വെടിക്കെട്ടെന്നൊക്കെ പറഞ്ഞാ ഇതാണ്, അമ്മാതിരി അടിയല്ലെ അവന്മാര്‍ അടിച്ചത്; റെക്കോഡ് അലേര്‍ട്ടുമായി സിംബാബ്‌വേ
Sports News
വെടിക്കെട്ടെന്നൊക്കെ പറഞ്ഞാ ഇതാണ്, അമ്മാതിരി അടിയല്ലെ അവന്മാര്‍ അടിച്ചത്; റെക്കോഡ് അലേര്‍ട്ടുമായി സിംബാബ്‌വേ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd October 2024, 10:15 pm

ടി-20 ലോകകപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ ഗാംബിയക്കെതിരെ 290 റണ്‍സിന്റെ പടുകൂറ്റന്‍ വിജയവുമായി സിംബാബ്‌വേ. റോര്‍ക്ക സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ക്രിക്കറ്റ് ലോകം അമ്പരക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് ആണ് ക്യാപ്റ്റന്‍ റാസയും കൂട്ടരും അടിച്ചെടുത്തത്. ഇതോടെ ടി-20 ഐയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടാനാണ് സിംബാബ്‌വേക്ക് സാധിച്ചിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കുഞ്ഞന്‍ പട ഗാംബിയയെ 14.4 ഓവറില്‍ വെറും 54 റണ്‍സിനാണ് റാസയും കൂട്ടരും ഒതുക്കിയത്. ഗാംബിയക്ക് വേണ്ടി രണ്ടക്കം കണ്ടത് ടെയില്‍ എന്‍ഡില്‍ ഇറങ്ങിയ ആന്ദ്രെ ജറൂറുവാണ്. 12 പന്തില്‍ 12 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും തന്നെ ഒന്നും ചെയ്യാന്‍ സാധിച്ചില്ലായിരുന്നു.

സിംബാബ്‌വേക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ്. വെറും 43 പന്തില്‍ നിന്ന് 133 റണ്‍സാണ് താരം അടിച്ചെടുത്തത്. 309.3 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 15 സിക്‌സറുകളും 7 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. വെറും 33 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. പുറത്താകാതെ ടി-20 ഫോര്‍മാറ്റില്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു റാസ.

റാസക്ക് പുറമേ ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ് 26 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ തടിവാന്‍ഷെ മുരുമണി നാല് സിക്‌സറും ഒമ്പത് ഫോറും ഉള്‍പ്പെടെ 62 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവച്ചു. അവസാനഘട്ടത്തില്‍ ക്ലൈവ് മദാന്‍ഡെ 17 പന്തില്‍ 5 സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പെടെ 53 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തി.

ഇടിവെട്ട് പ്രകടനം കാഴ്ചവെച്ചതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ടീമിന് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ഫോറും സിക്‌സും നേടുന്ന ടീമാകാനാണ് സിംബാബ്‌വേക്ക് സാധിച്ചത്. 27 സിക്‌സറുകളും 30 ഫോറുമാണ് ടീം അടിച്ചെടുത്തത്. മൊത്തത്തില്‍ 57 ഗംഭീര ഷോട്ടുകളാണ് ഗാംബിയക്കെതിരെ സിംബാബ്‌വേ അടിച്ച് കൂട്ടിയത്.

ഗാംബിയക്ക് വേണ്ടി ആന്ദ്രെ ജര്‍ജു രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ബുബാക്കര്‍ കുയാട്ടെ, അര്‍ജുന്‍ സിങ് രാജ്പുരോഹിത് എന്നിവര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ഗാംബിയക്ക് വേണ്ടി ഓവര്‍ ചെയ്ത ആറ് താരങ്ങളില്‍ അഞ്ചു താരങ്ങളും 50 റണ്‍സിന് മുകളില്‍ വഴങ്ങി. നാലു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത് മൂസ ജബാറത്തെ ആണ്. 93 റണ്‍സാണ് താരം വഴങ്ങിയത്.

 

Content Highlight: Zimbabwe In Record Achievement Against Gambia