| Sunday, 21st August 2022, 12:28 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇദ്ദേഹം തീര്‍ച്ചയായും സച്ചിന്റെ സ്‌കോര്‍ മറികടക്കും; സൂപ്പര്‍ താരത്തെ കുറിച്ച് സിംബാബ്‌വെ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫോമിലേക്ക് തിരിച്ചുവരാനുള്ള പരിശ്രമത്തിലാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിരാട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒു സെഞ്ച്വറി പോലും നേടിയിട്ടില്ല.

2019ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു വിരാട് അവസാനമായി സെഞ്ച്വറി നേടിയത്. നിലവില്‍ വിമര്‍ശകരുടെ സ്ഥിരം ഇരയാണ് അദ്ദേഹം.

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള താരങ്ങള്‍ വിരാടിനെ പിന്തുണച്ചുകൊണ്ടും മാധ്യമ വാര്‍ത്തകള്‍ക്കെതിരെ സംസാരിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ എക്കാലത്തേയും വലിയ സൂപ്പര്‍താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ അന്താരാഷ്ട്ര സ്‌കോര്‍ വിരാട് മറികടക്കുമെന്ന് പറയുകയാണ് ഇപ്പോള്‍ സിംബാബ്‌വെ ദേശീയ ടീമിന്റെ ഹെഡ് കോച്ച് ഡേവ് ഹൂട്ടണ്‍ (Dave Houghton). റണ്‍സിന്റെ കാര്യത്തില്‍ വിരാട് സച്ചിനെ മറികടക്കുമെന്ന് തന്നെയാണ് സിംബാബ്‌വെയുടെ മുന്‍ കളിക്കാരന്‍ കൂടിയായ ഹൂട്ടണ്‍ ഒരു അഭിമുഖത്തില്‍ ഉറപ്പിച്ച് പറയുന്നത്.

നിലവില്‍ ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലിക ഇടവേള എടുത്തിരിക്കുന്ന വലംകയ്യന്‍ ബാറ്ററായ വിരാടിനെ അഭിമുഖത്തില്‍ ഹൂട്ടണ്‍ പുകഴ്ത്തി സംസാരിക്കുന്നുണ്ട്.

”സച്ചില്‍ ടെന്‍ഡുല്‍ക്കറിന്റെ റണ്‍സിന്റെ റെക്കോഡ് ഏതെങ്കിലുമൊരു താരത്തിന് മറികടക്കാന്‍ സാധിക്കുമെന്ന് നമ്മള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ വിരാട് കോഹ്‌ലിക്ക് അത് ചെയ്യാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്.

ഇപ്പോള്‍ അദ്ദേഹം റണ്‍സിന് വേണ്ടി കഷ്ടപ്പെടുകയാണ്. എങ്കിലും ഇന്ത്യയുടെ ലെജന്ററി ക്രിക്കറ്ററായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്ന് ഈ ഇന്ത്യന്‍ ബാറ്റര്‍ക്ക് ഇനിയും മുന്നോട്ട് പോകാനാകും,” ഡേവ് ഹൂട്ടണ്‍ പറഞ്ഞു.

വരാനിരിക്കുന്ന 2022 ഏഷ്യാ കപ്പിലൂടെയായിരിക്കും വിരാട് ഇടവേള അവസാനിപ്പിച്ച് തിരിച്ചുവരിക. ഓഗസ്റ്റ് 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ഓപ്പണിങ് മത്സരം.

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാടിന് 70 സെഞ്ച്വറികളാണുള്ളത്. അതുകൊണ്ട് തന്നെ സച്ചിന്റെ 100 സെഞ്ച്വറികള്‍ മറികടക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നതും വിരാടിനാണ്.

Content Highlight: Zimbabwe head coach says Virat Kohli will score more runs than Sachin Tendulkar in international cricket

Latest Stories

We use cookies to give you the best possible experience. Learn more