Cricket
ഇങ്ങനെയൊരു വിജയം ടി-20 ചരിത്രത്തിലാദ്യം; മറ്റൊരു ടീമിനുമില്ലാത്ത അപൂര്‍വ്വ റെക്കോഡുമായി സിംബാബ്‌വെ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 22, 04:14 am
Friday, 22nd March 2024, 9:44 am

ആഫ്രിക്കന്‍ ഗെയിംസ് മെന്‍സ് ടി-20 ടൂര്‍ണമെന്റില്‍ കെനിയക്കെതിരെ സിംബാബ്‌വെക്ക് 70 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം.

ഈ വിജയത്തിന് പിന്നാലെ ഒരു അപൂര്‍വ്വ നേട്ടമാണ് പിറവിയെടുത്തത്. ടി-20 ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിലെ താരങ്ങളൊന്നും അര്‍ധസെഞ്ച്വറി നേടാതെ എതിര്‍ ടീമിലെ ഒരു താരം ഫിഫ്റ്റി നേടിയിട്ടും അര്‍ധസെഞ്ച്വറി നേടാത്ത ടീം 50+ റണ്‍സിന് വിജയിക്കുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്.

സിംബാബ്‌വെ ബാറ്റിങ്ങില്‍ ആരും തന്നെ അര്‍ധസെഞ്ച്വറി നേടിയിരുന്നില്ല. ജോനാഥന്‍ കാംപെല്‍ 27 പന്തില്‍ 42 റണ്‍സും ക്യാപ്റ്റന്‍ ക്ലൈവ് മദാന്‍ണ്ടെ 23 പന്തില്‍ 41 റണ്‍സും നേടികൊണ്ട് നിര്‍ണായകമായി.

കെനിയയുടെ ബൗളിങ്ങില്‍ ഇമ്മാനുവല്‍ ബൂണ്ടി, വിശില്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി

മറുപടി ബാറ്റിങ്ങില്‍ കെനിയക്കായി കോളിന്‍സ് ഒബൂയ ഫിഫ്റ്റി നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. 29 പന്തില്‍ 52 റണ്‍സ് നേടിക്കൊണ്ടായിരുന്നു ഒബൂയയുടെ തകര്‍പ്പന്‍ ബാറ്റിങ്. 179.31 പ്രഹരശേഷിയില്‍ നാല് വീതം സിക്സുകളും ഫോറുകളും നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

എന്നാല്‍ മത്സരത്തില്‍ കെനിയ 19.3 ഓവറില്‍ 126 റണ്‍സിന് പുറത്താവുകയായിരുന്നു. സിംബാബ്‌വെ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഓവന്‍ മൂസാണ്ടോയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ കുടക്വാഷെ മച്ചെക്കയുമാണ് കെനിയയെ തകര്‍ത്തത്.

Content Highlight: Zimbabwe cricket team create a rare record in T20