Cricket
16 റൺസിന്‌ ഓൾ ഔട്ട്! ഇത്രയും ഗതികെട്ട ടീം വേറെയുണ്ടാവില്ല; ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോഡ് ഇവർ എടുത്തു
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 10, 06:54 am
Sunday, 10th March 2024, 12:24 pm

സിംബാബ്വെ ഡൊമസ്റ്റിക് ടി-20യില്‍ ഡര്‍ഹാമിന് 213 റണ്‍സിന്റെ കൂറ്റന്‍ വിജയം. 230 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ മഷോണലാന്‍ഡ് ഈഗിള്‍സ് വെറും 16 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്.

ഇതിനു പിന്നാലെ ഒരു മോശം റെക്കോഡും മഷോണലാന്‍ഡ് സ്വന്തമാക്കി. മെന്‍സ് ടി-20യിലെ ഏറ്റവും ചെറിയ മൂന്നാമത്തെ ടോട്ടല്‍ എന്ന മോശം നേട്ടമാണ് മഷോണലാന്‍ഡിനെ തേടിയെത്തിയത്. ഇതിനു മുമ്പ് ബിഗ് ബാഷ് ലീഗിൽ ഐ.എൽ ഓഫ് മാൻ ടീം 10 റൺസിനും സിഡ്‌നി തണ്ടേഴ്‌സ് 15 റൺസിനും ഓൾ ഔട്ടായിരുന്നു.

മറുഭാഗത്ത് ഡര്‍ഹാം ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കി. മെന്‍സ് ടി-20യില്‍ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വിജയം എന്ന നേട്ടമാണ് ഡര്‍ഹാം സ്വന്തം പേരില്‍ കുറിച്ചത്.

ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡര്‍ഹാം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡര്‍ഹാം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയത്.

ഡര്‍ഹാം ബാറ്റിങ് നിരയില്‍ ബാസ് ഡി ലീഡ് 29 പന്തില്‍ 58 റണ്‍സ് നേടി മിന്നും പ്രകടനം നടത്തി. രണ്ട് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് ലീഡിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഒലി റോബിന്‍സണ്‍ 20 പന്തില്‍ 49 റണ്‍സും ഷെയ്ഡന്‍ കടുക് 22 പന്തില്‍ പുറത്താവാതെ 46 റണ്‍സും ബെന്‍ റൈന്‍ 23 പന്തില്‍ 27 റണ്‍സും നേടി വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുന്നതിന് നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഈഗിള്‍സ് 8.1 ഓവറില്‍ വെറും 16 റണ്‍സിന് പുറത്താവുകയായിരുന്നു. ഈഗിള്‍സ് ബാറ്റിങ്ങില്‍ അഞ്ച് താരങ്ങള്‍ ആണ് പൂജ്യത്തിന് പുറത്തായത്.

ഡര്‍ഹാം ബൗളിങ് നിരയില്‍ കല്ലം പാര്‍ക്കിന്‍സണ്‍, പോള്‍ കോര്‍ഗിന്‍, ലൂക്ക് റോബിന്‍സണ്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി ഈഗിള്‍സിനെ തകര്‍ക്കുകയായിരുന്നു. ബാസ് ഡി ലീഡ്, നഥാന്‍ സോറ്റര്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തി.

 

Content Highlight: Zimbabwe domestic team Durham create a unwanted record in T20