സിംബാബ്‌വേക്കല്ലാതെ ടെസ്റ്റ് കളിക്കുന്ന ഒരാള്‍ക്കും ഈ നേട്ടം അവകാശപ്പെടാനില്ല; എതിരാളികളുടെ തട്ടകം ഇവരുടേതും
Sports News
സിംബാബ്‌വേക്കല്ലാതെ ടെസ്റ്റ് കളിക്കുന്ന ഒരാള്‍ക്കും ഈ നേട്ടം അവകാശപ്പെടാനില്ല; എതിരാളികളുടെ തട്ടകം ഇവരുടേതും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th July 2024, 6:17 pm

സിംബാബ്‌വേയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റിന് ബെല്‍ഫാസ്റ്റിലെ സ്‌റ്റോര്‍മോണ്ട് ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാവുകയാണ്. ഒരു ടെസ്റ്റ് മത്സരത്തിനായാണ് ഷെവ്രോണ്‍സ് അയര്‍ലന്‍ഡിന്റെ തട്ടകത്തിലെത്തിയത്.

ഈ മത്സരത്തിനായി കളത്തിലിറങ്ങിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ക്രെയ്ഗ് ഇര്‍വിനെയും സംഘത്തെയും തേടിയെത്തിയത്. ടെസ്റ്റ് സ്റ്റാറ്റസ് ഉള്ള എല്ലാ ടീമുകള്‍ക്കെതിരെയും എവേ കണ്ടീഷനില്‍ കളിച്ച ഏക ടീം എന്ന നേട്ടമാണ് സിംബാബ്‌വേ നേടിയത്. അതായത് ഇന്ത്യയടക്കമുള്ള എല്ലാ ടെസ്റ്റ് പ്ലെയിങ് നേഷന്‍സിനെയും സിംബാബ്‌വേ സ്വന്തം തട്ടകത്തിന് പുറത്ത് വെച്ച് നേരിട്ടിട്ടുണ്ട്.

1993ലാണ് സിംബാബ്‌വേ തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായി എതിരാളികളുടെ തട്ടകത്തിലേക്ക് പര്യടനത്തിനെത്തുന്നത്. ഇന്ത്യയായിരുന്നു സിംബാബ്‌വേയുടെ ആദ്യ പര്യടനത്തിലെ എതിരാളികള്‍. ദല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 13 റണ്‍സിനും ആതിഥേയര്‍ വിജയിക്കുകയായിരുന്നു. ശേഷം 2000ലും 2002ലും ഷെവ്‌റോണ്‍സ് ഇന്ത്യയിലെത്തി ടെസ്റ്റ് കളിച്ചു.

2000ല്‍ നടന്ന രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0ന് വിജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ മത്സരത്തില്‍ ജവഗല്‍ ശ്രീനാഥന്റെ കരുത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം മത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെ
ട്ട സിംബാബ് വേ നായകന്‍ ആന്‍ഡി ഫ്‌ളവര്‍ തന്നെയായിരുന്നു പരമ്പരയിലെ താരവും.

1993ല്‍ തന്നെ സിംബാബ്‌വേ മറ്റൊരു രാജ്യത്തും പര്യടനം നടത്തി. പാകിസ്ഥാനായിരുനി. കറാച്ചിയില്‍ നടന്ന മത്സരത്തില്‍ 131 റണ്‍സിന് ഇതിഹാസ താരം ആന്‍ഡി ഫ്‌ളവറിന്റെ നേതൃത്വത്തിലിറങ്ങിയ സിംബാബ്‌വേ പരാജയപ്പെട്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തിലും സന്ദര്‍ശകര്‍ പരാജയപ്പെട്ടപ്പോള്‍ ലാഹോറില്‍ നടന്ന മൂന്നാം മത്സരം സമനിലയില്‍ അവസാനിച്ചു.

ഇതിന് ശേഷം 1996ലും 1998ലും സിംബാബ്‌വേ ടെസ്റ്റ് പരമ്പരകള്‍ക്കായി പാകിസ്ഥാനില്‍ പര്യടനം നടത്തി.

സിംബാബ്‌വേയുടെ ടെസ്റ്റ് പര്യടനങ്ങള്‍

(എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഇന്ത്യ – 1993, 2000, 2002

പാകിസ്ഥാന്‍ – 1993, 1996, 1998

ന്യൂസിലാന്‍ഡ് – 1996, 1998, 2000, 2012

ശ്രീലങ്ക – 1996, 1998, 2001-02, 2017

സൗത്ത് ആഫ്രിക്ക – 1999, 2005, 2017

വെസ്റ്റ് ഇന്‍ഡീസ് – 2000, 2013

ഇംഗ്ലണ്ട് – 2000, 2003

ബംഗ്ലാദേശ് – 2001, 2005, 2014, 2018, 2020

ഓസ്‌ട്രേലിയ – 2003

അഫ്ഗാനിസ്ഥാന്‍ – 2021 (മത്സരം നടന്നത് യു.എ.ഇയില്‍ വെച്ചാണ്)

അയര്‍ലന്‍ഡ് – 2024*

 

അതേസമയം, അയര്‍ലന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 85 എന്ന നിലയിലാണ് സിംബാബ്‌വേ. 49റണ്‍സുമായി ജോയ്‌ലോര്‍ഡ് ഗുംബിയും 35 റണ്‍സുമായി പ്രിന്‍സ് മസ്വോറുമാണ് ക്രീസില്‍.

സിംബാബ്‌വേ പ്ലെയിങ് ഇലവന്‍

ജോയ്‌ലോര്‍ഡ് ഗുംബി, പ്രിന്‍സ്, മസ്വോര്‍, ഡയോണ്‍ മയേഴ്‌സ്, ക്രെയ്ഗ് ഇര്‍വിന്‍ (ക്യാപ്റ്റന്‍), ഷോണ്‍ വില്യംസ്, ക്ലെയ്‌വ് മദാന്‍ദെ (വിക്കറ്റ് കീപ്പര്‍), ബ്ലെസ്സിങ് മുസരബാനി, റിച്ചാര്‍ഡ് എന്‍ഗരാവ, തനക ചിവാങ്ക, ടെന്‍ഡായ് ചതാര.

അയര്‍ലന്‍ഡ് പ്ലെയിങ് ഇലവന്‍

ആന്‍ഡ്രൂ ബാല്‍ബിര്‍ണി (ക്യാപ്റ്റന്‍), പി.ജെ. മൂര്‍, കര്‍ട്ടിസ് കാംഫര്‍, ഹാരി ടെക്ടര്‍, ലോര്‍കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ആന്‍ഡി മാക്‌ബ്രൈന്‍, മാര്‍ക് അഡയര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യങ്, മാത്യൂ ഹംഫ്രെയ്‌സ്.

 

Content Highlight: Zimbabwe is the only team to play a Test against every country outside home conditions