അനുപമം, ആവേശോജ്വലം; ചരിത്രത്തിലാദ്യമായി ഓസീസിനെ തോല്‍പിച്ച സിംബാബ്‌വേയുടെ മാച്ച് വിന്നിങ് മൊമന്റ്; വീഡിയോ
Sports News
അനുപമം, ആവേശോജ്വലം; ചരിത്രത്തിലാദ്യമായി ഓസീസിനെ തോല്‍പിച്ച സിംബാബ്‌വേയുടെ മാച്ച് വിന്നിങ് മൊമന്റ്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd September 2022, 6:06 pm

ഓസ്‌ട്രേലിയ – സിംബാബ്‌വേ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കങ്കാരുക്കളെ സിംബാബ്‌വേ തോല്‍പിച്ചിരിക്കുകയാണ്. ഏറെ പ്രത്യേകതകളാണ് ഷെവ്‌റോണ്‍സിന്റെ ഈ വിജയത്തിനുള്ളത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സിംബാബ്‌വേ ഓസീസിനെ ഓസ്‌ട്രേലിയയില്‍ വെച്ച്‌ തോല്‍പിച്ചത് എന്നതും, ഓസ്‌ട്രേലിയയുടെ മോശം പ്രകടനങ്ങളില്‍ ഒന്ന് എന്ന നിലയിലും ഈ മത്സരം ഏറെ ശ്രദ്ധേയമാണ്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത സിംബാബ്‌വേ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഷെവ്‌റോണ്‍സ് ബൗളര്‍മാര്‍ പുറത്തെടുത്തത്.

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെയായിരുന്നു ഓസ്‌ട്രേലിയക്ക് ആദ്യം നഷ്ടമായത്. ഓസീസ് സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കവെയായിരുന്നു ഫിഞ്ചിനെ കങ്കാരുക്കള്‍ക്ക് നഷ്ടമായത്. റിച്ചാര്‍ഡ് എന്‍ഗരാവയായിരുന്നു വിക്കറ്റ് നേടിയത്.

ഒരു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അടുത്ത വിക്കറ്റും ഓസീസിന് നഷ്ടമായിരുന്നു. സ്റ്റീവ് സ്മിത്താണ് പുറത്തായത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടേയിരുന്നു.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുതലക്കല്‍ നിന്ന് ഡേവിഡ് വാര്‍ണര്‍ ആഞ്ഞടിക്കുകയായിരുന്നു. 96 പന്തില്‍ നിന്നും 14 ഫോറും രണ്ട് സിക്‌സറുമുള്‍പ്പെടെ 94 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ റയാന്‍ ബേളിന്റെ പന്തില്‍ ബ്രാഡ് ഇവാന്‍സിന് ക്യാച്ച് നല്‍കി വാര്‍ണര്‍ മടങ്ങി.

വാര്‍ണറിന് പുറമെ ഗ്ലെന്‍ മാക്‌സ്‌വെല്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 19 റണ്‍സായിരുന്നു മാക്‌സി സ്വന്തമാക്കിയത്. ഒടുവില്‍ 31 ഓവറില്‍ 141 റണ്‍സിന് ഓള്‍ ഔട്ടായാണ് ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

സിംബാബ്‌വേക്ക് വേണ്ടി റയാന്‍ ബേള്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ബ്രാഡ് ഇവന്‍സ് രണ്ടും റിച്ചാര്‍ഡ് എന്‍ഗരാവ, വിക്ടര്‍ ന്യൂച്ചി, സീന്‍ വില്യംസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേക്ക് തകുന്‍സാഷെ കെയ്റ്റാനോയും താഡിവാന്‍ഷെ മരുമാനിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. കെയ്റ്റാനോ 19ഉം മരുമാനി 35ഉം റണ്‍സ് നേടി.

പിന്നാലെയെത്തിയ വെസ്ലി മധവേരയും സീന്‍ വില്യംസും പെട്ടെന്ന് തന്നെ പുറത്തായപ്പോള്‍ സൂപ്പര്‍ താരം സിക്കന്ദര്‍ റാസ എട്ട് റണ്‍സ് മാത്രം നേടി ഔട്ടായി.

തോല്‍ക്കില്ലെന്ന് ഉറപ്പിച്ചിടത്ത് നിന്നാണ് ഓസീസിനെ സിംബാബ്‌വേ നായകന്‍ റെഗിസ് ചക്കാബ്‌വ തോല്‍വിയിലേക്ക് വലിച്ചിട്ടത്. 37 റണ്‍സുമായി ചക്കാബ്‌വ പുറത്താവാതെ നിന്നപ്പോള്‍ ടോണി മുന്യോങ്ഗയും റയാന്‍ ബേളും മികച്ച പിന്തുണ നല്‍കി.

ഒടുവില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബ്രാഡ് ഇവാന്‍സ് കവറിലേക്ക് പായിച്ച് സിംഗിള്‍ നേടിയപ്പോള്‍ ചരിത്രമായിരുന്നു പിറന്നത്.

പത്ത് റണ്‍സ് മാത്രം വിട്ടുനല്‍കി ഓസീസിന്റെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ റയാന്‍ ബേളാണ് കളിയിലെ താരം. ഓസീസ് താരം ആദം സാംപയെ പരമ്പരയിലെ താരമായി തെരഞ്ഞെടുത്തു.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് തോറ്റെങ്കിലും ചരിത്രത്തിലിടം നേടി, തലയുര്‍ത്തി തന്നെയാണ് സിംബാബ്‌വേ മടങ്ങുന്നത്.

 

Content Highlight:  Zimbabwe Beat Australia In 3rd ODI To Make History