സിംബാബ്വെ-അയര്‍ലണ്ട് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി-20 മത്സരത്തില്‍ സിംബാബ്വെക്ക് ആവേശകരമായ വിജയം. അയര്‍ലണ്ടിനെതിരെ ഒരു വിക്കറ്റിനായിരുന്നു സിംബാവെയുടെ വിജയം. അവസാന പന്ത് വരെ ആവേശം നിലനിന്ന മത്സരത്തില്‍ സിംബാബ്വെ മിന്നും ജയം പിടിച്ചെടുക്കുകയായിരുന്നു.
ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്വെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് ആണ് നേടിയത്.
സിംബാബ്വെ ബൗളിങ് നിരയില്‍ സിക്കന്ദര്‍ റാസ മൂന്ന് വിക്കറ്റും റിച്ചാര്‍ഡ് നഗാരവ, ബ്ലെസ്സിങ് മുസാറബാനി രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ അയര്‍ലണ്ട് ബാറ്റിങ് 147 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.
അയര്‍ലണ്ട് ബാറ്റിങ് നിരയില്‍ ആന്‍ഡ്രൂ ബാല്‍ബിര്‍നീ 32 റണ്‍സും ഗാരെത് ഡെലനി 26 റണ്‍സും ഹാരി ടെക്ടര്‍ 24 റണ്‍സും നേടി ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാവേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. സിംബാവെ ബാറ്റിങ് നിരയില്‍ നായകന്‍ സിക്കന്ദര്‍ റാസ 42 പന്തില്‍ 65 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ച് ഫോറുകളുടെയും രണ്ട് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു റാസയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
അയര്‍ലണ്ട് ബൗളിങ് നിരയില്‍ ജോഷ്വാ ലിറ്റില്‍, ക്രൈഗ് യങ്, മാര്‍ക്ക് അഡൈര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി എതിരാളികളെ സമ്മര്‍ദത്തിലാക്കിയെങ്കിലും അവസാന ഓവറുകളില്‍ സിംബാബ്വെ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ മൂന്ന് ടി- ട്വന്റി പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് സിംബാബ്വെ. ഡിസംബര്‍ ഒമ്പതിനാണ് രണ്ടാം ടി-20 മത്സരം നടക്കുക. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.