ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ടീം പ്രഖ്യാപിച്ച് സിംബാബ്‌വേ. പ്രധാന താരങ്ങളെയെല്ലാം തന്നെ മാറ്റി നിര്‍ത്തി രണ്ടാം ടീമിനെയാണ് സിംബാബ്‌വേ പരമ്പരയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
സൂപ്പര്‍ താരം റെഗിസ് ചക്കാബ്‌വയുടെ നേതൃത്വത്തിലുള്ള 17 അംഗ സ്‌ക്വാഡിനെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
പരിക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കുന്ന ക്രെയ്ഗ് ഇര്‍വിന് പകരക്കാരനായാണ് ചക്കാബ്‌വ ക്യാപ്റ്റനായെത്തിയിരിക്കുന്നത്. ഇര്‍വിന് പുറമെ സൂപ്പര്‍ താരങ്ങളായ വെല്ലിങ്ടണ്‍ മസകദാസ, ബ്ലെസിങ് മുസറാബാനി, ടെന്‍ഡൈ ചഡാര എന്നിവര്‍ക്കും സിംബാബ്‌വേ വിശ്രമം അനുവദിച്ചിട്ടുണ്ട്.
ബംഗ്ലാദേശിനെ തോല്‍പിച്ച് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാവും ചക്കാബ്‌വയും സംഘവും ഹരാരെയില്‍ ഇറങ്ങുക. ബംഗ്ലാ കടുവകളെ ടി-20 പരമ്പരയിലും ഏകദിന ഫോര്‍മാറ്റിലും മുട്ടുകുത്തിച്ചാണ് ഷെവ്‌റോണ്‍സ് കരുത്തുകാട്ടിയത്.
ആദ്യം നടന്ന ടി-20 പരമ്പരയില്‍ 2-1നായിരുന്നു സിംബാബ്‌വേയുടെ വിജയം. ടി-20 ഫോര്‍മാറ്റില്‍ പരമ്പര അടിയറവ് വെച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഏകദിന പരമ്പരയ്ക്കിറങ്ങിയ കടുവകളെ സിംബാബ്‌വേ അവിടെയും മുട്ടുകുത്തിച്ചു.
2-1ന് തന്നെയായിരുന്നു ഏകദിന പരമ്പരയും ഷെവ്‌റോണ്‍സ് പിടിച്ചടക്കിയത്
സൂപ്പര്‍ താരം സിക്കന്ദര്‍ റാസയാണ് പരമ്പരയിലെ താരം. വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യ ഭയക്കേണ്ടതും ഇതേ പാക് വംശജനെ തന്നെയായിരിക്കും.
അതേസമയം, നേരത്തെ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ നിന്നും മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ സിംബാബ്‌വേ പര്യടനത്തിനൊരുങ്ങുന്നത്. പരിക്കില്‍ നിന്നും മുക്തനായ കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലാവും ഇന്ത്യ കളിക്കാനിറങ്ങുക.
ബി.സി.സി.ഐ നേരത്തെ പ്രഖ്യാപിച്ച സ്‌ക്വാഡിലെ നായകനായ ശിഖര്‍ ധവാന്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാവും.
മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്. ഓഗസ്റ്റ് 18, 20, 22 തിയതികളിലാണ് മത്സരം നടക്കുക. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.
ഇന്ത്യ സ്‌ക്വാഡ്:
കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍.
സിംബാബ്‌വേ സ്‌ക്വാഡ്
റയാന്‍ ബേള്‍, റെഗിസ് ചക്കാബ്‌വ, തനക ചിവാങ്ക, ബ്രാഡ്‌ലി ഇവാന്‍സ്, ലൂക് ജോങ്വേ, ഇന്നസെന്റ് കയിയ, തകുന്‍സാഷെ കെയ്റ്റാനോ, ക്ലൈവ് മദാന്തെ, വെസ്ലി മദേവേരെ, ചാഡിവാന്‍ഷെ മരുമാനി, ജോണ്‍ മസാര, ചോണി മുന്യോങ്ക, റിച്ചാഡ് എന്‍ഗരാവ, വിക്ടര്‍ ന്യൂച്ചി, സിക്കന്ദര്‍ റാസ, മില്‍ട്ടണ്‍ ഷുംബ, ഡൊണാള്‍ഡ് തിരിപാനോ
Content Highlight: Zimbabwe announces squad for India vs Zimbabwe ODI series