ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ ടി-20 പരമ്പരക്ക് ശനിയാഴ്ച തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് ഇന്ത്യ ഹരാരെയില്‍ കളിക്കുക.
ലോകകപ്പിന് പിന്നാലെ നടക്കുന്ന പരമ്പര ഐ.പി.എല്ലില്‍ മികവ് തെളിയിച്ച യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്. അഭിഷേക് ശര്‍മയും റിയാന്‍ പരാഗമുടക്കമുള്ള താരങ്ങള്‍ ഇന്ത്യക്കായി കളത്തിലിറങ്ങും.
പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ നായകന് ശുഭ്മന്‍ ഗില്ലിനെ പുകഴ്ത്തുകയാണ് സിംബാബ്‌വേ കോച്ച് ജസ്റ്റിന്‍ സാമ്മണ്‍സ്. ഗില്ലിന്റെ വര്‍ക് എത്തിക്‌സും പ്രൊഫഷണലിസവും തന്നെ അത്ഭുതപ്പെടുത്തിയെന്നും ഗില്‍ പടുത്തുയര്‍ത്തിയ റെക്കോഡുകള്‍ അവന് വേണ്ടി സംസാരിക്കുമെന്നും സാമ്മണ്‍സ് പറഞ്ഞു.
‘ശുഭ്മന്‍ ഗില്‍ വളരെ മികച്ച യുവ താരമാണ്. 2021 ഡിസംബറില്‍ സൗത്ത് ആഫ്രിക്കക്കൊപ്പമായിരിക്കുമ്പോഴാണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്. അത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
ആ പര്യടനത്തില്‍ അവന് ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിച്ചില്ലെങ്കിലും നെറ്റ്‌സില്‍ അവന്റെ പ്രൊഫഷണലിസവും പകരം വെക്കാനില്ലാത്ത വര്‍ക് എത്തിക്‌സും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവന്റെ റെക്കോഡുകള്‍ തന്നെ അവന് വേണ്ടി സംസാരിക്കുന്നു,’ സാമ്മണ്‍സ് പറഞ്ഞു.
ഐ.പി.എല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി എക്‌സ്പീരിയന്‍സിലാണ് അപെക്‌സ് ബോര്‍ഡ് ഗില്ലിനെ ഇന്ത്യന്‍ നായകനായി തെരഞ്ഞെടുത്തത്. ക്യാപ്റ്റന്‍സിയില്‍ ഗില്ലെനെക്കാളേറെ എക്‌സ്പീരിയന്‍സുള്ള സഞ്ജു സാംസണ്‍ സ്വക്വാഡിന്റെ ഭാഗമായിരുന്നിട്ടും ബി.സി.സി.ഐ ഗില്ലിനെ തന്നെ ക്യാപ്റ്റന്‍സിയേല്‍പിക്കുകയായിരുന്നു.
എന്നാല്‍ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു കളിക്കില്ല. മോശം കാലാവസ്ഥ മൂലം ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിന്റെ യാത്ര വൈകിയതും ഇന്ത്യയില്‍ ലോകകപ്പ് ടീം പ്രധാനമന്ത്രിയെ കാണുകയും മറ്റ് ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതിനാലും ബി.സി.സി.ഐ സഞ്ജുവടക്കമുള്ളവര്‍ക്ക് പകരക്കാരെയും പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഇന്ത്യന്‍ സമയം വെകീട്ട് 4.30നാണ് മത്സരം അരങ്ങേറുന്നത്. ഹരാരെയാണ് വേദി.