ട്വന്റി- 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്‌വെ. അത്യന്തം ആവേശകരമായി മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു സിംബാബ്‌വെയുടെ വിജയം. മികച്ച തുടക്കം ലഭിച്ച ശേഷം തകര്‍ന്ന സിംബാബ്‌വെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു.
എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന പാകിസ്ഥാന് ഇന്നിങ്‌സ് ഒമ്പത് റണ്‍സില്‍ അവസാനിച്ചു.
47 റണ്‍സ് നേടിയ ഷാന്‍ മസൂദിനും 22 റണ്‍സെടുത്ത മുഹമ്മദ് നവാസിനും മാത്രമാണ് പാക് ബാറ്റിങ് നിരയില്‍ കുറച്ചെങ്കിലും തിളങ്ങാനായത്.
നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിംബാബ്‌വെയുടെ സിക്കന്തര്‍ റാസയുടെ പ്രകടനമാണ് പാകിസ്ഥാന് തലവേദനയായത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വെക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. വെസ്‌ലി മധെവെരെയും ക്യാപ്റ്റനും ക്രെയ്ഗ് ഇര്‍വിനും ചേര്‍ന്ന് 29 പന്തില്‍ നിന്ന് 42 റണ്‍സടിച്ച ശേഷമാണ് പുറത്തായത്. മധെവെരെ 17 റണ്‍സ് നേടി.
രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി സിംബാബ്‌വെ ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തേക്കെത്തി. എന്നാല്‍ തോല്‍വിയോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ അനിശ്ചിതത്വത്തിലാണ്.
Content Highlight: Zimbabwe beat Pakistan in Super 12 clash in T20 World Cup