ഐ.സി.സി ടി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പ് 2ലെ അവസാന മത്സരത്തില്‍ സിംബാബ്‌വേയാണ് ഇന്ത്യയുടെ എതിരാളികള്‍.
പാകിസ്ഥാനെ അട്ടിമറിച്ച ആവേശത്തിലാണ് സിംബാബ്‌വേ കളത്തിലിറങ്ങുന്നത്. സെമി ഉറപ്പിച്ചെങ്കിലും ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമനായി തന്നെ സെമിയിലേക്ക് പ്രവേശിക്കാനാണ് രോഹിത്തും സംഘവും അഡ്‌ലെയ്ഡില്‍ ഇറങ്ങിയിരിക്കുന്നത്.
ഒന്നും നഷ്ടപ്പെടാനില്ലാത്തവരാണ് സിംബാബ്‌വേ. ഇനി എത്രത്തോളം മികച്ച വിജയം കാഴ്ചവെച്ചാലും അവര്‍ക്ക് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ അവസാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തലയുയര്‍ത്തി മടങ്ങാന്‍ തന്നെയാവും ഷെവ്‌റോണ്‍സ് കോപ്പുകൂട്ടുന്നത്.
അവസാന പന്തില്‍ പാകിസ്ഥാനെ അട്ടിമറിച്ച അതേ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ഞായാറാഴ്ച നടക്കുന്ന രണ്ടാമത് അട്ടിമറിയായിരിക്കുമത്.
എന്നാല്‍ മത്സരത്തിനിറങ്ങും മുമ്പ് സിംബാബ്‌വേ നായകന്‍ ക്രെയ്ഗ് ഇര്‍വിന്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇന്ത്യക്കെതിരെ, പ്രത്യേകിച്ച് വിരാട് കോഹ്‌ലിക്കെതിരെ എത്തരത്തിലുള്ള തന്ത്രങ്ങളാവും മെനയുക എന്ന ചോദ്യത്തിനുത്തരമായാണ് ഇര്‍വിന്‍ ഇക്കാര്യം പറയുന്നത്.
‘വിരാടിനെതിരെ എന്തെങ്കിലും തരത്തിലുള്ള പ്ലാന്‍ ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. അദ്ദേഹം മികച്ച ഒരു ക്രിക്കറ്ററാണ്. അഥവാ ഞങ്ങള്‍ക്ക് എന്തെങ്കിലും പ്ലാന്‍ ഉണ്ടെങ്കില്‍ തന്നെ അതൊന്നും ലോകോത്തര ക്രിക്കറ്ററായ കോഹ്‌ലിക്ക് മുന്നില്‍ വിലപ്പോവില്ല.
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെതിരെ പന്തെറിയാന്‍ സാധിക്കുന്നത് തന്നെ മികച്ച അവസരമായാണ് കണക്കാക്കുന്നത്. കോഹ്‌ലിയുടെ വിക്കറ്റെടുക്കാന്‍ എത്ര തവണയാണ് ഒരു ബൗളര്‍ക്ക് സാധിക്കുക,’ അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യക്ക് നാലാം വിക്കറ്റും നഷ്ടമായി. കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, റിഷബ് പന്ത് എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്.
25 പന്തില്‍ നിന്നും 25 റണ്‍സുമായി സീന്‍ വില്യംസിന് വിക്കറ്റ് സമ്മാനിച്ചാണ് വിരാട് മടങ്ങിയത്.
35 പന്തില്‍ നിന്നും 51 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. രോഹിത് ശര്‍മ 13 പന്തില്‍ നിന്നും 15 റണ്‍സും അഞ്ച് പന്തില്‍ നിന്നും മൂന്ന് റണ്‍സുമായി പന്തും മടങ്ങി.
സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇപ്പോള്‍ ഇന്ത്യക്കായി ക്രീസില്‍ നില്‍ക്കുന്നത്.
സീന്‍ വില്യംസ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സിക്കന്ദര്‍ റാസ, ബ്ലെസിങ് മുസരാബാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നിലവില്‍ 18 ഓവറില്‍ 152 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്.
ഷെവ്‌റോണ്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതായി സെമിയില്‍ കടക്കാം.
Content highlight: Zimbabwe Captain Craig Ervine about Virat Kohli