓസ്‌ട്രേലിയക്കാരുടെ ബുദ്ധിമുട്ടാണിതെന്നാണ് ഒരു കമന്റ്.
‘സിംബാബ്‌വേ അവരുടെ ഏറ്റവും മികച്ച കളിക്കാരുമായല്ല എത്തിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഇറങ്ങിയതാകട്ടെ അവരുടെ ബെസ്റ്റ് ഇലവനും. എന്നിട്ടും പൊട്ടിപോയതിന്റെ സങ്കടമാണിത്’ എന്നാണ് മറ്റൊരു കമന്റ്.
നാണംകെട്ട തോല്‍വിയുടെ സങ്കടത്തിലായിരുന്ന ഓസ്‌ട്രേലിയന്‍ ക്യാമ്പിന് ഇതുകൂടി വന്നതോടെ കൂടുതല്‍ തലവേദനയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിംബാബ്‌വേയുടെ ഏറ്റവും മികച്ച പ്രകടനം എന്ന നിലയില്‍ മാത്രമല്ല, ഓസ്‌ട്രേലിയയുടെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്ന് എന്ന നിലയില്‍ കൂടിയാണ് കഴിഞ്ഞ ദിവസത്തെ മാച്ച് വിലയിരുത്തപ്പെടുന്നത്. അതിനിടയിലാണ് ഇപ്പോള്‍ ഇതു കൂടി വണ്ടിപിടിച്ചെത്തിയിരിക്കുന്നത്.
മാച്ചില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത സിംബാബ്‌വേ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഷെവ്റോണ്‍സ് ബൗളര്‍മാര്‍ പുറത്തെടുത്തത്.
ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെയായിരുന്നു ഓസ്ട്രേലിയക്ക് ആദ്യം നഷ്ടമായത്. ഓസീസ് സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കവെയായിരുന്നു ഫിഞ്ചിനെ കങ്കാരുക്കള്‍ക്ക് നഷ്ടമായത്. റിച്ചാര്‍ഡ് എന്‍ഗരാവയായിരുന്നു വിക്കറ്റ് നേടിയത്.
ഒരു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അടുത്ത വിക്കറ്റും ഓസീസിന് നഷ്ടമായിരുന്നു. സ്റ്റീവ് സ്മിത്താണ് പുറത്തായത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടേയിരുന്നു.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുതലക്കല്‍ നിന്ന് ഡേവിഡ് വാര്‍ണര്‍ പ്രതിരോധിക്കുകയായിരുന്നു. 96 പന്തില്‍ നിന്നും 14 ഫോറും രണ്ട് സിക്സറുമുള്‍പ്പെടെ 94 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ റയാന്‍ ബേളിന്റെ പന്തില്‍ ബ്രാഡ് ഇവാന്‍സിന് ക്യാച്ച് നല്‍കി വാര്‍ണര്‍ മടങ്ങി.
വാര്‍ണറിന് പുറമെ ഗ്ലെന്‍ മാക്‌സ്‌വെല്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 19 റണ്‍സായിരുന്നു മാക്സി സ്വന്തമാക്കിയത്. ഒടുവില്‍ 31 ഓവറില്‍ 141 റണ്‍സിന് ഓള്‍ ഔട്ടായാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്.
സിംബാബ്‌വേക്ക് വേണ്ടി റയാന്‍ ബേളിന് പുറമെ ബ്രാഡ് ഇവന്‍സ് രണ്ടും റിച്ചാര്‍ഡ് എന്‍ഗരാവ, വിക്ടര്‍ ന്യൂച്ചി, സീന്‍ വില്യംസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേക്ക് തകുന്‍സാഷെ കെയ്റ്റാനോയും താഡിവാന്‍ഷെ മരുമാനിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. കെയ്റ്റാനോ 19ഉം മരുമാനി 35ഉം റണ്‍സ് നേടി.
പിന്നാലെയെത്തിയ വെസ്ലി മധവേരയും സീന്‍ വില്യംസും പെട്ടെന്ന് തന്നെ പുറത്തായപ്പോള്‍ സൂപ്പര്‍ താരം സിക്കന്ദര്‍ റാസ എട്ട് റണ്‍സ് മാത്രം നേടി ഔട്ടായി.
തോല്‍ക്കില്ലെന്ന് ഉറപ്പിച്ചിടത്ത് നിന്നാണ് ഓസീസിനെ സിംബാബ്‌വേ നായകന്‍ റെഗിസ് ചക്കാബ്വ തോല്‍വിയിലേക്ക് വലിച്ചിട്ടത്. 37 റണ്‍സുമായി ചക്കാബ്വ പുറത്താവാതെ നിന്നപ്പോള്‍ ടോണി മുന്യോങ്ഗയും റയാന്‍ ബേളും മികച്ച പിന്തുണ നല്‍കി.
ഒടുവില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബ്രാഡ് ഇവാന്‍സ് കവറിലേക്ക് പായിച്ച് സിംഗിള്‍ നേടിയപ്പോള്‍ ചരിത്രമായിരുന്നു പിറന്നത്. പത്ത് റണ്‍സ് മാത്രം വിട്ടുനല്‍കി ഓസീസിന്റെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ റയാന്‍ ബേളാണ് കളിയിലെ താരം. ഓസീസ് താരം ആദം സാംപയെ പരമ്പരയിലെ താരമായി തെരഞ്ഞെടുത്തു.
Content Highlight: Zimbabwe player Sikandar Raza against commentator’s remarks on Glenn Maxwell’s dismissal