വീണ്ടും ഐ.സി.സി വേള്‍ഡ് കപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ സിംബാബ്‌വേ. യോഗ്യതാ മത്സരങ്ങളുടെ തുടക്കത്തില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന ഷെവ്‌റോണ്‍സ് അവസാന ലാപ്പില്‍ എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിധത്തില്‍ കാലിടറി വീഴുകയായിരുന്നു.
2019 ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറിന്റെ തനിയാവര്‍ത്തനമായിരുന്നു ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ കണ്ടത്. അന്ന് യു.എ.ഇയോട് മൂന്ന് റണ്‍സിന് പരാജയപ്പെട്ട് പുറത്തായപ്പോള്‍ ഇന്ന് സ്‌കോട്‌ലാന്‍ഡിനോടാണെന്ന വ്യത്യാസം മാത്രമാണുള്ളത്.
പല സൂപ്പര്‍ താരങ്ങള്‍ക്കും വേള്‍ഡ് കപ്പ് കളിക്കാനുള്ള അവസാന അവസരം കൂടിയായിരുന്നു ഇത്. സിക്കന്ദര്‍ റാസ, സീന്‍ വില്യംസ് തുടങ്ങിയ മോഡേണ്‍ ഡേയിലെ സിംബാബ്‌വന്‍ ക്രിക്കറ്റിന്റെ നെടുംതൂണുകള്‍ ഇനി അടുത്ത ലോകകപ്പിനുണ്ടാകാന്‍ സാധ്യത ഏറെ കുറവാണ്.
ക്വാളിഫയറിന്റെ സന്നാഹ മത്സരത്തിലും ഗ്രൂപ്പ് സ്റ്റേജിലും ടോട്ടല്‍ ഡോമിനേഷന്‍ പുറത്തെടുത്ത ശേഷമാണ് അവസാന നിമിഷം സിംബാബ്‌വേക്ക് പുറത്താകേണ്ടി വന്നത് എന്നതാണ് ആരാധകരെ ഏറെ വിഷമിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 31 റണ്‍സിനായിരുന്നു സിംബാബ്‌വേയുടെ പരാജയം. ടോസ് നേടിയ ഷെവ്‌റോണ്‍സ് നായകന്‍ ക്രെയ്ഗ് ഇര്‍വിന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ടോപ് ഓര്‍ഡറില്‍ മാത്യൂ ക്രോസിന്റെയും ബ്രാന്‍ഡന്‍ മക്മുള്ളന്റെയും ജോര്‍ജ് മന്‍സിയുടെയും ഇന്നിങ്‌സും മധ്യനിരയില്‍ മൈക്കല്‍ ലീസ്ക്കിന്റെ തകര്‍പ്പന്‍ വെടിക്കെട്ടും സ്‌കോട്‌ലാന്‍ഡിനും തുണയായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് സ്‌കോട്‌ലാന്‍ഡ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേക്ക് ആദ്യ പന്ത് മുതല്‍ തന്നെ കാര്യങ്ങള്‍ പിഴച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ജോയ്‌ലോര്‍ഡ് ഗുംബിയെ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ നഷ്ടമായപ്പോള്‍ ആറ് പന്തില്‍ നിന്നും രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനും വൈകാതെ കൂടാരം കയറി.
കഴിഞ്ഞ മത്സരത്തിലെല്ലാം ടീമിന്റെ രക്ഷകനായ സീന്‍ വില്യംസിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയതോടെ സിംബാബ്‌വേ അപകടം മണത്തു. എന്നാല്‍ സിക്കന്ദര്‍ റാസയും റയാന്‍ ബേളും മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ വെച്ചു.
18ാം ഓവറില്‍ 40 പന്തില്‍ 34 റണ്‍സെടുത്ത റാസയെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ വെസ്‌ലി മധേവരെയെ കൂട്ടുപിടിച്ച് ബേള്‍ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 164ല്‍ നില്‍ക്കവെ 40 റണ്‍സ് നേടിയ മധേവരെയും പുറത്തായതോടെ സിംബാബ്‌വേ പരുങ്ങി.
84 പന്തില്‍ നിന്നും 83 റണ്‍സ് നേടിയ ബേളും മടങ്ങിയതോടെ പിന്നെല്ലാം ചടങ്ങ് മാത്രമായി. ഒടുവില്‍ 41.1 ഓവറില്‍ സിംബാബ് വേ 203ന് ഓള്‍ ഔട്ടായി.
സ്‌കോട്‌ലാന്‍ഡിനായി ക്രിസ് സോള്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ലീസ്ക്കും മക്മുള്ളനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സാഫിയാന്‍ ഷെരീഫ്, മാര്‍ക് വാട്ട്, ക്രിസ് ഗ്രേവ്‌സ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നേടിയത്. ഈ വിജയത്തിന് പിന്നാലെ ലോകകപ്പിലേക്ക് ഒരു ചുവടുകൂടി വെക്കാന്‍ സ്‌കോട്‌ലാന്‍ഡിനായി.
Content highlight: Zimbabwe is out of the World Cup without being able to qualify