ആഫ്രിക്കന്‍ ഗെയിംസില്‍ കഴിഞ്ഞ ദിവസം നടന്ന സിംബാബ്‌വേ – കെനിയ മത്സരത്തില്‍ ഷെവ്‌റോണ്‍സ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. അച്ചിമൊട്ട സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എ ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 70 റണ്‍സിന്റെ മികച്ച വിജയമാണ് സിംബാബ്‌വേ നേടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ നിശ്ചിത ഓവറില്‍ 196 റണ്‍സിന്റെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. ജോനാഥന്‍ കാംപെല്ലിന്റെയും ക്ലെയ്‌വ് മദാന്‍ദെയുടെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് സിംബാബ്‌വേ 196ലേക്കുയര്‍ന്നത്.
കാംപെല്‍ 27 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ 23 പന്തില്‍ 41 റണ്‍സാണ് മദാന്‍ദെ അടിച്ചെടുത്തത്.
അഞ്ച് സിക്‌സറും രണ്ട് ഫോറുമടക്കം 10 പന്തില്‍ പുറത്താകാതെ 39 റണ്‍സ് നേടിയ താഷിംഗ മുസേകിവയും സിംബാബ്‌വന്‍ ടോട്ടലില്‍ നിര്‍ണായകമായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഷെവ്‌റോണ്‍സ് 196 റണ്‍സ് നേടി.
കെനിയക്കായി വിഷില്‍ പട്ടേലും ഇമ്മാനുവല്‍ ബുണ്ടിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷെം എന്‍ഗോച്ചെ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കെനിയക്ക് ഓപ്പണര്‍മാരായ കോളിന്‍സ് ഒബുയയും നീല്‍ മുഗാബെയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 45 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. 17 പന്തില്‍ 20 റണ്‍സ് നേടി നില്‍ക്കവെ വെല്ലേസ് മുബായ്‌വയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങിയാണ് മുഗാബെ പുറതത്തായത്.
പിന്നാലെയെത്തിയ സുഖ്ദീപ് സിങ്ങിനെ കൂട്ടുപിടിച്ച് ഒബുയ സ്‌കോര്‍ ഉയര്‍ത്തി. ടീം സ്‌കോര്‍ 71ല്‍ നില്‍ക്കവെ 14 പന്തില്‍ 12 റണ്‍സ് നേടി സിങ് പുറത്തായി.
ക്യാപ്റ്റന്‍ രാകെപ് പട്ടേലിനൊപ്പം സ്‌കോര്‍ ഉയര്‍ത്താന്‍ ഒബുയ ശ്രമിച്ചെങ്കിലും ടീം സ്‌കോര്‍ 96ല്‍ നില്‍ക്കവെ കെനിയന്‍ ലെജന്‍ഡിനെ പുറത്താക്കി ഓവന്‍ മസൂണ്ടോ ഷെവ്‌റോണ്‍സിന് ആവശ്യമായ ബ്രേക് ത്രൂ നല്‍കി.
29 പന്തില്‍ നാല് സിക്‌സറും നാല് ബൗണ്ടറിയും അടക്കം 52 റണ്‍സ് നേടിയാണ് ഒബുയ പുറത്തായത്. ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡും ഒബുയ സ്വന്തമാക്കി. 42 വയസും 238 ദിവസവും പ്രായമുള്ളപ്പോഴാണ് ഒബുയ ഈ നേട്ടം തന്റെ പേരിലെഴുതിച്ചേര്‍ത്തത്.
ഒബുയ മടങ്ങിയതോടെ കെനിയയുടെ തകര്‍ച്ചയും ആരംഭിച്ചു. 96ന് രണ്ട് എന്ന നിലയില്‍ നിന്നും 100ന് ഏഴ് എന്ന നിലയിലേക്ക് വളരെ പെട്ടെന്നായിരുന്നു കെനിയയുടെ വീഴ്ച.
ഒടുവില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ ടീം 126ന് പുറത്തായി.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് സിംബാബ്‌വേയെ തേടിയെത്തിയത്. ടീമിലെ ഒരാള്‍ പോലും 50+ റണ്‍സ് നേടാതിരിക്കുകയും എതിര്‍ ടീമിലെ ഒരു താരം 50+ റണ്‍സ് നേടിയ ശേഷവും 50+ റണ്‍സിന്റെ വിജയം എന്ന നേട്ടമാണ് സിംബാബ്‌വേ സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു റെക്കോഡ് പിറക്കുന്നത്.
റെക്കോഡ് നേട്ടത്തിന്റെ തിളക്കത്തില്‍ ഫൈനലിനിറങ്ങുകയാണ് സിംബാബ്‌വേ. ശനിയാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ നമീബിയയാണ് എതിരാളികള്‍.
Content Highlight: Zimbabwe becomes the first team in the history of T20I to win a match by 50+ runs despite none of their players reaching fifty but an opponent reaching fifty