| Monday, 8th August 2022, 11:14 am

ഇന്ത്യയോടാ പറയുന്നേ, അവര്‍ ചില്ലറ ടീമില്ല, അന്തം വിട്ട് നിന്നാല്‍ അവന്‍മാര്‍ എടുത്തങ്ങ് ഉടുക്കും

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി-20 പരമ്പരകള്‍ ആധികാരികമായി സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇനി വരാനിരിക്കുന്ന പരമ്പരകളിലും ഇതേ അഗ്രസ്സീവ് അപ്പ്രോച്ച് പിന്തുടര്‍ന്ന് പോവാനായിരിക്കും ഇന്ത്യന്‍ ടീം ശ്രമിക്കുന്നത്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇനി വരാനിരിക്കുന്ന പരമ്പരയെ ഇന്ത്യ അത്ര നിസാരമായി കാണാന്‍ സാധ്യതയില്ല. ക്രിക്കറ്റ് ലോകത്ത് ഇത്തിരിക്കുഞ്ഞന്‍മാര്‍ എന്ന് വിലയിരുത്തപ്പെടുന്ന സിംബാബ്‌വേയോടാണ് ഇന്ത്യയുടെ അടുത്ത മത്സരം.

സിംബാബ്‌വേ പഴയ സിംബാബ്‌വേ ആണെന്ന ധാരണയില്‍ ചെന്ന് കേറിക്കൊടുത്താല്‍ എട്ടിന്റെ പണി ഉറപ്പാണ്. അതിനുള്ള ഉദാഹരണം തൊട്ടയല്‍പ്പക്കത്ത് ഉണ്ട് താനും.

ബംഗ്ലാദേശിനെ നാണം കെടുത്തിയാണ് സിംബാബ്‌വേ ടി-20 ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയത്. 2-1 എന്ന നിലയിലായിരുന്നു ടി-20യില്‍ ഷെവ്‌റോണ്‍സിന്റെ വിജയം.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും സിംബാബ്‌വേ പരമ്പര സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഏകദിനത്തിലും ബംഗ്ലാ കടുവകളുടെ പല്ലടിച്ചുകൊഴിച്ചായിരുന്നു ഷെവ്‌റോണ്‍സ് കരുത്ത് കാട്ടിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സിംബാബ്‌വേ ഏതെങ്കിലും മുന്‍ നിര ടീമിനെതിരെ നേടുന്ന ആദ്യ പരമ്പര വിജയമാണിത്. അഞ്ച് വിക്കറ്റിനായിരുന്നു സിംബാബ്‌വേയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 290 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വേ 2.3 ഓവറും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഒരിക്കല്‍ക്കൂടി നൂറടിച്ച് സിക്കന്ദര്‍ റാസ ബംഗ്ലാദേശിനെ നാണം കെടുത്തി. ആദ്യ ഏകദിനത്തില്‍ സിക്കന്ദര്‍ റാസയുടെ സെഞ്ച്വറിയായിരുന്നു ബംഗ്ലാ കടുവകളെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.

ഒരുവേള 49/4എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട സിംബാബ്‌വേയെ സിക്കന്ദര്‍ റാസയും ക്യാപ്റ്റന്‍ റെഗിസ് ചക്കാബ്‌വയും ചേര്‍ന്ന് വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ഇരുവരും സെഞ്ച്വറി തികച്ചപ്പോള്‍ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു.

127 പന്തില്‍ എട്ട് ഫോറും നാല് സിക്സറുമടക്കമാണ് സിക്കന്ദര്‍ റാസ 117 റണ്‍സുമായി പുറത്താകാതെ നിന്നത്. ചക്കാബ്‌വ 75 പന്തില്‍ 10 ഫോറും രണ്ട് സിക്സും സഹിതം അതിവേഗം 102 റണ്‍സും സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി മഹ്‌മദുളളയും തമീം ഇഖ്ബാലും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 84 പന്തില്‍ മൂന്ന് വീതം ഫോറും സിക്സറും സഹിതം പുറത്താകാതെ 80 റണ്‍സാണ് മഹ്‌മദുള്ള സ്വന്തമാക്കിയത്. തമീം 45 പന്തില്‍ 10 ഫോറും ഒരു സിക്സറുമടക്കം 50 റണ്‍സ് സ്വന്തമാക്കി.

ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തിയിട്ടും തോല്‍വി ബംഗ്ലാദേശിനെ കൈവിടാതെ ഒപ്പം നിന്നു.

ഒരു മത്സരം കൂടി ഏകദിന പരമ്പരയില്‍ അവശേഷിക്കുന്നുണ്ട്. മുഖം രക്ഷിക്കാനെങ്കിലും അവസാന മത്സരം ജയിക്കാനാവും ബംഗ്ലാദേശ് ശ്രമിക്കുന്നത്. നേരത്തെ ടി-20 പരമ്പര 2-1ന് സിംബാബ്‌വേ പിടിച്ചടക്കിയിരുന്നു.

Content Highlight: Zimbabwe beats Bangladesh before series against India

We use cookies to give you the best possible experience. Learn more